14,500 വര്‍ഷം പഴക്കമുള്ള അപ്പം യോര്‍ദ്ദാനില്‍ കണ്ടെടുത്തു
ബെയ്റൂട്ട്: അപ്പം ഉണ്ടാക്കി തിന്നുവാനുള്ള മനുഷ്യന്റെ കൊതിക്ക് സഹസ്രങ്ങളോളം പഴക്കമുണ്ടെന്നുള്ള തെളിവുകളുമായി പുരാവസ്തു ഗവേഷകര്‍ .
വടക്കന്‍ യോര്‍ദ്ദാനിലെ ബ്ളാക്ക് മരുഭൂമിയിലെ സുബയ്ഖയിലെ ഗവേഷണ മേഖലയില്‍നിന്നു കണ്ടെടുത്ത കരിഞ്ഞ അപ്പക്കഷണത്തിനു 14,500 വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. കല്ലുകൊണ്ടുള്ള അടുപ്പില്‍നിന്നാണ് 14,500 വര്‍ഷം പഴക്കമുള്ള പരന്ന അപ്പക്കഷണം ലഭിച്ചത്.
രണ്ടു മില്ലീമീറ്റര്‍ മാത്രം വലിപ്പമേ ഇതിനുള്ളു. ബാര്‍ലി, ഓട്ട്സ്, കാട്ടു ഗോതമ്പ് എന്നീ ധാന്യപൊടികളിലേതോ ആണ് ഇതിനായി ഉപയേഗിച്ചിരിക്കുന്നത്. ബ്ളാക്ക് മരുഭൂമിയില്‍ ജീവിച്ചിരുന്ന നാറ്റുഫിയന്‍സ് സാംസ്ക്കാരിക ജനതയാണ് അപ്പം പാചകം ചെയ്തതെന്നാണ് നിഗമനം.
കൃഷി ആരംഭിച്ച ശേഷമാണ് അപ്പം പാചകം ചെയ്യാനുള്ള കഴിവ് മനുഷ്യന്‍ ആര്‍ജ്ജിച്ചതെന്ന മുന്‍ നിഗമനങ്ങള്‍ തെറ്റാണെന്ന് കരുതേണ്ടി വരും. 9,000 വര്‍ഷം മുമ്പാണ് കൃഷി ആരംഭിച്ചതെന്നാണ് കരുതപ്പെടുന്നത്. മനുഷ്യന്‍ വേട്ടയാടിയും, കായ്കനികള്‍ ശേഖരിച്ചും ജീവിച്ചിരുന്ന കാലത്തുതന്നെ ഭക്ഷണം പാചകം ചെയ്തു കഴിച്ചിരുന്നുവെന്ന നിഗമനത്തിലേക്കു നയിക്കുന്നതാണ് പുതിയ തെളിവ്.
കോപ്പണ്‍ഹാഗന്‍ സര്‍വ്വകലാശാല, കേംബ്രിഡ്ജ് സര്‍വ്വകലാശാല, ലണ്ടന്‍ യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിലെ ഗവേഷകരാണ് പര്യവേഷണത്തിനിടെ പുരാതന അപ്പം കണ്ടെത്തിയതെന്ന് ഡാനിഷ് സര്‍വ്വകലാശാല അധികൃതര്‍ അറിയിച്ചു.

