കോംഗോ: അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ജനം യേശുവിനെ കാണുന്നു

Africa Breaking News

കോംഗോ: അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ജനം യേശുവിനെ കാണുന്നു
ബുനിയ: ഡെമോക്രാറ്റിക് റിപ്പബ്ളിക്ക് ഓഫ് കോംഗോ എന്ന ആഫ്രിക്കന്‍ രാഷ്ട്രത്തിലെ കലാപ ഭൂമിയില്‍ നിന്നും അഭയാര്‍ത്ഥി ക്യാമ്പുകളിലെത്തിയ ജനം യേശുവിനെ കണ്ടു മുട്ടുന്നു.

കിഴക്കന്‍ കോംഗോയിലാണ് കലാപത്തിന്റെ പ്രഭാവ കേന്ദ്രം. ആദിവാസി വിഭാഗങ്ങള്‍ തമ്മിലുള്ള ആക്രമണങ്ങളിലും കലാപത്തിലും നൂറുകണക്കിനാളുകള്‍ കൊല്ലപ്പെടുകയും ആയിരങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നിരവധി സ്ത്രീകളും പണ്‍കുട്ടികളും മാനഭംഗത്തിനിരയായി. അനേകര്‍ക്കു വീടുകള്‍ നഷ്ടപ്പെട്ടു.

വടിവാളുകളും വെട്ടുകത്തികളുമായി പരസ്പരം പോരടിച്ചു രക്തം ചിന്തുന്നവരുടെയിടയില്‍നിന്നും രക്ഷപെടാനായി ബുനിയ എന്ന പ്രദേശത്ത് ചെറിയ കൂടാരങ്ങള്‍ അടിച്ച് താമസിക്കുന്ന ആയിരക്കണക്കിനു കുടുംബങ്ങളുണ്ട്. പരിമിതമായ സൌകര്യങ്ങളോടെ ജീവിക്കുന്ന ഇവരുടെ ഇടയില്‍ പ്രമുഖ ക്രിസ്ത്യന്‍ മിഷണറി സംഘടനയായ മിഷന്‍ ഏവിയേഷന്‍ ഫെലോഷിപ്പ് (എംഎഎഫ്) കടന്നു വന്ന് ജനത്തെ സഹായിച്ചുകൊണ്ടിരിക്കുന്നു.

അവര്‍ക്ക് ആഹാരവും വസ്ത്രവും മരുന്നും നല്‍കുന്നതിനോടൊപ്പം യേശുക്രിസ്തുവിന്റെ സുവിശേഷവും പങ്കുവെയ്ക്കുന്നതിനാല്‍ നൂറുകണക്കിനു ആദിവാസി ജീവിതങ്ങളാണ് കര്‍ത്താവിനെ കണ്ടു മുട്ടുന്നത്.

എംഎഎഫിന്റെ പാസ്റ്റര്‍മാരും സഹപ്രവര്‍ത്തകരും ജനത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയും ബൈബിള്‍ പഠന ക്യാമ്പ് നടത്തുകയും ചെയ്യുന്നതിന്റെ ഫലമായി നിരവധി ആളുകള്‍ രക്ഷിക്കപ്പെടുവാനിടയായി. അവര്‍ക്ക് ബൈബിളുകളും വിതരണം ചെയ്യുന്നു.

കൂടാതെ യേശുവിന്റെ ജീവചരിത്രമുള്ള ഫിലിം പ്രദര്‍ശനവും നടത്തി. രക്ഷിക്കപ്പെട്ടവരില്‍ 37 സ്ത്രീകളും പെണ്‍കുട്ടികളും തങ്ങളുടെ നാട്ടില്‍ മാനഭംഗത്തിനിരയായവരാണ്. സുവിശേഷ പ്രവര്‍ത്തനത്തിനു പാസ്റ്റര്‍ ജോണ്‍ കാഡ് നേതൃത്വം നല്‍കുന്നു.

പട്ടിണിയും ദുഃഖവും നിറഞ്ഞിരുന്ന ക്യാമ്പുകളില്‍ ഇപ്പോള്‍ സന്തോഷവും പ്രത്യാശയും നിറഞ്ഞ അനുഭവങ്ങളാണ് കാണുവാന്‍ കഴിയുന്നത്. ഇവിടെ സ്തുതിയും സ്തോത്രവും ഉയരുന്നു.