വഴി പിഴയ്ക്കുന്ന കൌമാരക്കാര്‍ (എഡിറ്റോറിയൽ)
ഇന്ന് കൌമാരക്കാരെക്കുറിച്ചുള്ള വാര്‍ത്തകള്‍ നിരന്തരം വന്നുകൊണ്ടിരിക്കുകയാണല്ലോ, കൂട്ട ആത്മഹത്യ, ഒളിച്ചോട്ടം, അടിപിടി മുതലായവയൊക്കെ നാട്ടില്‍ ശക്തമായി നടന്നുവരുന്നു.
ആര്‍ക്കും ഇതിനെ പ്രതിരോധിക്കാന്‍ കഴിയാതെ വരുന്നു. പ്രതീക്ഷയുള്ള പല കുടുംബങ്ങളും തകരുന്നു. അധികാരികള്‍ക്കോ മാതാപിതാക്കള്‍ക്കോ ഇതിനുള്ള പ്രതിവിധി കണ്ടെത്താന്‍ കഴിയാതെ വരുന്നു. പിന്നെയും കൂടുതല്‍ ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ വരുകയല്ലാതെ കുറയുന്നില്ലഎന്നതാണ് വസ്തുത.
ഇതെങ്ങനെ സംഭവിക്കുന്നു എന്ന് നാം ഒന്നു ഇരുത്തിച്ചിന്തിക്കുന്നത് നല്ലതാണ്. എന്തുകൊണ്ടെന്നാല്‍ പിന്നാലെ അടുത്ത ഇരകള്‍ ആര്? എപ്പോള്‍? എവിടെ? എന്നു നമുക്ക് ചിന്തിക്കുവാന്‍ കഴിയില്ലല്ലോ? അതുകൊണ്ട് ചില കാര്യങ്ങള്‍ അത്യാവശ്യമായി നാം ഓര്‍ക്കേണ്ടത് നല്ലതുതന്നെയാണ്.
ഒരു കുട്ടിയെക്കുറിച്ച് (ആണായാലും പെണ്ണായാലും) കൂടുതല്‍ ഉത്തരവാദിത്വം അവരുടെ മാതാപിതാക്കള്‍ക്കു തന്നെയാണ്. അദ്ധ്യാപകര്‍ക്കോ ഹോസ്റ്റലിലെ വാര്‍ഡന്‍മാര്‍ക്കോ കുട്ടികളെക്കുറിച്ച് ഉത്തരവാദിത്വങ്ങളുണ്ടെങ്കിലും ചില പോരായ്മകളും നിയന്ത്രണങ്ങളുമൊക്കെയുണ്ട്. ആയതിനാല്‍ മാതാപിതാക്കള്‍ തന്നെയാണ് കുട്ടികളുടെ പൂര്‍ണ്ണ സംരക്ഷകര്‍.
തങ്ങളുടെ സന്തതി സ്വന്തം വീട്ടില്‍ എപ്രകാരം ജീവിക്കുന്നു, അവരെ എന്തുമാത്രം സ്നേഹിക്കുകയും ലാളിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. അതേപടി അവര്‍ വീടുവിട്ടിറങ്ങുമ്പോഴും അവരെക്കുറിച്ച് ശ്രദ്ധയുണ്ടായിരിക്കണം.
തിരിച്ചു വീട്ടില്‍ വന്നുചേര്‍ന്നാല്‍ രാവിലെ വീടുവിട്ടപ്പോഴുണ്ടായ അതേ മാനസികവും ശാരീരികവുമായ നിലകളില്‍ത്തന്നെയാണോ വന്നുചേര്‍ന്നതെന്ന് ശരിയായി അവരെ മനസ്സിലാക്കണം.
അവര്‍ക്ക് നഷ്ടപ്പെട്ടതും മുറിവേറ്റതുമായ എന്തെങ്കിലും മനസ്സിലുണ്ടെങ്കില്‍ അതു വായിച്ചെടുക്കുവാനോ, ചികഞ്ഞെടുക്കുവാനോ ഉള്ള ത്രാണി വീട്ടുകാര്‍ക്കുണ്ടായിരിക്കണം.
കുട്ടികള്‍ക്ക് ആഹാരവും വസ്ത്രവും പഠനസൌകര്യങ്ങളും യാത്രാസൌകര്യങ്ങളുമൊക്കെ ചയ്തുകൊടുക്കുമ്പോള്‍ത്തന്നെ അവന്‍ നല്ല വ്യക്തിത്വത്തിന്റെ ഉടമകളാണെന്നും നല്ല മാനസികവും ശാരീരികവുമായ ആരോഗ്യം നിലനിര്‍ത്തുന്നവരാണെന്നും കൂടി ഉറപ്പു വരുത്തണം.
വീട്ടില്‍നിന്നു ലഭിക്കാത്ത കരുണ, സ്നേഹം, പരിപാലനം കുട്ടികള്‍ പുറംലോകത്തുനിന്നും പ്രതീക്ഷിക്കും. ഇതിനെ കുറ്റപ്പെടുത്തുവാനും തരമില്ല. ഒരു പക്ഷേ ഈ സൌകര്യങ്ങള്‍ താല്‍കാലികമായിരിക്കാം.
ഇതില്‍ ഒളിഞ്ഞുകിടക്കുന്ന ചതിക്കുഴികള്‍ ഊരാക്കുടുക്കുകള്‍ ഈ ഇളം മനസ്സുകള്‍ ആദ്യം ചിന്തിച്ചെന്നു വരില്ല. അവര്‍ എല്ലാം നഷ്ടപ്പെട്ടുകഴിയുമ്പോഴാണ് തങ്ങളുടെ അബദ്ധം മനസ്സിലാക്കുന്നത്.
വിശുദ്ധവേദപുസ്തകം നന്നായി കുട്ടികളെ പഠിപ്പിക്കണം. ശരിയായ ആത്മീയ നിലവാരത്തിലൂടെ അവരെ വളര്‍ത്തിയെടുക്കണം. ഇതിനായി മാതാപിതാക്കള്‍ തന്നെ നല്ല കൌണ്‍സിലിംഗ് കുട്ടികള്‍ക്കു നല്‍കണം.
സാന്മാര്‍ഗ്ഗികവും ആത്മീയവുമായ നല്ല അഭ്യസനം ഓരോ കുട്ടിക്കും നല്‍കുന്നുവെങ്കില്‍ അവര്‍ കൊഴിഞ്ഞുവീഴുകയില്ല, ഓടി ഒളിക്കുകയുമില്ല. പല കുട്ടികളുടെയും മാതാപിതാക്കള്‍ നല്ല ആത്മീയരാണ്. എന്നാല്‍ തങ്ങളുടെ മക്കളെയും ചെറുപ്രായത്തില്‍ത്തന്നെ ആത്മീയ വഴിയിലൂടെ കൈപിടിച്ചു നടത്തിയാല്‍ നമ്മുടെ കുട്ടികള്‍ നശിക്കില്ല.
ബൈബിള്‍ പറയുന്നു ബാലന്‍ തന്റെ നടപ്പിനെ നിര്‍മ്മലമാക്കുന്നത് എങ്ങനെ? നിന്റെ വചനപ്രകാരം അതിനെ സൂക്ഷിക്കുന്നതിനാല്‍ തന്നെ (സങ്കീ: 119:09) ദൈവവചനമാണ് നമ്മെ ശരിയായ അര്‍ത്ഥത്തില്‍ ജീവിപ്പിക്കുന്നത്; നമ്മെ നയിക്കുന്നതും.
പാസ്റ്റര്‍ ഷാജി. എസ്.

