പ്രഭാതത്തില്‍ പക്ഷികള്‍ പാട്ടു പാടുന്നത് എന്തിന്? പഠനം പറയുന്നത്….
നമ്മളൊക്കെ രാവിലെ ഉണരുന്നത് പക്ഷികളുടെ മനോഹരമായ സംഗീതം കേട്ടുകൊണ്ടാണ്. ഈ കിളിക്കൊഞ്ചല്‍ ഉയരാത്ത സ്ഥലങ്ങള്‍ ഇല്ല. ഉറക്കം ഉണര്‍ന്ന് തീറ്റതേടി പുറപ്പെടുന്നതിന്റെ കോലാഹലമായി മാത്രം ഇതിനെ കരുതേണ്ട.
പക്ഷികള്‍ രാവിലെ ഇത്തരത്തില്‍ പാട്ടു പാടുന്നതിനു പിന്നില്‍ വ്യക്തമായ കാരണം കണ്ടെത്തിയിരിക്കുകയാണ് ചില ഗവേഷകര്‍.
കൊറിയ ബ്രെയിന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജീവശാസ്ത്രജ്ഞനായ എഡ്നൈ ബരോസും സംഘവുമാണ് പക്ഷികളുടെ ഈ സവിശേഷ രീതിക്ക് പിന്നിലെ കാരണം തേടിയിറങ്ങിയത്. രാത്രിയില്‍നിന്ന് പകലിലേക്കുള്ള മാറ്റം പക്ഷികളെ ഏതു തരത്തില്‍ സ്വാധീനിക്കുന്നു എന്നു കണ്ടെത്തുകയായിരുന്നു ലക്ഷ്യം.
സൂര്യോദയത്തിനായുള്ള കാത്തിരുപ്പ് നീളും തോറും പക്ഷികളുടെ പാട്ടിന്റെ തീവ്രതയിലും മാറ്റം ഉണ്ടാകുന്നുവെന്നാണ് പഠന സംഘം കണ്ടെത്തിയത്.
ഓസ്ട്രേലിയായിലും സമീപ ദ്വീപുകളിലും കാണപ്പെടുന്ന സീബ്ര ഫിഞ്ച് എന്നറിയപ്പെടുന്ന പക്ഷികളിലാണ് പഠനം നടത്തിയത്. ഇതിനായി ഇവയെ പ്രത്യേകമായി തയ്യാറാക്കിയ ഇടങ്ങളില്‍ പാര്‍പ്പിച്ചു.
പകല്‍ എന്നു തോന്നിപ്പിക്കുന്നതുപോലെ നല്ല വെളിച്ചമുള്ള ലാബ് മുറികളില്‍ വച്ച് ആണ്‍ സീബ്ര ഫിഞ്ചുകള്‍ സ്വയം ഊര്‍ജ്ജസ്വലതയോടെ പാടുന്നതുപോലെയുള്ള ശബ്ദങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു. എന്നാല്‍ പൂര്‍ണ്ണമായി ഇരുട്ട് നിറച്ചപ്പോഴാകട്ടെ അവ ഒരുവിധ ശബ്ദവും ഉണ്ടാക്കിയതുമില്ല.
വെളിച്ചത്തിലെ വ്യത്യാസത്തിന്റെ സ്വാധീനം കൃത്യമായി മനസ്സിലാക്കാന്‍ കൂടുതല്‍ നേരം വിളക്കുകള്‍ അണച്ച് സൂര്യോദയം കൃത്രിമമായി മൂന്നു മണിക്കൂര്‍ വൈകിപ്പിച്ചും പരീക്ഷണം നടത്തിയിരുന്നു.
ഇത്തരം സാഹചര്യത്തില്‍ വെളിച്ചം കടന്നെത്തിയ മാത്രയില്‍ വളരെ പെട്ടന്നു തന്നെ അവ വേഗതയില്‍ ശബ്ദങ്ങള്‍ ഉണ്ടാക്കുന്നതായി തിരിച്ചറിഞ്ഞു. ദിവസം ആരംഭിക്കാന്‍ അക്ഷമയോടെ കാത്തിരിക്കുന്നതിന്റെ പ്രതിഫലനമായാണ് ഗവേഷകര്‍ ഇതിനെ വിലയിരുത്തുന്നത്.
എന്നാല്‍ വെളിച്ചം വൈകിപ്പിച്ച വേളയിലും പുറത്തേ സൂര്യോദയത്തിന്റെ അതേ സമയത്ത് തന്നെ പക്ഷികള്‍ ഉണരുന്നതായും കണ്ടെത്തി. ഇരുട്ടില്‍ത്തന്നെ സജീവമായി ചുറ്റി നടക്കുകയായിരുന്നു അവ.
എന്നാല്‍ വെളിച്ചം എത്തുന്നതുവരെ പാട്ടുപാടാന്‍ മുതിര്‍ന്നതുമില്ല. മെലറ്റോണിനുമായി ബന്ധപ്പെട്ട ഹോര്‍മോണ്‍ സംവിധാനങ്ങള്‍ വഴിയാണ് പക്ഷികള്‍ പ്രഭാതത്തിനു വളരെ മുമ്പുതന്നെ ഇരുട്ടില്‍ ഉണരുന്നത് എന്ന് എഡ്നൈ പറയുന്നു.

