തമിഴ്നാട്ടില്‍ പാസ്റ്ററേയും മകനെയും തല്ലിച്ചതച്ചു, ചര്‍ച്ച് പണി തടസ്സപ്പെടുത്തി

Breaking News India

തമിഴ്നാട്ടില്‍ പാസ്റ്ററേയും മകനെയും തല്ലിച്ചതച്ചു, ചര്‍ച്ച് പണി തടസ്സപ്പെടുത്തി
കരൂര്‍ ‍: തമിഴ്നാട്ടില്‍ സഭാഹാള്‍ നിര്‍മ്മാണം തടസ്സപ്പെടുത്തി പാസ്റ്ററെയും മകനെയും ക്രൂരമായി മര്‍ദ്ദിച്ച് അവശരാക്കി.

കരൂര്‍ ജില്ലയിലെ തോഡില്‍പേട്ടയിലെ പാസ്റ്റര്‍ ജയശീലന്‍ നടരാജനെയും (50) മകന്‍ സാമുവേലിനെയുമാണ് ഹിന്ദു വര്‍ഗ്ഗീയ പാര്‍ട്ടി അനുഭാവി മര്‍ദ്ദിച്ചത്. പാസ്റ്റര്‍ ജയശീലന്‍ തോഡില്‍പേട്ടയില്‍ സ്വന്തമായി വസ്തുവാങ്ങി സഭാഹാള്‍ നിര്‍മ്മാണം ആരംഭിച്ചിരുന്നു.

6 വര്‍ഷംകൊണ്ട് ഏറെക്കുറെ പണികള്‍ പൂര്‍ത്തീകരിച്ചിരുന്നു. എന്നാല്‍ ഈ സ്ഥലത്തിനു സമീപമുള്ള ഒരു മദ്യശാലയുടെ ഉടമസ്ഥനും ആര്‍ ‍.എസ്സ് .എസ്സ്. അനുഭാവിയുമായ കുമാറും ചില നാട്ടുകാരും നിരന്തരം എതിര്‍പ്പുമായി രംഗത്തു വരികയും ചര്‍ച്ചിന്റെ സ്ഥലത്ത് പാഴ്വസ്തുക്കള്‍ ഇടുന്നതും പതിവായി.

ഇതിനെ ചോദ്യം ചെയ്തു വാക്കുതര്‍ക്കം ഉണ്ടായി. പിന്നീട് കുമാര്‍ 20-ഓളം വരുന്ന ഒരു സംഘത്തെ വിളിച്ചു വരുത്തി സഭാ വളപ്പില്‍ കയറി ആക്രമണം കാട്ടുകയായിരുന്നു. പാസ്റ്ററെയും മകനെയും ക്രൂരമായി മര്‍ദ്ദിക്കുകയും തടിക്കഷണങ്ങള്‍കൊണ്ട് അടിക്കുകയും ചെയ്തു.

രക്തം വാര്‍ന്നൊഴുകിയ ഇരുവരും പിന്നീട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. പാസ്റ്ററുടെ കൈക്ക് പൊട്ടലുണ്ട്. പോലീസില്‍ പരാതി നല്‍കി. പോലീസ് ആദ്യം കേസെടുക്കാന്‍ വിസമ്മതിച്ച് പ്രതികള്‍ക്ക് അനുകൂലമായ നിലപാട് എടുക്കാന്‍ ശ്രമിച്ചു.

എന്നാല്‍ പാസ്റ്ററും മകനും പരാതിയില്‍ ഉറച്ചു നിന്നതിനാല്‍ ഉന്നത പൊലീസ് എത്തി ഇടപെട്ടതിനാല്‍ പരാതി സ്വീകരിക്കുകയായിരുന്നു.