മനുഷ്യന്‍ സൂപ്പര്‍ പവ്വര്‍ ആകും; വീണ്ടും രോഗിയില്‍ ന്യൂറാലിങ്ക് ഘടിപ്പിക്കുന്നു

മനുഷ്യന്‍ സൂപ്പര്‍ പവ്വര്‍ ആകും; വീണ്ടും രോഗിയില്‍ ന്യൂറാലിങ്ക് ഘടിപ്പിക്കുന്നു

Breaking News Top News

മനുഷ്യന്‍ സൂപ്പര്‍ പവ്വര്‍ ആകും; വീണ്ടും രോഗിയില്‍ ന്യൂറാലിങ്ക് ഘടിപ്പിക്കുന്നു

ശതകോടീശ്വര വ്യവസായി ഇലോണ്‍ മസ്ക്കിന്റെ ന്യൂറാലിങ്ക് മനുഷ്യരില്‍ അടുത്ത ഒരു പരീക്ഷണത്തിനു കൂടി തയ്യാറെടുക്കുന്നു. മറ്റൊരാളില്‍ കൂടി ബ്രെയിന്‍ കമ്പ്യൂട്ടര്‍ ഇന്റര്‍ ഫെയ്സ് ഉപകരണം സ്ഥാപിക്കാനുള്ള പദ്ധതിയാണ് നടപ്പാക്കുന്നത്. ഇത് രണ്ടാം തവണയാണ് മനുഷ്യരില്‍ പരീക്ഷണം നടത്തുന്നത്.

ഈ വര്‍ഷം ജനുവരിയില്‍ ന്യൂറാലിങ്കിന്റെ ബ്രെയിന്‍ ചിപ്പ് ആദ്യമായി മനുഷ്യനില്‍ സ്ഥാപിക്കുകയുണ്ടായി. മാസങ്ങള്‍ക്കുശേഷം ചില സാങ്കേതിക പ്രശ്നങ്ങള്‍ നേരിട്ടെങ്കിലും ആദ്യ പരീക്ഷണം വിജയകരമായിരുന്നു.

മസ്ക്കിന്റെ ബ്രെയിന്‍ ടെക്നോളജി സ്റ്റാര്‍ട്ട്അപ് ആണ് ന്യൂറാലിങ്ക്. ഇവര്‍ വികസിപ്പിച്ച ടെലിപ്പതി എന്ന ഉപകരണം തലച്ചോറില്‍ ഘടിപ്പിച്ച് രോഗികള്‍ക്ക് അവരുടെ ചിന്തകളിലൂടെ കമ്പ്യൂട്ടര്‍ നിയന്ത്രിക്കാനാവും.

ഗുരുതരമായ ശാരീരിക പ്രശ്നങ്ങളുള്ളവരിലും കൈകാലുകള്‍ തളര്‍ന്നു കിടക്കുന്നവരിലുമാണ് ന്യൂറാലിങ്ക് ടെലിപ്പതി പരീക്ഷിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ കൂടുതല്‍ ആളുകളില്‍ ഉപകരണം ഘടിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇലോണ്‍ മസ്ക് സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോമായ എക്സില്‍ പറഞ്ഞു.

എഐയില്‍ നിന്നും മനുഷ്യര്‍ നേരിടുന്ന അപകട സാദ്ധ്യത ലഘൂകരിക്കുകയാണ് ഇതു വഴി താന്‍ ലക്ഷ്യമിടുന്നതെന്നു മസ്ക് പറഞ്ഞു.

മനുഷ്യന്റെ ബുദ്ധിയും ഡിജിറ്റല്‍ ഇന്റലിജന്‍സും തമ്മില്‍ അടുത്ത സഹവര്‍ത്തിത്വം സൃഷ്ടിക്കുന്നതിലൂടെ ന്യൂറാലിങ്കിന് അത് സാധിക്കുമെന്നും മനുഷ്യര്‍ക്ക് സൂപ്പര്‍ പവ്വര്‍ നല്‍കാനാവുമെന്നും ന്യൂറാലിങ്ക് അതിനാണ് ലക്ഷ്യമിടുന്നതെന്നും മസ്ക് പറഞ്ഞു.

ആദ്യ ശസ്ത്രക്രീയയിലുണ്ടായ പ്രശ്നങ്ങള്‍ ഒഴിവാക്കിക്കൊണ്ടായിരിക്കും ഭാവിയിലെ ശസ്ത്രക്രീയകളെന്നു ന്യൂറാലിങ്ക് പറയുന്നു.

അരിസോണ സ്വദേശിയായ നോളണ്ട് ആര്‍ബോ എന്ന ആളില്‍ ഘടിപ്പിച്ച ന്യൂറാലിങ്ക് ഉപകരണത്തില്‍ ചില സാങ്കേതിക തകരാറുകള്‍ നേരിട്ടിരുന്നു. ഈ പ്രശ്നം പരിഹരിക്കാനുള്ള ചില മാറ്റങ്ങള്‍ പുതിയ ഉപകരണത്തില്‍ കൊണ്ടുവരുമെന്നു മസ്ക് പറഞ്ഞു.

ഭാവിയില്‍ ഉപകരണം ഘടിപ്പിച്ച ആളുകള്‍ക്ക് പഴയ മോഡലുകളില്‍നിന്ന് പുതിയതിലേക്ക് അപ്ഗ്രേഡ് ചെയ്യാന്‍ സാധിക്കുമെന്നും മസ്ക് പറയുന്നു.