കുട്ടികളോട് ലൈംഗിക ചുവയോടു സംസാരിക്കുന്നു; എഐ ചാറ്റ്ബോട്ടിനെതിരെ ആരോപണം
കാലിഫോര്‍ണിയ: കുട്ടികളോട് ലൈംഗിക ചുവയുള്ള സംസാരം നടത്തിയെന്ന് മെറ്റ എഐ ചാറ്റ് ബോട്ടിനെതിരെ ഗുരുതര ആരോപണം. സെലിബ്രിറ്റികളുടെ ശബ്ദത്തില്‍ കുട്ടികളടക്കമുള്ള ഉപയോക്താക്കളോട് ലൈംഗിക ചുവയോടെ സംസാരിച്ചുവെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.
ടെക്സ്റ്റ്, സെല്‍ഫികള്‍, വോയ്സ് സംഭാഷണങ്ങള്‍ എന്നിവയിലൂടെ ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുന്നവയാണ് ഇന്‍സ്റ്റഗ്രാമിലും ഫെയ്സ് ബുക്കിലുമുള്ള മെറ്റയുടെ ചാറ്റ്ബോട്ടുകള്‍ സെലിബ്രിറ്റികളുടെ ശബ്ദങ്ങള്‍ അതേ രീതിയില്‍ ദുരുപയോഗം ചെയ്യില്ലെന്ന കരാര്‍ നിലനില്‍ക്കെയാണ് ഗുരുതര നിയമലംഘനമെന്നാണ് റിപ്പോര്‍ട്ട്.
ബോട്ടുകള്‍ കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനായി അതിന്റെ സുരക്ഷാ നിയന്ത്രണങ്ങളില്‍ മെറ്റ് അയവു വരുത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഇവ സംബന്ധിച്ചു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്നാണ് മെറ്റയുടെ വാദം.
നിര്‍മ്മിത ബുദ്ധി ചാറ്റ് ബോട്ടുകളില്‍ ശബ്ദം ഉപയോഗിക്കുന്നതിനായി ജോണ്‍ സീന, ക്രിസ്ത്യന്‍ ബെല്‍, ജൂഡി ഡെഞ്ച് തുടങ്ങിയ സെലിബ്രിറ്റികളുമായി കോടിക്കണക്കിനു ഡോളറിന്റെ കരാറുകളിലാണ് മെറ്റ ഏര്‍പ്പെട്ടിരിക്കുന്നത്.
ശബ്ദങ്ങള്‍ ലൈംഗിക ചുവയോടെയുള്ള സംസാരങ്ങളില്‍ ഉപയോഗിക്കില്ലെന്ന് ഉറപ്പു നല്‍കിയാണ് കരാറുകള്‍. ഇതില്‍ ജോണ്‍ സീനയുടെ ശബ്ദത്തില്‍ സംസാരിക്കുന്ന മെറ്റ എഐ ചാറ്റ് ബോട്ട് പതിനാലുകാരിയോട് ലൈംഗികത പ്രകടമാക്കുന്ന വിധത്തില്‍ സംസാരിച്ചുവെന്നാണ് ആരോപണം.
ക്രിസ്റ്റ്യന്‍ ബെല്ലിന്റെ ശബ്ദത്തിലുള്ള ചാറ്റ് ബോട്ടും ഇത്തരത്തില്‍ സംസാരിച്ചുവെന്നു റിപ്പോര്‍ട്ടുകളുണ്ട്.

