വിശ്വാസത്തിന്റെ പേരില്‍ പാക്കിസ്ഥാനില്‍ ക്രൈസ്തവ കുടുംബത്തെ ക്രൂരമായി തല്ലിച്ചതച്ചു

Breaking News Global

വിശ്വാസത്തിന്റെ പേരില്‍ പാക്കിസ്ഥാനില്‍ ക്രൈസ്തവ കുടുംബത്തെ ക്രൂരമായി തല്ലിച്ചതച്ചു
കറാച്ചി: പാക്കിസ്ഥാനില്‍ ക്രൈസ്തവ വിശ്വാസം മുറുകെ പിടിച്ച വിശ്വാസി കുടുംബത്തെ നാട്ടില്‍നിന്നും ഓടിച്ചു വിടാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടപ്പോള്‍ കുടുംബാംഗങ്ങളെ ക്രൂരമായി തല്ലിച്ചതച്ചു.

ആഗസ്റ്റ് 18-ന് കറാച്ചിക്കു സമീപമുള്ള മെഹമ്മുദാബാദിലാണ് സംഭവം. രാത്രി 11 മണിയോടുകൂടി അയല്‍വാസികളായ ചില മുസ്ളീങ്ങള്‍ നഴ്സായി ജോലി ചെയ്യുന്ന ജോണ്‍ എല്‍വിന്റെ വീട്ടിലെത്തി ഉടന്‍ നാടുവിടണമെന്നു ആവശ്യപ്പെട്ടു.

ഇതിനെ ചോദ്യം ചെയ്തപ്പോള്‍ അക്രമികള്‍ വടികളും മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. അടിയും വെട്ടുമേറ്റ ജോണിനും ഭാര്യയ്ക്കും 3 മക്കള്‍ക്കും മാരകമായി പരിക്കേറ്റു.

നേരത്തെ ഇവരുടെ വീടിനു അക്രമികള്‍ കല്ലെറിയുകയുണ്ടായി. വാതിലുകളും ജനാലകളും അടിച്ചു തകര്‍ത്തിരുന്നു. ഉറച്ച ക്രൈസ്തവ വിശ്വാസത്തില്‍ കഴിഞ്ഞിരുന്ന ജോണിനെയും കുടുംബത്തെയും നാട്ടില്‍നിന്നും ഓടിക്കാന്‍ മാസങ്ങള്‍ക്കു മുമ്പേ ഭീഷണിയുണ്ടായിരുന്നു.

ജോണിനു തലയ്ക്കും ദേഹത്തും പരിക്കേറ്റു. ഒരു മകനായ വിക്രമിന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. മറ്റൊരു മകനായ സുനിലിനും മാരകമായി പരിക്കേറ്റു. ദേഹമാസകലം പരിക്കേറ്റ ഇവരെ പോലീസെത്തി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.