ബാബിലോണ്‍ നഗരവും ജെയ്പൂരും യുനെസ്ക്കോയുടെ പൈതൃക പട്ടികയില്‍

ബാബിലോണ്‍ നഗരവും ജെയ്പൂരും യുനെസ്ക്കോയുടെ പൈതൃക പട്ടികയില്‍

Breaking News Middle East

ബാബിലോണ്‍ നഗരവും ജെയ്പൂരും യുനെസ്ക്കോയുടെ പൈതൃക പട്ടികയില്‍
ബാഗ്ദാദ്: പുരാതന മെസ്സപ്പൊട്ടോമിയന്‍ സംസ്ക്കാരത്തിന്റെ ഭാഗമായിരുന്ന ബാബിലോണ്‍ നഗരത്തിനും ഇന്ത്യയുടെ ജയ്പൂരിനും യുനെസ്ക്കോയുടെ ലോക പൈതൃക പദവി.

4000 വര്‍ഷം പഴക്കമുള്ള നഗരം ഇറാക്കിലെ ബാബേല്‍ പ്രവിശ്യയിലെ ഹില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. ബൈബിളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഏറ്റവും പ്രാധാന്യമുള്ള ചുരുക്കം നഗരങ്ങളിലൊന്നായ ബാബിലോണിനു ലോക പൈതൃക പദവി ലഭിക്കാനായി 1983 മുതല്‍ ഇറാക്ക് ശ്രമിച്ചുവരികയായിരുന്നു.

പൌരാണിക കാലത്തെ ഏഴു മഹാത്ഭുതങ്ങളിലൊന്നായി അറിയപ്പെട്ടിരുന്ന തൂക്കു പൂന്തോട്ടം ബാബിലോണിലായിരുന്നു. അതുപോലെ ഹമുറാബി, നെബുക്കദ്നേസ്സര്‍ തുടങ്ങി ചരിത്രപ്രാധാന്യമുള്ള ശക്തന്മാരായ രാജാക്കന്മാര്‍ ബാബിലോണ്‍ ഭരിച്ചിരുന്നു. ബാബിലോണിന്റെ ചരിത്ര ശേഷിപ്പുകള്‍ നാശത്തിന്റെ വക്കിലാണെന്നും മികച്ച രീതിയില്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്നും യുനെസ്ക്കോ പറഞ്ഞു.

സദ്ദാം ഹുസൈനുവേണ്ടി കൊട്ടാരം നിര്‍മ്മിച്ച വേളയിലും പിന്നീട് അധിനിവേശ യു.എസ്. സേന താവളമാക്കി മാറ്റിയപ്പോഴും ബാബിലേണ്‍ എന്ന ഇതിഹാസ സ്ഥലത്തിനു നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. ഇറാക്കിന്റെ തലസ്ഥാന നഗരിയായ ബാഗ്ദാദിന് തെക്കുഭാഗത്തായിട്ടാണ് ബാബിലോണ്‍ നഗരം സ്ഥിതി ചെയ്യുന്നത്.

രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂരിനും ലോക പൈതൃക പദവി ലഭിച്ചതായി പ്രഖ്യാപിക്കപ്പെട്ടത് യുനെസ്ക്കോയുടെ വേള്‍ഡ് ഹെറിറ്റേജ് കമ്മറ്റിയുടെ 43-ാം യോഗത്തിലാണ്. നിലവില്‍ ഇന്ത്യയുടെ പിങ്ക് സിറ്റിയെന്നാണ് ജയ്പൂര്‍ അറിയപ്പെടുന്നത്.

1727-ല്‍ മഹാരാജാ സാവാ ഇ ജയ് സിങ് 2 -ആണ് ഈ നഗരം സ്ഥാപിച്ചത്. ലോകത്തിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രവുമാണ് ജയ്പൂര്‍ ‍. ജന്റര്‍ മന്ദരി ജയ്പൂര്‍ കോട്ട എന്നിവ ജയ്പൂര്‍ എന്നിവ പ്രധാനമായും ജയ്പൂര്‍ സംസ്ക്കാരത്തിന്റെയും ധീരതയുടെയും നഗരമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി ട്വിറ്റ് ചെയ്തു.

ഹൈന്ദവ-മുഗള്‍ പാരമ്പര്യങ്ങളുടെയും പാശ്ചാത്യ രീതികളുടെയും സമന്വയം ജയ്പൂരില്‍ കാണാമെന്ന് യുനെസ്ക്കോയുടെ ഡല്‍ഹിയിലെ ഓഫീസ് അഭിപ്രായപ്പെട്ടു.