മത്സ്യ മഴ; പെരുത്ത മീന്‍ വീണത് കണ്ട് അമ്പരന്ന് ജനം

മത്സ്യ മഴ; പെരുത്ത മീന്‍ വീണത് കണ്ട് അമ്പരന്ന് ജനം

Asia Breaking News Middle East

ഇറാനില്‍ മത്സ്യ മഴ; പെരുത്ത മീന്‍ വീണത് കണ്ട് അമ്പരന്ന് ജനം

ടെഹ്റാന്‍: ഇറാനിലെ ഒരു പ്രദേശത്ത് മത്സ്യ മഴ പെയ്തു. മഴത്തുള്ളികള്‍ക്കൊപ്പം ആകാശത്തുനിന്ന് മത്സ്യങ്ങള്‍ പതിച്ച കാഴ്ച കണ്ട് അമ്പരന്ന് ജനം. ഇറാനിലെ യസുജ് മേഖലയിലാണ് പ്രകൃതിയുടെ അത്ഭുത പ്രതിഭാസം നടന്നത്. പൊടിമീനൊന്നുമല്ല വീണത്. സാമാന്യം വലിപ്പമുള്ള മത്സ്യങ്ങള്‍ തന്നെ.

അതും പിടയ്ക്കുന്ന ജീവനുള്ളവ തന്നെ. മീനുകള്‍ പെറുക്കിക്കൂട്ടി ജനം സന്തോഷിച്ചു. ആദ്യം ഒന്നു അമ്പരുന്നു നിന്നെങ്കിലും ജനത്തിനു ആവേശമായി. യസൂജ് മേഖലയിലെ മുനിസിപ്പല്‍ പ്ളാസ്യ്ക്കു മുന്നിലാണ് മീന്‍ മഴ തകര്‍ത്തു പെയ്തത്.

നിരത്തുകളിലും കെട്ടിടങ്ങളുടെ മുകളിലും വരെ മത്സ്യങ്ങള്‍ നിറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. മീന്‍ മഴയെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ഇപ്പോള്‍ നേരിട്ട് കണ്ടതില്‍ അവര്‍ ആഹ്ളാദത്തിലാണ്.

ഈ പ്രദേശത്തിന് 280 കിലോമീറ്റര്‍ ദൂരെയുള്ള ഒരു പട്ടണത്തില്‍ അതിശക്തമായ കൊടുങ്കാറ്റ് വീശിയടിച്ചതിനു പിന്നാലെയായിരുന്നു മത്സ്യ മഴ.

കൊടുങ്കാറ്റടിച്ച പ്രദേശത്തെ ഏതെങ്കിലും ജലാശയത്തിലെ മീനുകളാണ് പെയ്തിറങ്ങിയതെന്നാണ് ശാസ്ത്രീയ വിശദീകരണം. കനത്ത ചുഴലിക്കാറ്റില്‍ കടലിലും തടാകങ്ങളിലും ഉള്ള ജലം വലിയ തോതില്‍ ആകാശത്തേക്ക് ഉയരാറുണ്ട്.

വാട്ടര്‍ സ്പോട്ട് എന്നറിയപ്പെടുന്ന ഇത്തരം പ്രതിഭാസത്തില്‍ വെള്ളത്തോടൊപ്പം അവിടെയുള്ള മത്സ്യങ്ങളുമുണ്ടാകും. പിന്നീട് മേഘത്തോടൊപ്പം കാറ്റില്‍ ഇവ സഞ്ചരിക്കുകയും മഴയായി പെയ്യുകയും ചെയ്യും.