കാന്‍സറിനെ കീഴടക്കാന്‍ സിന്തറ്റിക് ആന്റിജന്‍ വികസിപ്പിച്ച് ഇന്ത്യന്‍ ഗവേഷകര്‍
ബംഗളുരു: ക്യാന്‍സര്‍ കോശങ്ങള്‍ക്കെതിരായ ആന്റി ബോഡി ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനാവുന്ന സിന്തറ്റിക് ആന്റിജന്‍ വികസിപ്പിച്ച് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ (എഐഎസ് സി) ഗവേഷകര്‍.
ഭാവിയില്‍ വിവിധ തരം ക്യാന്‍സറുകള്‍ക്കുള്ള വാക്സിന്‍ വികസിപ്പിക്കാന്‍ നിര്‍ണായകമാണ് ഈ പരീക്ഷണ വിജയമെന്നും ഗവേഷകര്‍ പറയുന്നു.
രക്തത്തിലെ ഒരു പ്രോട്ടീന്‍ (മാംസ്യം) വഴി ലിംഫ് നോഡിലെത്തിച്ചാണ് ക്യാന്‍സര്‍ കോശങ്ങള്‍ക്കെതിരായ ആന്റിബോഡികളുടെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നത്. രക്ത്തിലെ പ്ളാസ്മയിലെ സിറം ആല്‍ബുമിന്‍ എന്ന് പ്രോട്ടീനെയാണ് ഇതിനായി തിരഞ്ഞെടുത്തത്.
ശരീരത്തിലെ പ്രതിരോധ വ്യവസ്ഥയുടെ കേന്ദ്രമാണ് ലസികാ ഗ്രന്ഥി എന്ന ലിംഫ് നോഡുകള്‍. എലികളിലാണ് പരീക്ഷണം നടത്തിയത്. ഓര്‍ഗാനിക് കെമിസ്ട്രി വിഭാഗത്തിലെ പ്രൊഫ. എന്‍. ജയരാമനും ഗവേഷക മലയാളി വിദ്യാര്‍ത്ഥിനി ടിവി കീര്‍ത്തനയുമടങ്ങുന്ന സംഘമാണ് സിന്തറ്റിക് ആന്റിജന്‍ വികസിപ്പിച്ചെടുത്തത്.
ആന്റിജനെ ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ കൃത്രിമ പ്രോട്ടീന്‍ ഉപയോഗിച്ചില്ല. ശരീരത്തില്‍ത്തന്നെയുള്ള പ്രോട്ടീനെ വാഹകരാക്കി ലിംഫ് നോഡിലേക്കെത്തിക്കാനാണ് ശ്രമിച്ചതെന്നും ടിവി കീര്‍ത്തന പറഞ്ഞു.
കൃത്രിമ പ്രോട്ടീന്‍, വൈറസ് കണിക എന്നിവയെ വാഹകരായി ഉപയോഗിച്ച് ആന്റിജനുകളെ ശരീരത്തിലേക്ക് കടത്തിവിടാന്‍ ശാസ്ത്രജ്ഞര്‍ നേരത്തെ ശ്രമിച്ചിട്ടുണ്ട്.
എന്നാല്‍ ഇത് പാര്‍ശ്വഫലങ്ങള്‍ക്കിടയാക്കുകയും ക്യാന്‍സര്‍ കോശങ്ങള്‍ക്കെതിരായ ആന്റിബോഡി ഉല്‍പ്പാദനം കുറയ്ക്കുകയും ചെയ്തു.

