1500 വര്‍ഷം മുമ്പ് ക്രിസ്ത്യന്‍ തീര്‍ത്ഥാടകര്‍ ഗാസ തുറമുഖത്ത് കപ്പലില്‍ എത്തിയതിന്റെ പുരാതന ചിത്രം കണ്ടെത്തി
ഗാസ: യിസ്രായേലില്‍ അടുത്ത കാലത്ത് നടത്തിയ ഖനനത്തില്‍ ബൈസെന്റൈന്‍ കാലഘട്ടത്തിലെ ക്രിസ്ത്യന്‍ തീര്‍ത്ഥാടനത്തിലേക്കുള്ള അപൂര്‍വ്വ ജാലകം തുറന്നിട്ടിരിക്കുന്നത് കൌതുകം ഉണര്‍ത്തുന്നു.
വടക്കന്‍ നെഗോവിലെ റാഹട്ടിലെ ഒരു ബൈസെന്റൈന്‍ കാലഘട്ടത്തില്‍ നിലനിന്നിരുന്ന ഒരു ക്രിസ്ത്യന്‍ പള്ളിയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ പുരാവസ്തു ഗവേഷകരെ അമ്പരിപ്പിച്ച ഒരു കലാസൃഷ്ടിയാണ് വാര്‍ത്തയായത്.
പള്ളിയുടെ ഭിത്തിയുടെ ഭാഗമായ ഒരു കരിങ്കല്ലില്‍ കപ്പല്‍ ചിത്രങ്ങള്‍ കൊത്തിവെച്ചിരിക്കുന്ന അപൂര്‍വ്വ കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. ഗാസ്സ തുറമുഖത്തേക്ക് കപ്പലില്‍ എത്തിയ ക്രിസ്ത്യന്‍ തീര്‍ത്ഥാടകര്‍ ഈ കൌതുകകരമായ ചിത്രങ്ങള്‍ ഇവിടെ ഉപേക്ഷിച്ചതാകാം.
അവരുടെ ആദ്യത്തെ ഉള്‍നാട്ടില്‍ സ്റ്റോപ്പ് ഈ റാഹത്ത് പള്ളിയായിരുന്നു. ഇവിടെനിന്ന് രാജ്യത്ത് ഉടനീളമുള്ള മറ്റു സ്ഥലങ്ങളിലേക്ക് തുടരുന്നു. യിസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിട്ടിയുടെ ഗവേഷകര്‍ വിശദീകരിക്കുന്നു.
ഡ്രോയിംഗില്‍ രണ്ടു കൊടിമരങ്ങളുള്ള കപ്പല്‍ ചിത്രീകരിച്ചിരിക്കുന്നു. അതിന്റെ കൃത്യമായ വിശദാംശങ്ങള്‍ കലാകരന്റെ സമുദ്ര ജീവിതത്തെക്കുറിച്ചുള്ള പരിചയത്തെ സാക്ഷ്യപ്പെടുത്തുന്നു.
എന്നാല്‍ കണ്ടെത്തിയ ഡ്രോയിംഗ് തലകീഴായി കാണപ്പെടുന്നതിനാല്‍ നിര്‍മ്മാണ സമയത്ത് കല്ല് വെച്ച വ്യക്തിക്ക് അറിയില്ലായിരുന്നു ഇതില്‍ ചിത്രമുണ്ടെന്നുള്ള കാര്യം. അല്ലെങ്കില്‍ അത് കാര്യമാക്കിയിരുന്നില്ല. ഐഎഎ ഏതാനും വര്‍ഷങ്ങളായി ഈ സ്ഥലത്ത് ഖനനം നടത്തുന്നുണ്ട്.
ഗാസ തുറമുഖത്തേക്ക് കപ്പലില്‍ എത്തുന്ന ക്രിസ്ത്യന്‍ തീര്‍ത്ഥാടകരുടെ ആശംസയാണിത്. ഐഎഎ പറഞ്ഞു. ഖനനം നടത്തിയ സ്ഥലം ബൈസെന്റൈന്‍ കാലഘട്ടത്തിന്റെ അവസാനത്തിലും ഇസ്ളാമിക കാലഘട്ടത്തിന്റെ തുടക്കത്തിലും വടക്കന്‍ നെഗോവിലെ സെറ്റില്‍മെന്റിന്റെ നേര്‍ചിത്രമാണ്.
തീര്‍ത്ഥാടകര്‍ പള്ളി സന്ദര്‍ശിക്കുകയും അതിന്റെ ചുവരുകളില്‍ കപ്പല്‍ ഡ്രോയിംഗുകളുടെ രൂപത്തില്‍ അവരുടെ വ്യക്തി മുദ്ര പതിപ്പിച്ചതാണിതെന്നാണ് നിഗമനം.
മെഡിറ്ററേനിയന്‍ തീരദേശ തുറമുഖമായ ഗാസയില്‍ നിന്ന് നെഗോവിന്റെ പ്രധാന നഗരമായ ബേര്‍ശേബയിലേക്ക് നയിക്കുന്ന പുരാതന റോമന്‍ റോഡിനോട് ചേര്‍ന്നാണ് പുരാതന പള്ളി സ്ഥിതി ചെയ്തത്.
യെരുശലേം, ബേത്ലഹേം, നെഗോവ് കുന്നുകളിലെ ആശ്രമങ്ങള്‍, സീനായ് തുടങ്ങിയ ക്രിസ്ത്യന്‍ കേന്ദ്രങ്ങളിലേക്ക് റോമന്‍ റോഡുകളിലൂടെ തീര്‍ത്ഥാടകര്‍ യാത്ര ആരംഭിച്ചു. ഐഎഎ പറഞ്ഞു.
1500 വര്‍ഷങ്ങള്‍ക്കു മുമ്പ് വിശുദ്ധ ഭൂമി സന്ദര്‍ശിച്ച ക്രിസ്ത്യന്‍ തീര്‍ത്ഥാടകരുടെ ചരിത്ര ശേഷിപ്പ് ജൂണ്‍ നാലിന് റാഹത്ത് മുനിസിപ്പല്‍ കള്‍ച്ചറല്‍ ഹാളില്‍ നടക്കുന്ന പ്രദര്‍ശനത്തിന്റെ ഭാഗമായി പൊതു ദര്‍ശനത്തിനു വയ്ക്കും.

