നൈജീരിയ: 6 മാസത്തിനിടയില്‍ കൊല്ലപ്പെട്ടത് 6,000 ക്രൈസ്തവര്‍

Africa Breaking News

നൈജീരിയ: 6 മാസത്തിനിടയില്‍ കൊല്ലപ്പെട്ടത് 6,000 ക്രൈസ്തവര്‍
പ്ളേട്ടോ: ക്രൈസ്തവര്‍ക്കെതിരെ കൂട്ടക്കുരുതി നടക്കുന്ന ആഫ്രിക്കന്‍ രാഷ്ട്രമായ നൈജീരിയായില്‍ 2018 ജനുവരി മാസം മുതല്‍ നടന്ന വിവിധ ആക്രമണങ്ങളില്‍ 6,000 ക്രൈസ്തവര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്.

കന്നുകാലികളെ മേയ്ക്കുന്ന ഫുലാനി മുസ്ളീങ്ങളാണ് അക്രമികള്‍ ‍. പ്ളേട്ടോ സംസ്ഥാനത്താണ് ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടക്കുന്നത്. കര്‍ഷകരായ ക്രൈസ്തവരുടെ കൃഷി സ്ഥലങ്ങളില്‍ കന്നുകാലികളെ മേയ്ക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങളാണ് ക്രൂരമായ കൂട്ടക്കുരുതികളിലേക്ക് എത്തുന്നത്.

രാത്രിയുടെ മറവില്‍ സംഘടിച്ചെത്തുന്ന ഫുലാനിക്കാര്‍ തോക്കുകളും, വാളുകളുമൊക്കെയുപയോഗിച്ച് ക്രൈസ്തവ ഗ്രാമങ്ങള്‍ ആക്രമിക്കുകയാണ് പതിവ്. കൊല്ലപ്പെടുന്നവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. വിശ്വാസികളുടെ വീടുകള്‍ ‍, ആരാധനാലയങ്ങള്‍ എന്നിവ തീവെച്ചു നശിപ്പിക്കുന്നതും നിത്യ സംഭവങ്ങളാണ്.
ഫുലാനി വിഭാഗക്കാരെ കൂടാതെ ഇസ്ളാമിക തീവ്രവാദി ഗ്രൂപ്പായ ബോക്കോഹറാമും ക്രൈസ്തവരെ കൊന്നൊടുക്കുന്നതില്‍ മുിമ്പന്തിയില്‍ നില്‍ക്കുന്ന ഭീകര സംഘടനകളാണ്.

ക്രൈസ്തവ വിരുദ്ധ കൂട്ടക്കൊലയ്ക്ക് അറുതിവരുത്തണമെന്ന് നൈജീരിയന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് പ്ളേട്ടോയിലെ ക്രിസ്ത്യന്‍ സഭകളുടെയും സംഘടനകളുടെയും നേതാക്കളും നൈജീരിയയിലെ സംയുക്ത ക്രിസ്ത്യന്‍ വേദിയായ ക്രിസ്ത്യന്‍ അസ്സോസിയേഷന്‍ ഓഫ് നൈജീരിയയും (കാന്‍ ‍) ജൂണ്‍ 28-ന് നടത്തിയ പത്ര സമ്മേളനത്തിലാണ് കൊല്ലപ്പെട്ട ക്രൈസ്തവരുടെ കണക്കുകള്‍ വ്യക്തമാക്കിയത്.

നൈജീരിയന്‍ സര്‍ക്കാരിനു അക്രമികളെ നിലയ്ക്കു നിര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ക്രൈസ്തവ നേതാക്കള്‍ ആവശ്യപ്പെട്ടു. പ്ളേട്ടോയെ കൂടാതെ ബെന്യു, തരാബ, അദാമാവ, കടുന, കവാര, ബോര്‍ണോ, സംഫാര തുടങ്ങിയ സംസ്ഥാനങ്ങളാണ് ക്രൈസ്തവര്‍ക്കെതിരെ ആക്രമണങ്ങള്‍ നടത്തുന്നതില്‍ മുമ്പന്തിയില്‍. കഴിഞ്ഞ മാസം രണ്ടു ദിവസത്തിനുള്ളില്‍ മാത്രം 210 ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്.