3000 വര്‍ഷം പഴക്കമുള്ള ബാബിലോണിയന്‍ കളിമണ്‍ ഭൂപടം; നോഹയുടെ പെട്ടകത്തിന്റെ സ്ഥാനവും ചിത്രങ്ങളും
ലണ്ടന്‍: 3000 വര്‍ഷം പഴക്കമുള്ള ബാബിലോണിയന്‍ കളിമണ്‍ ഭൂപടം തിരിച്ചറിഞ്ഞു. ഫലകത്തില്‍ കൊത്തിയ ഭൂപടത്തില്‍ നോഹയുടെ പെട്ടകത്തിന്റെ സ്ഥാനവും കുറിച്ചിട്ടുണ്ടെന്നു ഗവേഷകര്‍.
ബ്രിട്ടീഷ് മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന കളിമണ്‍ ഫലകങ്ങളിലൊന്നിലാണ് ഭൂപടം കണ്ടെത്തിയത്. ചിത്രങ്ങളും കുറിപ്പുമുള്ള കളിമണ്‍ ഫലകം വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ ഗവേഷകരുടെ പഠനത്തിലായിരുന്നു. ബാബിലോണിയന്‍ കരകൌശല വസ്തുവായ ഇതിന് ‘ഇമാഗോ മുണ്ടി’ എന്നായിരുന്നു പേര്.
പ്രത്യേക ആകൃതിയിലുള്ള ചിഹ്നങ്ങള്‍ ഉപയോഗിച്ചുള്ള എഴുത്താണ് അതിനുള്ളത്. ഒപ്പം വൃത്താകൃതിയിലുള്ള രേഖാ ചിത്രങ്ങളും. അതു തിരിച്ചറിയാനായിരുന്നു ബ്രിട്ടീഷ് മ്യൂസിയത്തിലെ ഗലേഷകരുടെ ശ്രമം.
യാത്രക്കാരന്‍ ജലാശയത്തില്‍ എന്താണ് കാണുകയെന്നുള്ള വിവരണമാണ് ഫലകത്തിലുള്ളതെന്ന് ഗവേഷകര്‍ ആദ്യം കണ്ടെത്തി. ആ വിവരത്തില്‍ ‘പാര്‍സിക്തു’ വിന്റെ സാന്നിദ്ധ്യം ഗവേഷകരുടെ ശ്രദ്ധയില്‍ പെട്ടു.
ആ ചിത്രത്തിനു പിന്നാലെയായി അവര്‍ യാനത്തിന്റെ വലിപ്പം വിശദീകരിക്കാന്‍ പുരാതന ബാബിലോണിയന്‍ ഫലകങ്ങളില്‍ പാര്‍സിക്തു എന്ന വാക്ക് ഉപയോഗിച്ചിരുന്നതായി അവര്‍ കണ്ടെത്തി. വാക്കുകളെ പിന്തുടര്‍ന്നുള്ള യാത്ര ‘ഉറാര്‍ട്ടു’ വിലേക്കുള്ള സൂചനകളിലെത്തി.
പുരാതന മെസപ്പൊട്ടോമിയന്‍ കവിതയില്‍ നോഹ പെട്ടകം ഇറക്കിയത് ഉറാര്‍ട്ടുവിലാണെന്നുണ്ട്. നോഹ പര്‍വ്വതത്തിന്റെ എബ്രായ പദമായ ‘അരാരാത്തിന്’ തുല്യമായ അസീറിയന്‍ പദം ഭൂപടത്തില്‍ ഗവേഷകര്‍ കണ്ടെത്തി.
ഇതോടെയാണ് ഭൂപടത്തില്‍ ചിത്രീകരിച്ചത് നോഹയുടെ പെട്ടകം ഇറങ്ങിയെന്നു വിശ്വസിക്കുന്ന മേഖലയാണെന്ന് ബ്രിട്ടീഷ് മ്യൂസിയം ക്യുറേറ്ററായ ഇന്‍വിങ് ഫിങ്കന്‍ നിഗമനത്തിലെത്തിയത്.
1882-ലാണ് ഇറാഖില്‍നിന്നാണ് ഇമാഗോ മുണ്ടി കണ്ടെത്തിയത്. ബാബിലോണിയക്കാരാണു അവ ഉപയോഗിച്ചിരുന്നതെന്നു ശാസ്ത്രജ്ഞര്‍ പറയുന്നു.
ജ്യോതിശാസ്ത്ര സംഭവങ്ങള്‍, ഭാഷാ പ്രവചനങ്ങള്‍, അക്കാലത്തെ മുഴുവന്‍ അറിയപ്പെടുന്ന ലോകം എന്നു കരുതപ്പെടുന്ന ഒരു ഭൂപടം എന്നിവയാണ് ഇമാഗോ മുണ്ടിയിലുള്ളതെന്നാണ് ഇപ്പോള്‍ ഗവേഷകര്‍ വിശ്വസിക്കുന്നത്. ഭൂപടത്തിന്റെ താഴത്തെ മദ്ധ്യഭാഗത്താണ് മെസൊപ്പൊട്ടോമിയയുടെ സ്ഥാനം.
നദിയാല്‍ ചുറ്റപ്പെട്ട നിലയിലായിരുന്നു മെസൊപ്പൊട്ടോമിയയുടെ സ്ഥാനം. നോഹയുടെ പെട്ടകത്തിന്റെ ആകൃതിയോടും അളവുകളോടും പൊരുത്തപ്പെടുന്ന ഒരു കൊടുമുടി അരാരാത്ത് പര്‍വ്വതത്തിലുണ്ട്. 515 അടി നീളവും 80 അടി വീതിയും 52 അടി ഉയരവുമുണ്ട് അതിന്.
എന്നാല്‍ കപ്പല്‍ രൂപം പ്രകൃതിയുടെ സൃഷ്ടിയാണെന്നാണ് ചില ശാസ്ത്രജ്ഞന്മാരുടെ വാദം. ഈസ്താംബൂള്‍ സര്‍വ്വകലാശാലയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘം വര്‍ഷങ്ങളായി പര്‍വ്വതം ഖനനം ചെയ്യുകയാണ്.
3000 മുതല്‍ 5000 വര്‍ഷങ്ങള്‍ പഴക്കമുള്ള കളിമണ്‍ സമുദ്ര വസ്തുക്കള്‍ സമുദ്ര വിഭവങ്ങള്‍ എന്നിവ കണ്ടെത്തിയതായി 2023-ല്‍ വെളിപ്പെടുത്തിയിരുന്നു.