കത്തോലിക്കാ വിശുദ്ധന്റെ പ്രതിമയ്ക്കു മുന്നില്‍ പ്രാര്‍ത്ഥിച്ചില്ല; പാസ്റ്ററെ കയറുകൊണ്ട് ബന്ധിച്ചു, ഗ്രാമത്തില്‍നിന്നും പുറത്താക്കി
മെക്സിക്കോയില്‍ കത്തോലിക്കാ സഭയുടെ ആചാരത്തെ അനുസരിക്കാന്‍ വിസമ്മതിച്ച പ്രൊട്ടസ്റ്റന്റ് ചര്‍ച്ചിലെ പാസ്റ്ററെ തടങ്കലില്‍ വയ്ക്കുകയും പീഢിപ്പിക്കുകയും ഗ്രാമത്തില്‍നിന്നും പുറത്താക്കുകയും ചെയ്തു.
തെക്കന്‍ മെക്സിക്കോയിലെ ഒക്സാക്ക സംസ്ഥാനത്തെ ഒരു ഗ്രാമത്തിലാണ് റോമന്‍ കത്തോലിക്കാ പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ച് മെഴുകുതിരികള്‍ കത്തിച്ച് മുട്ടുകുത്തി സെന്റ് ജെയിംസിന്റെ പ്രതിമയ്ക്കു മുന്നില്‍ പ്രാര്‍ത്ഥിക്കണമെന്നുള്ള ആചാരം നിരസിച്ച പാസ്റ്റര്‍ മരിയാനോ വെലാസ്ക്വിസ് മാര്‍ട്ടിനെസിനെയാണ് ഗ്രാമത്തില്‍നിന്നും പുറത്താക്കിയത്.
ഗ്രാമത്തില്‍ താമസക്കാരനായ പാസ്റ്റര്‍ മാര്‍ട്ടിനെസ് ഒരു പ്രാദേശിക സഭയുടെ പാസ്റ്ററായിരുന്നു. ഇദ്ദേഹം കത്തോലിക്കാ ആചാരത്തോട് പൊരുത്തപ്പെടുന്നില്ലെന്ന് ഒരു പെരുന്നാള്‍ ഭാരവാഹി ഗ്രാമ നേതാക്കളോട് പരാതിപ്പെട്ടു.
ഇതേത്തുടര്‍ന്ന് പാസ്റ്ററെ അധികാരികള്‍ അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് അദ്ദേഹത്തെ ഒരു കയറുകൊണ്ട് ബന്ധിച്ച് 180 പേരടങ്ങുന്ന ഒരു സമ്മേളനത്തിനു മുന്നില്‍ കൊണ്ടുപോയി.
അവിടെവച്ച് ഗ്രാമ അധികാരികള്‍ പാസ്റ്ററെ ഗ്രാമത്തില്‍നിന്നും പുറത്താക്കുവാന്‍ ഉത്തരവിട്ടു. തന്നെക്കൊണ്ടു ഒരു രേഖയില്‍ ഒപ്പിടുവിക്കാനും നിര്‍ബന്ധിച്ചു.
അതിന്റെ ഉള്ളടക്കം വ്യക്തമാക്കിയിട്ടില്ലാത്തതിനാല്‍ പാസ്റ്റര്‍ ആ ആവശ്യവും തള്ളി. തുടര്‍ന്ന് കുടുംബവുമായി ഗ്രാമം വിട്ട് ഒക്സാക്ക സിറ്റിയില്‍ ബന്ധുക്കള്‍ക്കൊപ്പം താല്‍ക്കാലികമായി താമസിച്ചു വരികയാണ്.
ഭാര്യയും 3 മാസം പ്രായമുള്ള കൈക്കുഞ്ഞുമായി നാടു കടത്തപ്പെട്ട പാസ്റ്റര്‍ സ്റ്റേറ്റ് അധികാരികള്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്.

