1980-കളിലെ എഐ ഫോട്ടോ ട്രെന്‍ഡ് ഒരു കണിയാണ്; മുന്നറിയിപ്പുമായി ഡെല്‍ഹി പോലീസ്
ന്യൂഡെല്‍ഹി: സമൂഹ മാദ്ധ്യമങ്ങളില്‍ 1980-കളിലെ ലുക്കിലുള്ള എഐ ഫോട്ടോകള്‍ നിര്‍മ്മിച്ച് പങ്കുവെയ്ക്കുന്നവര്‍ക്ക് ഗുരുതര മുന്നറിയിപ്പുമായി ഡെല്‍ഹി പോലീസ്.
കാണാന്‍ കൌതുകകരവും ഗൃഹാതുരത്വം ഉണര്‍ത്തുന്നതുമാണെങ്കിലും ഈ ട്രെന്‍ഡിനു പിന്നില്‍ വലിയ സൈബര്‍ സുരക്ഷാ ഭീഷണികളുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
സമൂഹ മാധ്യമമായ എക്സ് വഴി പങ്കുവെച്ച കുറിപ്പിലൂടെയാണ് പോലീസ് പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഇന്നത്തെ കാലത്തെ സാധാരണ ചിത്രങ്ങളെ 1980-കളിലെ വിന്റേജ് ശൈലിയിലേക്ക് മാറ്റിയെടുക്കാന്‍ സഹായിക്കുന്ന നിരവധി എഐ ടൂളുകളും ഫില്‍ട്ടറുകളുമാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.
പഴയകാല വസ്ത്രധാരണം, ഹെയര്‍സ്റ്റൈല്‍, വാഹനം എന്നിവയോടുകൂടിയുള്ള ചിത്രങ്ങള്‍ പലരും പങ്കുവെയ്ക്കാറുണ്ട്.
എന്നാല്‍ ഇത്തരം അജ്ഞാത എഐ ആപ്പുകളിലേക്കും ടൂളുകളിലേക്കും ആളുകള്‍ സ്വന്തം ഫോട്ടോകള്‍ അപ് ലോഡ് ചെയ്യുന്നത് വലിയ അപകടങ്ങള്‍ വരുത്തിവയ്ക്കുമെന്നാണ് പോലീസ് പറയുന്നത്.
നാം അപ് ലോഡ് ചെയ്യുന്ന ചിത്രങ്ങള്‍ പിന്നീട് ദുരുപയോഗം ചെയ്യപ്പെടാനും മറ്റുള്ളവരുടെ പേരില്‍ വ്യാജ പ്രൊഫൈലുകള്‍ നിര്‍മ്മിക്കാനും ഇതുവഴി ബ്ളാക് മെയിലിംഗും സൈബര്‍ തട്ടിപ്പുകളും നടത്താനും സാദ്ധ്യതയുണ്ടെന്നാണ് അവര്‍ വ്യക്തമാക്കുന്നത്.

