മാനസികാരോഗ്യം തകര്‍ക്കുന്നു; കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ വിലക്കാന്‍ ഓസ്ട്രേലിയ
16 വയസില്‍ താഴെയുള്ള കുട്ടികള്‍ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കുമെന്ന് പ്രഖ്യാപിച്ച് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്ബണീസ്.
യുവാക്കളുടെ മാനസീകാരോഗ്യം തകരുന്നത് കണക്കിലെടുത്താണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതു സംബന്ധിച്ച് വിവിധ കമ്പനികള്‍ പുതിയ നിയന്ത്രണങ്ങള്‍ നടപ്പാക്കണം. അല്ലെങ്കില്‍ കനത്ത പിഴയൊടുക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികള്‍ക്ക് ഏറ്റവും ഹാനികരമായ ഒന്നായി സാമൂഹിക മാധ്യമങ്ങള്‍ മാറിക്കഴിഞ്ഞു. കുട്ടികള്‍ ഒരുപാട് സമയം സാമൂഹിക മാധ്യമങ്ങളില്‍ ചിലവഴിക്കുകയാണ്.
കുട്ടികള്‍ക്ക് സാമൂഹിക മാധ്യമങ്ങള്‍ വിലക്കിക്കൊണ്ടുള്ള നിയമം ഈ മാസം അവസാനം കൊണ്ടുവരാനാണ് ഓസ്ട്രേലിയ ഉദ്ദേശിക്കുന്നത്.
കുട്ടികളുടെ ഉപയോഗം തടയാന്‍ സാമൂഹിക മാധ്യമ പ്ളാറ്റ്ഫോമുകള്‍ നടപടികള്‍ സ്വീകരിക്കണം. അതവരുടെ ഉത്തരവാദിത്വമാണ്. ഒരിക്കലും മാതാപിതാക്കളുടേതല്ല.
ഇക്കാര്യത്തില്‍ ഉപഭോക്താക്കളില്‍നിന്നും ഒരു പിഴയും ഈടാക്കില്ല. പകരം സാമൂഹിക മാധ്യമങ്ങള്‍ക്കായിരിക്കും പിഴ. പ്രധാനമന്ത്രി വ്യക്തമാക്കി.
കുട്ടികളുടെ മാനസിക ആരോഗ്യത്തിനു മുന്‍ഗണന നല്കി അവരെ സംരക്ഷിക്കാനുള്ള അല്ബണീസ് മന്ത്രിസഭയുടെ നടപടികളാണ് പുതിയ പ്രഖ്യാപനത്തിലൂടെ വ്യക്തമായിരിക്കുന്നത്.

