ഒരിക്കല്‍ തുറന്ന കഫ് സിറപ്പ് ഒരു മാസത്തില്‍ കൂടുതല്‍ സൂക്ഷിക്കരുത്
ഇന്ന് ഒട്ടുമിക്ക വീടുകളിലും കഫ് സിറപ്പ് (ചുമ മരുന്ന്) ഉപയോഗിക്കുന്നവരാണ്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ കഫ് സിറപ്പ് ഉപയോഗിക്കുന്നു. കഫ് സിറപ്പിന്റെ ഉപയോഗത്തില്‍ വളരെയധികം ശ്രദ്ധിക്കണമെന്ന് ശിശുരോഗ വിദഗ്ദ്ധനായ ഡോ. സൌരഭ് കപൂര്‍ മുന്നറിയിപ്പ് നല്‍കുന്നു.
പലരും രോഗം ഭേദമായാല്‍ ബാക്കി വരുന്ന മരുന്ന് സൂക്ഷിച്ചു വയ്ക്കുന്നത് പതിവാണ്. ഡോക്ടറുടെ കുറിപ്പ് പ്രകാരം കഫ് സിറപ്പ് ഉപയോഗിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഒരിക്കല്‍ തുറന്ന കഫ് സിറപ്പ് എക്സ്പയറി ഡേറ്റ് കഴിഞ്ഞിട്ടില്ലെങ്കിലും ഒരു മാസത്തിലധികം ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശിക്കുന്നു.
അങ്ങനെ ഉപയോഗിച്ചാല്‍ ഇത് പല തരത്തിലുള്ള അപകട സാദ്ധ്യതകളും സൃഷ്ടിക്കുന്നു. മുംബൈയിലെ ഒരു ഹോസ്പിറ്റലിലെ ഡോ. പാരിതോഷ് ഭാഘേല്‍ പറയുന്നു.
വായുവുമായുള്ള സമ്പര്‍ക്കത്തിലൂടെ ഇത്തരം സിറപ്പുകളില്‍ സൂഷ്മാണുക്കള്‍ വളരാനിടയാകുമെന്നും ഇതുവഴി പ്രധാന മരുന്നു ഘടകങ്ങള്‍ ദുര്‍ബ്ബലമാകുമെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.
ഒരിക്കല്‍ തുറന്നു വായു സമ്പര്‍ക്കം ലഭിക്കുന്നതോടെ മരുന്നിലെ ഘടകങ്ങള്‍ വിഘടിക്കുകയും ശരീരത്തിനു ഹാനികരമായ ഉപോല്‍പ്പന്നങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുമെന്നും ഡോ. സൌരഭ് കപൂര്‍ പറയുന്നു.
ഉദ്ദേശിച്ച ഫലം ലഭിക്കാതെ വരുമ്പോള്‍ ആളുകള്‍ ഈ മരുന്ന് കൂടുതല്‍ ഉപയോഗിക്കാന്‍ തുടങ്ങുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

