വിദ്യാഭ്യാസത്തിനേക്കാള്‍ വിവാഹത്തിന് ചിലവഴിക്കുന്നത് രണ്ടു മടങ്ങ് തുക

വിദ്യാഭ്യാസത്തിനേക്കാള്‍ വിവാഹത്തിന് ചിലവഴിക്കുന്നത് രണ്ടു മടങ്ങ് തുക

Breaking News India

വിദ്യാഭ്യാസത്തിനേക്കാള്‍ വിവാഹത്തിന് ചിലവഴിക്കുന്നത് രണ്ടു മടങ്ങ് തുക

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ വിവാഹത്തിനായി ചിലവഴിക്കുന്നത് വിദ്യാഭ്യാസത്തിനായി ചിലവഴിക്കുന്നതിനേക്കാള്‍ രണ്ടു മടങ്ങ് തുകയെന്ന് പഠനം.

ഭക്ഷണത്തിനും പലചരക്ക് സാധനങ്ങള്‍ക്കും ചിലവഴിക്കുന്ന പണം കഴിഞ്ഞാല്‍ ഇന്ത്യാക്കാര്‍ വിവാഹങ്ങള്‍ക്കാണ് ഏറ്റവും അധികം പണം ചിലവഴിക്കുന്നതെന്നാണ് നിക്ഷേപ സ്ഥാപനമായ ജെഫറീസിന്റെ കണ്ടെത്തല്‍.

ഇന്ത്യയിലെ വിവാഹ വിപണി 10 ലക്ഷം കോടിയിലേറെ വരും. ഒരു വിവാഹത്തിനു ശരാശരി പന്ത്രണ്ടര ലക്ഷം രൂപ ചിലവഴിക്കപ്പെടുന്നു.

ഇത് ഒരു ഇന്ത്യാക്കാരന്‍ പ്രീപ്രൈമറി മുതല്‍ ഡിഗ്രി വരെ വിദ്യാഭ്യാസം നേടുന്നതിനായി ചിലവഴിക്കുന്നതിനേക്കാള്‍ രണ്ടു മടങ്ങാണ്.

ഇന്ത്യയില്‍ പ്രതിവര്‍ഷം 80 ലക്ഷം മുതല്‍ ഒരു കോടി വരെ വിവാഹങ്ങള്‍ നടക്കുന്നു. ആഭരണ വില്‍പനയുടെ പകുതിയിലധികം വിവാഹത്തിനു വേണ്ടിയുള്ളതാണ്.

വസ്ത്ര വിപണിയുടെ 10 ശതമാനത്തിലധികം വിവാഹങ്ങള്‍ക്കായി നീക്കിവച്ചിരിക്കുന്നു. കാറ്ററിംഗ്, താമസം, പാത്രങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളില്‍ വിവാഹം ഉപഭോഗം വര്‍ദ്ധിപ്പിക്കുന്നു. വിവാഹങ്ങളെ ഒരു വിഭാഗമായി പരിഗണിച്ചാല്‍ ഭക്ഷണത്തിനും പലചരക്ക് സാധനങ്ങള്‍ക്കും പിന്നില്‍ രണ്ടാമത്തെ വലിയ റീട്ടെയ്ല്‍ വിഭാഗമായി മാറുമെന്ന് റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നു.

ഇന്ത്യാക്കാര്‍ വിവാഹങ്ങള്‍ക്കായി ചിലവഴിക്കാന്‍ ഇഷ്ടപ്പെടുന്നു. ഏറ്റവും വിപുലമായ വിവാഹ ആഘോഷങ്ങളില്‍ 50,000 അഥിതികള്‍ വരെ പങ്കെടുക്കുന്നു.

പലപ്പോഴും വരുമാവത്തിന്റെയോ സമ്പത്തിന്റെയോ നിലവാരത്തിനു ആനുപാതികമല്ലാത്ത രീതിയിലാണ് വിവാഹ ചിലവുകളെന്നും റിപ്പോര്‍ട്ടിലുണ്ട്.