ഈജിപ്റ്റില്‍ 239 ചര്‍ച്ചുകള്‍ക്കു കൂടി സര്‍ക്കാര്‍ അംഗീകാരം
കെയ്റോ: ഈജിപ്റ്റില്‍ 239 ചര്‍ച്ചുകള്‍ക്കു കൂടി സര്‍ക്കാര്‍ അംഗീകാരം നല്‍കി.
ഏപ്രില്‍ 20-ന് പ്രധാനമന്ത്രി മൊസ്തഫ മഡ്ബൌലിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ കാബിനറ്റ്-അഫിലിയേറ്റഡ് കമ്മിറ്റി മീറ്റിംഗിലാണ് ചര്‍ച്ചുകള്‍ക്ക് ലൈസന്‍സ് ലഭിച്ചത്. 2016-ലെ ലോ ഫോര്‍ ബില്‍ഡിംഗ് ആന്‍ഡ് റിസ്റ്റോറിംഗ് ചര്‍ച്ചസ് ആക്ട് പ്രകാരം അഫിലിയേഷന്‍ കമ്മിറ്റിയുടെ 23-ാമത് ബാച്ചിലാണ് 239 ചര്‍ച്ചുകള്‍ക്ക് അംഗീകാരം നല്‍കിയത്.
2017 മുതല്‍ കമ്മിറ്റി നിരവധി ചര്‍ച്ചുകള്‍ക്കും ക്രൈസ്തവ അനുബന്ധ സ്ഥാപനങ്ങള്‍ക്കും പല സമയങ്ങളിലായി അംഗീകാരം നല്‍കിയിരുന്നു. ഒറ്റയടിക്ക് ഏറ്റവും കൂടുതല്‍ ചര്‍ച്ചുകള്‍ക്ക് അംഗീകാരം നല്‍കിയതും ഇത് ആദ്യമാണ്.
2018 ഫെബ്രുവരിയിലായിരുന്നു ആദ്യ ബാച്ച് അംഗീകാരം നല്‍കിയത്. അന്ന് 53 ചര്‍ച്ചുകള്‍ക്ക് മാത്രമായിരുന്നു ലൈസന്‍സ് അനുവദിച്ചത്. ആകെ 3,730 അപേക്ഷകളാണ് കമ്മറ്റിക്കു മുമ്പാകെ ലഭിച്ചത്. ഇതുവരെയായി 2,401 ചര്‍ച്ചുകള്‍ക്ക് ലൈസന്‍സ് ലഭിക്കുകയുണ്ടായി.
ആദ്യകാലങ്ങളില്‍ കമ്മറ്റി ചര്‍ച്ചുകള്‍ക്ക് അംഗീകാരം നല്‍കുന്നതിന് വിമുഖതയും കര്‍ശന നിലപാടും സ്വീകരിക്കുകയായിരുന്നു. എന്നാല്‍ ക്രമേണ സര്‍ക്കാരിന്റെ കടുംപിടിത്തം അയഞ്ഞു വന്നു. രാജ്യത്ത് അംഗീകാരമില്ലാത്ത ഒട്ടനവധി ക്രൈസ്തവ ആരാധനാലയങ്ങളും അനുബന്ധ സ്ഥാപനങ്ങളുമുണ്ടെന്ന് കണ്ടെത്തി അവ അടച്ചു പൂട്ടുകയായിരുന്നു.
ഇത് രാജ്യത്തെ വെറും 10 ശതമാനം മാത്രമായ ക്രൈസ്തവര്‍ക്ക് വലിയ ആശങ്കയും വേദനയും സൃഷ്ടിച്ചിരുന്നു. ഈജിപ്റ്റ് സര്‍ക്കാരിന്റെ മനം മാറ്റത്തിനായി രാജ്യത്തും പുറത്തും നിരവധി വിശ്വാസികളാണ് പ്രാര്‍ത്ഥിച്ചത്. ദൈവത്തിനു നന്ദിയും ഭരണകൂടത്തിനു പിന്തുണയും നല്‍കി ക്രൈസ്തവര്‍ സന്തോഷത്തിലാണ്.