1600 ടണ്‍ ലിഥിയം നിക്ഷേപം കണ്ടെത്തി; ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് മുതല്‍ക്കൂട്ടാകും
കര്‍ണാടകയില്‍ വെളുത്ത സ്വര്‍ണം എന്നറിയപ്പെടുന്ന ലിഥിയം നിക്ഷേപം കണ്ടെത്തി. ഭാവിയില്‍ ഇന്ത്യന്‍ സാമ്പത്തിക രംഗത്തിനു മുതല്‍ക്കൂട്ടാകുന്ന ലോഹ നിക്ഷേപം കണ്ടെത്തിയത് മാണ്ഡ്യ ജില്ലയിലെ മാര്‍ലഗല്ലയിലാണ്.
ആറ്റോമിക് ഡയറക്ടറേറ്റ് ഫോര്‍ എക്സപ്ലൊറേഷന്‍ ആന്‍ഡ് റിസര്‍ച്ച് ആണ് വന്‍ നിക്ഷേപം കണ്ടെത്തിയത്. ലിഥിയം ഭാവിയിലെയുള്ള ഏറ്റവും അമൂല്യമായ ലോഹങ്ങളില്‍ ഒന്നായാണ് കണക്കാക്കുന്നത്.
ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററിയിലെ പ്രധാന ഘടകങ്ങളിലൊന്ന് ലിഥിയം ആണ്. വാഹന ബാറ്ററിയില്‍ മാത്രമല്ല, ലാപ്ടോപ്, മൊബൈല്‍ തുടങ്ങിയ ഇലക്ട്രോണിക്സ് സാധനങ്ങളുടെ ബാറ്ററിയിലും ലിഥിയം ഉപയോഗിക്കപ്പെടുന്നു.
ഗ്ളാസ്, സിറാമിക്സ് വിപണിയിലും ഇതിന് പ്രാധാന്യതയുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ലിഥിയം ഉല്‍പ്പാദന രാജ്യം ചിലിയാണ്. ലോകത്തിലെ ലിഥിയം ഉല്‍പ്പാദനത്തിന്റെ 35 ശതമാനം ഈ രാജ്യത്തു നിന്നാണ്.
ചിലിയിലും, ബൊളീവിയായിലും, അര്‍ജന്റീനയിലുമായി പരന്നു കിടക്കുന്ന ഉപ്പു നിലങ്ങളിലാണ് ലിഥിയം നിക്ഷേപമുള്ളത്.
ലോകത്ത് ലിഥിയത്തിന്റെ ക്ഷാമം അടുത്ത വര്‍ഷത്തോടെ ഉടലെടുക്കാന്‍ സാദ്ധ്യതയുണ്ടെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

