തകര്‍ച്ചയില്‍നിന്നും വിടുതല്‍ (എഡിറ്റോറിയൽ)
കൊള്ളയും, പിടിച്ചുപറിക്കലും, കൊലപാതകങ്ങളും, തട്ടിക്കൊണ്ടുപോകലും, മാനഭംഗവും അഴിമതിയുമൊക്കെ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ഒരു സമൂഹമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്.
ആര്‍ക്കും ആരെയും ഭയമില്ല. ആര്‍ക്കും നിയന്ത്രിക്കുവാന്‍ പറ്റാത്ത സാഹചര്യങ്ങള്‍. ജനം ഭീതിയോടെ കഴിയുന്നു. കൊട്ടേഷന്‍ സംഘങ്ങള്‍ നാടു കൈയ്യടക്കിയിരിക്കുന്നു.
നിസ്സാരകാര്യങ്ങള്‍ക്കുപോലും പണംവാങ്ങി കയ്യും കാലും വെട്ടിമാറ്റുന്നു, തലയറുക്കുന്നു. ദയ എന്നത് അന്യമായിക്കൊണ്ടിരിക്കുന്നു.
ഇതിന്റെയെല്ലാം പ്രചോദനം ചിലര്‍ക്ക് താല്‍ക്കാലിക സുഖത്തിനും മറ്റുചിലര്‍ക്ക് ധനസമ്പാദനത്തിനും വേണ്ടിയുള്ള ആക്ഷനുകള്‍ മാത്രം.
ഇതിന്റെ പേരില്‍ ഇരയാകുന്നത് നിരപരാധികളായ നിരവധി കുടുംബങ്ങളാണ്. ചെറിയവര്‍ മുതല്‍ വലിയവര്‍ വരെ ഇന്ന് ബലിയാടുകളായിക്കൊണ്ടിരിക്കുന്നു.
കേരളത്തിലെ മാധ്യമങ്ങള്‍ വിമര്‍ശിക്കുന്നതുപോലെ രാഷ്ട്രീയക്കാരും ചില നിയമപാലകരുമൊക്കെ അധര്‍മ്മികളുടെ സംരക്ഷകരായിരിക്കുന്നു. എന്നാല്‍ ഒരു വസ്തുത ശരിയാണ്.
ഇതെല്ലാം അന്ത്യകാലത്തിന്റെ ലക്ഷണങ്ങളാണ്. ഇതിന്റെ പിന്നിലെ ഒരേയൊരു ശക്തി ഒരാളാണ്. അത് സാത്താനാണ്. ഏദന്‍തോട്ടത്തില്‍വച്ച് മനുഷ്യകുലത്തെ വഴിതെറ്റിച്ച അതേ ശക്തി.
ഭൌതികസുഖങ്ങള്‍ തേടിയുള്ള ഓട്ടമാണ് മനുഷ്യനെ വഴിതെറ്റിക്കുന്ന മുഖ്യഘടകങ്ങളിലൊന്ന്. നാട്ടില്‍ ദൈവവചനം ശരിയായി അനുഷ്ഠിച്ച് ജീവിക്കുന്ന നല്ലൊരു വിഭാഗം ഉണ്ടെങ്കിലും സമൂഹത്തിന്റെ അധഃപതനം ദൈവമക്കളെയും പ്രത്യക്ഷമായോ അപ്രത്യക്ഷമായോ ബാധിക്കുന്നു.
പ്രതികൂലങ്ങളും ഭയവും ദൈവമക്കളെയും അവിശ്വാസികളെയും ഒരുപോലെ പിന്‍തുടരുന്നു. കുറ്റകൃത്യങ്ങള്‍ക്കിരയാകുന്നത് പലപ്പോഴും നിരപരാധികളാണ്. സാഹചര്യങ്ങള്‍ ചിലരെ അടിമകളാക്കുന്നു.
ദൈവവചനം ലോകത്തെ മാറ്റിമറിക്കുന്ന പ്രധാന ചാലകശക്തിയാണ്. ദൈവത്തിന്റെ വചനം ഒരു വ്യക്തിയെ രൂപപ്പെടുത്തുമ്പോള്‍ അത് ഒരു മുന്നോട്ടുള്ള ഒരു നല്ല തലമുറയെയും കറപുരളാത്ത സമൂഹത്തെയും വാര്‍ത്തെടുക്കുന്നു. പ്രസിദ്ധനായ റ്റോയന്‍ബിയുടെ വാക്കുകള്‍ ശ്രദ്ധിക്കുക.
ബൈബിള്‍ മനുഷ്യരാശിയുടെ ബൌദ്ധിക മണ്ഡലത്തെ പരിശോധിക്കുകയും ഹൃദയത്തെ രൂപപ്പെടുത്തുകയും ചെയ്യുന്നു. ഇതെത്രയോ ശരിയാണ്. വിശുദ്ധിയും ദൈവഭയവും പ്രത്യാശയുമുള്ള ഒരു സമൂഹമാണ് ദൈവം ആഗ്രഹിക്കുന്നത്. ബൈബിള്‍ മനുഷ്യനെ രൂപാന്തരപ്പെടുത്തുന്നു.
ദൈവവചനം ശരിയായ രീതിയില്‍ ഹൃദയങ്ങളില്‍ ആഴ്ന്നിറങ്ങാത്തതുകൊണ്ടാണ് പല കൌമാരക്കാരും വഴി പിഴക്കുന്നത്. അനീതിയെയും അക്രമങ്ങളെയും ബൈബിള്‍ വിലക്കുന്നു. ആ സത്യം ഇന്ന് കേരളത്തിലെ യുവാക്കള്‍ മനസ്സിലാക്കിയെങ്കില്‍ നല്ലത്.
കേരളത്തിലെ പെന്തക്കോസ്തു വിശ്വാസികള്‍ക്ക് ദുഷിച്ച സമൂഹത്തിനായി ചെയ്തെടുക്കുവാനുള്ള മുഖ്യകടപ്പാട്, യേശുക്രിസ്തുവിന്റെ സത്യസുവിശേഷം ശരിയായ അര്‍ത്ഥത്തില്‍ ഏറ്റക്കുറച്ചിലുകളില്ലാതെ പങ്കുവെയ്ക്കുക എന്ന ദൌത്യമാണ് മുന്നില്‍ ഇരിക്കുന്നത്.
സുവിശേഷ പ്രചരണങ്ങള്‍ വെറും രോഗശാന്തി ശുശ്രൂഷയും ഭൌതിക അനുഗ്രഹങ്ങളുടെ ഉറവകളുമായി മാത്രം ചുരുങ്ങിയാല്‍ ജനം മാനസാന്തരപ്പെടുകയില്ല.
അതുകൊണ്ട് നമ്മുടെ സമൂഹത്തിന്റെ മനംമാറ്റത്തിനായി പ്രാര്‍ത്ഥിക്കാം, പ്രയത്നിക്കാം. ദൈവം എല്ലാവരെയും ശക്തീകരിക്കട്ടെ.
പാസ്റ്റര്‍ ഷാജി. എസ്.

