ഇടയശുശ്രൂഷയിൽ സഹോദരിമാർക്ക് പ്രചോദനമായി മലയാളി വനിതാ പാസ്റ്റർ ഏയ്ഞ്ചൽ ജമീമ പോൾ

ഇടയശുശ്രൂഷയിൽ സഹോദരിമാർക്ക് പ്രചോദനമായി മലയാളി വനിതാ പാസ്റ്റർ ഏയ്ഞ്ചൽ ജമീമ പോൾ

Breaking News Top News

ഇടയശുശ്രൂഷയിൽ സഹോദരിമാർക്ക് പ്രചോദനമായി മലയാളി വനിതാ പാസ്റ്റർ ഏയ്ഞ്ചൽ ജമീമ പോൾ
വാർത്ത: പാസ്റ്റർ ബൈജു എസ്. പനയ്ക്കോട്

ലീഡ്സ് റിവൈവൽ ചർച്ചിന്റെ അസോസിയേറ്റ് പാസ്റ്ററായി മലയാളി വനിത ചുമതലയേറ്റു

ലീഡ്സ്: അസംബ്ലീസ് ഓഫ് ഗോഡ് ഗ്രേറ്റ് ബ്രിട്ടന്റെ ഓർഡിനേഷൻ ലഭിച്ച സിസ്റ്റർ ഏയ്ഞ്ചൽ ജമീമ പോൾ ലീഡ്സ് റിവൈവൽ ചർച്ചിന്റെ അസോസിയേറ്റ് പാസ്റ്ററായി ചുമതലയേറ്റു.

അസംബ്ലീസ് ഓഫ് ഗോഡ് ഗ്രേറ്റ് ബ്രിട്ടന്റെ കീഴിലുള്ള സഭയാണ് യുകെയിലെ ഇംഗ്ലണ്ടിലെ യോർക്ക്ഷെയർ കൗണ്ടിയിലെ ലീഡ്സിൽ പ്രവർത്തിക്കുന്ന ലീഡ്സ് റിവൈവൽ ചർച്ച്.

അസംബ്ലീസ് ഓഫ് ഗോഡ് ഗ്രേറ്റ് ബ്രിട്ടന്റെ വാർഷിക സമ്മേളനത്തോടനുബന്ധിച്ച് പീറ്റർബറോയിലെ കിംഗ്സ്ഗേറ്റ് കോൺഫറൻസ് സെന്ററിൽ 2026 മെയ് 14 മുതൽ 16 വരെ നടന്ന സമ്മേളനത്തിലാണ് ഏയ്ഞ്ചൽ ജമീമ പോളിന് ഓർഡിനേഷൻ ലഭിച്ചത്.
2026 മെയ് 15ന് നടന്ന ഓർഡിനേഷൻ ശുശ്രൂഷയ്ക്ക് അസംബ്ലീസ് ഓഫ് ഗോഡ് ഗ്രേറ്റ് ബ്രിട്ടന്റെ ലീഡർഷിപ്പ് ഡെവലപ്‌മെന്റ് ഡയറക്ടർ റവ. സൈമൺ ജാർവിസ് നേതൃത്വം നൽകി. നാഷണൽ ലീഡർ റവ. ഡോ. ഗ്ലെൻ ബാരറ്റ് മുഖ്യശുശ്രൂഷ നിർവഹിച്ചു.

തിരുവനന്തപുരം വിളപ്പിൽശാല സ്വദേശിനിയായ ഏയ്ഞ്ചൽ ജമീമ പോൾ 2014 മുതൽ ശുശ്രൂഷാരംഗത്ത് സജീവമാണ്. 2020 മുതൽ ലീഡ്സിലെ അസംബ്ലീസ് ഓഫ് ഗോഡ് സഭയിൽ സഹശുശ്രൂഷകയായി സേവനം അനുഷ്ഠിച്ചുവരുന്നു.

യോർക്ക്ഷെയർ കൗണ്ടിയിലെ വിവിധ സഭകളുടെ സഹസ്ഥാപകയായും സിസ്റ്റർ ഏയ്ഞ്ചൽ പ്രവർത്തിച്ചിട്ടുണ്ട്.
ദൈവവിളിയോടുള്ള സമർപ്പണത്തിന്റെയും സ്വദേശത്തും വിദേശത്തുമായി ഒരു ദശാബ്ദം പിന്നിട്ട സമർപ്പിത ശുശ്രൂഷയുടെയും അംഗീകാരമായ ഈ ഓർഡിനേഷൻ ഇടയശുശ്രൂഷാജീവിതത്തിലെ നാഴികക്കല്ലാണ്.

ഓർഡിനേഷനും ശുശ്രൂഷയിൽ ഇപ്പോൾ ലഭിച്ച പുതിയ ദൗത്യവും യുകെയിലെ മലയാളി ക്രൈസ്തവ സമൂഹത്തിന് സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും നിമിഷങ്ങളാണ്.

ഇടയ ശുശ്രൂഷയിലേക്ക് പുതിയതായി സഹോദരിമാർക്ക് പ്രവേശിക്കാൻ ഏയ്ഞ്ചൽ ജമീമ പോളിന് ലഭിച്ച അംഗീകാരം പ്രചോദനമാകും.

പ്രേഷിത പ്രവർത്തനത്തിലെ ഈ പുതിയ ദൗത്യം സഭയുടെ വളർച്ചയ്ക്കും സമൂഹത്തിലെ ആത്മീയ ശുശ്രൂഷയ്ക്കും സ്ത്രീകൾക്ക് കൂടുതൽ അവസരങ്ങൾ തുറക്കുമെന്ന് വിശ്വാസ സമൂഹം പ്രതീക്ഷിക്കുന്നു.

തിരുവനന്തപുരം വെള്ളനാട് സ്വദേശിയും ലീഡ്സ് അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ സീനിയർ പാസ്റ്ററുമായ റവ. പോൾ യാനി ജയരാജാണ് ഭർത്താവ്. ഇയർ 6 വിദ്യാർത്ഥിനിയായ പൗലീന ഏയ്ഞ്ചൽ പോൾ മകളാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.