കര്‍ത്തവിന്റെ വാഗ്ദത്തം (എഡിറ്റോറിയൽ)
ദൈവം നമ്മുടെ സങ്കേതവും ബലവും കോട്ടയും ആണ്. ദൈവമക്കള്‍ക്ക് ദൈവത്തില്‍ നിന്നും ഇതില്‍ കൂടുതല്‍ എന്തു വാഗ്ദത്തമുണ്ട് പ്രതീക്ഷിക്കുവാന്‍.
ദൈവത്തില്‍ ആശ്രയം ഇല്ലാതെ ജീവിക്കുമ്പോള്‍ നാം നിരാശപ്പെടുവാനിടയാകും. ദൈവം തന്ന സകല നന്മകളും അനുഗ്രഹങ്ങളും അനുഭവിച്ചതിനുശേഷം പുതിയവ പ്രാപിക്കുവാനായി വീണ്ടും ദൈവസന്നിധിയില്‍ യാചിക്കുന്നു. ഈ അവസ്ഥ കേവലം കാര്യസാദ്ധ്യത്തിനുവേണ്ടി മാത്രമാണ്.
എന്നാല്‍ ദൈവത്തില്‍നിന്നും മുമ്പ് ലഭിച്ചവയ്ക്കിന്നും ശരിയായ രീതിയല്‍ നന്ദി കരേറ്റാതെ അവയെല്ലാം വിസ്മരിച്ചുകൊണ്ട് ജീവിക്കുന്നവരെയും ദൈവം വെറുതെ വിടില്ല. ദൈവമക്കളുടെ ജീവിതത്തില്‍ ആരാധനാ, സ്തോത്രം, നന്ദി അര്‍പ്പിക്കല്‍ എന്നിവ ഉണ്ടായിരിക്കണം.
ഇവയൊന്നും ഇല്ലാതെ ദൈവം ഭൌതിക നന്മകള്‍ മാത്രം നല്‍കുന്ന ഒരു വ്യക്തിയായി നാം കാണരുത്. അങ്ങനെ ചെയ്യുമ്പോള്‍ നാം പാപം ചെയ്യുകയാണ്. നമ്മെ ദൈവം ആഴമായി സ്നേഹിക്കുമ്പോള്‍ അതിനു പകരമായി തിരിച്ചും നാം ദൈവത്തെ സ്നേഹിക്കണം. എങ്കില്‍ മാത്രമേ അവനു നമ്മോടു കരുണ തോന്നുകയുള്ളു. നമ്മുടെ ജീവിതം ലോകത്തോട് അനുരൂപമാകരുത്.
ദൈവം ആത്മാവാണ്. അവന്‍ നമ്മുടെ എല്ലാ ആവശ്യങ്ങള്‍ക്കു വേണ്ടിയും സദാ സമയവും നമ്മോടൊപ്പമുണ്ട്. ഈ അറിവ് എപ്പോഴും നമ്മുടെ ഹൃദയത്തിലുണ്ടാകണം.
ദൈവം നമ്മുടെ അടുത്തുള്ളതുകൊണ്ടാണ് നാം ആപത്തില്‍പെടാതെ മുന്നോട്ടുപോകുന്നത്. ലോകപ്രകാരം ജീവിക്കുന്നവര്‍ക്ക് ഇത് മനസ്സിലാകുകയില്ല. ദൈവവും നമ്മളും തമ്മിലുള്ള ആത്മീക ബന്ധം മറ്റുള്ളവര്‍ക്ക് മനസ്സിലാകില്ല. അവര്‍ മായാലോകത്ത് ജീവിക്കുന്നു.
ഈ ലോകത്തെ സൃഷ്ടിച്ച ദൈവത്തെക്കുറിച്ച് അവര്‍ക്ക് കാര്യമായ ബോധമില്ല. യഹോവ നല്ലവനെന്ന് രുചിച്ചറിഞ്ഞവര്‍ക്കു മാത്രമേ ദൈവത്തെ കൂടുതല്‍ വിശ്വസിപ്പാന്‍ സാധിക്കു. ആരുടെയെങ്കിലും നിര്‍ബന്ധത്താലോ, പ്രേരണയാലോ യഹോവയായ ദൈവത്തെ ആരാധിച്ചതുകൊണ്ട് യാതൊരു ഫലവുമില്ല.
നമ്മുടെ ഹൃദയം ദൈവസന്നിധിയില്‍ പകരണം. പിതാവായ ദൈവം തന്റെ പുത്രനായ യേശുവിനെ പാപമയമായ ലോകത്തില്‍ ജീവിക്കുന്ന നമ്മുടെ ആത്മാവിന്റെ വീണ്ടെടുപ്പിനായി ഈ ലോകത്തേക്ക് അയച്ചത് വലിയ കാര്യമാണ്. യേശു നമുക്കുവേണ്ടി മരിച്ചതും ശ്രേഷ്ഠമായ വസ്തുതയാണ്.
ഈ തിരിച്ചറിവ് എപ്പോഴും നമ്മുടെ അന്തരാത്മാവില്‍ ഉണ്ടാകണം. എല്ലാവരും ഈ വസ്തുത അറിഞ്ഞിരിക്കണം. അങ്ങനെ വിശ്വസിക്കുന്നവര്‍ക്കാണ് ദൈവത്തില്‍ നിന്ന് പ്രതിഫലം ലഭിക്കുന്നത്.
അവന്‍ നമ്മെ പരിപാലിക്കുന്നത് നമ്മോടുള്ള സ്നേഹംകൊണ്ടു മാത്രമാണ്. ഇനി നിരാശപ്പെടേണ്ട നമുക്ക് കൂടുതല്‍ പ്രത്യാശയോടെ ജീവിക്കാം.
പാസ്റ്റര്‍ ഷാജി.എസ്.

