200 വര്‍ഷം മുമ്പ് സൂര്യനെ നീല നിറത്തില്‍ കണ്ടതിന്റെ രഹസ്യം കണ്ടെത്തി ഗവേഷകര്‍
ഏകദേശം 200 വര്‍ഷം മുമ്പ് സൂര്യനെ നീല നിറത്തില്‍ കണ്ടതിന്റെ നിഗൂഢ രഹസ്യം കണ്ടെത്തി ശാസ്ത്രലോകം.
പ്രൊസീഡിംഗ്സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് (പിഎന്‍എഎസ്) ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ദീര്‍ഘകാലമായി ഉത്തരം കിട്ടാത്ത പ്രതിഭാസത്തിന്റെ രഹസ്യം ഗവേഷകര്‍ കണ്ടെത്തിയത്.
1831-ല്‍ സംഭവിച്ച വന്‍ അഗ്നിപര്‍വ്വത സ്ഫോടനമാണ് സൂര്യന്റെ നിറം നീലയാകാന്‍ കാരണമെന്നു പഠനം പറയുന്നു. സ്ഫോടനത്തിനുശേഷം അന്തരീക്ഷത്തിലേക്കു വന്‍ തോതില്‍ സള്‍ഫര്‍ ഡയോക്സൈഡ് എത്താന്‍ കാരണമായി.
ഇത് ആഗോള ശൈത്യത്തിന് കാരണമാകുകയും ആ വര്‍ഷം ഭൂമിയില്‍ വിചിത്രമായ കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഉടലെടുക്കുകയും ചെയ്തു. ഇത് സൂര്യന്റെ നിറം മാറി കാണാന്‍ കാരണമായെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍.
റഷ്യയും ജപ്പാനും തമ്മിലുള്ള തര്‍ക്ക പ്രദേശമായ സിമുഷിര്‍ എന്ന ദ്വീപിലെ സവാരിറ്റ്സ്കി അഗ്നിപര്‍വ്വതമാണ് അന്ന് പൊട്ടിത്തെറിച്ചത്.
സ്ഫോടനം നടന്ന ദ്വീപ് ജനവാസ മേഖലയില്‍നിന്നും വിദൂരത്തായതിനാല്‍ നേരിട്ടു നിരീക്ഷിച്ചതിന്റെ രേഖകളൊന്നുമില്ലായിരുന്നു. എന്നാല്‍ അഗ്നിപര്‍വ്വതത്തില്‍നിന്നുള്ള സാമ്പിളുകള്‍ ലാബില്‍ വിശകലനം ചെയ്തപ്പോള്‍ 1831-ലെ വേനല്‍ക്കാലത്തുണ്ടായ വമ്പന്‍ സ്ഫോടനത്തിന്റെ കൃത്യമായ സമയം ഉള്‍പ്പെടെ ലഭിച്ചു.
ആഗോള ആഘാതം സൃഷ്ടിച്ച ഒന്നിലേറെ സ്ഫോടനങ്ങള്‍ അന്നുണ്ടായതായി പറയുന്നു. ഈ നൂറ്റാണ്ടില്‍ ജീവനു ഭീഷണിയാകുന്ന സമാനമായ അഗ്നിപര്‍വ്വത സ്ഫോടനം നടക്കാന്‍ ആറിലൊന്നു സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പും പഠനം നല്‍കുന്നു.