കോവിഡാനന്തര ശ്വസകോശ പ്രശ്നങ്ങള്‍ കൂടുതല്‍ ഇന്ത്യയിലെന്നു പഠനം
കോവിഡാനന്തരമുള്ള ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ ഏറ്റവും കൂടുതലുള്ളത് ഇന്ത്യയിലെന്ന് പുതിയ പഠനം. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് നടത്തിയ പഠന റിപ്പോര്‍ട്ട് പിഎന്‍ഒഎസ് ഗ്ളോബല്‍ പബ്ളിക് ഹെല്‍ത്ത് ജേര്‍ണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ചൈനക്കാരും യൂറോപ്യന്‍സുമായി തരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യാക്കാര്‍ക്കിടയില്‍ കോവിഡാനന്തര ശ്വാസകോശരോഗങ്ങള്‍ വര്‍ദ്ധിച്ചതായി പഠനത്തില്‍ പറയുന്നു.
കോവിഡ് ഇന്ത്യാക്കാരുടെ ജീവിത നിലവാരം ദുര്‍ബലമാക്കിയെന്നും ഉയര്‍ന്ന തോതില്‍ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളാണ് ആളുകള്‍ അനുഭവിക്കുന്നതെന്നും പഠനത്തില്‍ കണ്ടെത്തി.
കോവിഡിന്റെ ആദ്യ തരംഗത്തില്‍ രോഗബാധിതരായ 207 ഇന്ത്യാക്കാരെയാണ് പഠന വിധേയമാക്കിയത്. മറ്റ് രാജ്യങ്ങളിലെ ജനങ്ങളെ അപേക്ഷിച്ച് ഇന്ത്യാക്കാരില്‍ പോസ്റ്റ് കോവിഡ് പ്രശ്നങ്ങള്‍ പ്രത്യകിച്ച് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ രൂക്ഷമാണ്.
ചെസ്റ്റ് റേഡിയോ ഗ്രാഫി, വ്യായാമം ചെയ്യുമ്പോഴുള്ള പ്രശ്നം, ശ്വാസകോശ പരിശോധന എന്നിവ വഴിയാണ് ഇത് കണ്ടെത്തിയത്. രോഗബാധിതരായ ഒരു വര്‍ഷത്തിനുള്ളില്‍ 95 ശതമാനത്തിനും ഉത്തരം പ്രശ്നങ്ങള്‍ മാറിയിട്ടുണ്ട്.
എന്നാല്‍ 4 മുതല്‍ 5 ശതമാനത്തിന് ഇത്തരം പ്രശ്നങ്ങള്‍ ശിഷ്ടകാലം കൂടെയുണ്ടാകുമെന്നും പഠനത്തില്‍ പറയുന്നു.
ശ്വാസ തടസ്സം, ആഴ്ചകളോ മാസങ്ങളോ നീണ്ടുനില്‍ക്കുന്ന ചുമ, നെഞ്ചുവേദന, ക്ഷീണം, വ്യായമം ചെയ്യുമ്പോഴുള്ള പ്രശ്നങ്ങള്‍, ഇടയ്ക്കിടെയുണ്ടാകുന്ന ശ്വാസകോശ അണുബാധ എന്നിവയാണ് പഠനത്തിനു വിധേയമാക്കിയവരില്‍ കണ്ടെത്തിയ പ്രശ്നങ്ങള്‍.

