ഭിക്ഷക്കാരന്‍ പട്ടിണി കിടന്നു മരിച്ചു; പരിശോധിച്ചപ്പോള്‍ ഒരു ലക്ഷത്തിലധികം രൂപയുടെ സമ്പാദ്യം
സൂററ്റ്: ഭിക്ഷക്കാരനെ കണ്ടാല്‍ മനമലിഞ്ഞ് പണം നല്‍കുന്നവരാണ് ഭൂരിപക്ഷം ആളുകളും. അവരുടെ ദയനീയമായ സ്ഥിതി മനസ്സിലാക്കിയും, സഹായ അഭ്യര്‍ത്ഥനയും കണ്ട് ഹൃദയം തുറക്കുന്നവരാണ് നമ്മള്‍.
എന്നാല്‍ ഗുജറാത്തിലെ സൂററ്റില്‍ നിന്നുമുള്ള ഒരു വാര്‍ത്ത കേട്ടാല്‍ ഏവരും അമ്പരന്നു പോകും. പട്ടിണി കിടന്നു മരിച്ച ഭിക്ഷക്കാരനില്‍നിന്നും ഒരു ലക്ഷത്തിലധികം രൂപ കണ്ടെത്തിയതാണ് വാര്‍ത്തയായത്.
കയ്യില്‍ പണമുണ്ടായിട്ടാണ് 50 കാരന്‍ ദിവസങ്ങളോളം പട്ടിണി കിടന്നു മരിച്ചതെന്നു പോലീസ് പറയുന്നു. ഭിക്ഷക്കാരന്‍ പട്ടിണി കിടക്കുന്ന വിവരം സമീപത്തുള്ള ഒരു കടയുടമയാണ് വല്‍സാദ് പോലീസിനെ വിളിച്ച് അറിയിച്ചത്.
ഗാന്ധി ലൈബ്രറിക്ക് സമീപമാണ് ഇയാള്‍ കിടന്നിരുന്നത്. പോലീസ് അവിടെയെത്തി ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ഭിക്ഷക്കാരനെ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് ആശുപത്രി ജീവനക്കാരാണ് ഇയാളുടെ വസ്ത്രത്തില്‍നിന്നും 1.14 ലക്ഷം രൂപ കണ്ടെടുത്തത്.
500,200,100, 20,10 ന്റെ നോട്ടുകള്‍ പ്രത്യേകം കെട്ടുകളാക്കി വച്ചായിരുന്നു സൂക്ഷിച്ചിരുന്നത്. ഷര്‍ട്ടിന്റെയും പാന്റ്സിന്റെയും പോക്കറ്റുകളില്‍ ചെറിയ പ്ളാസ്റ്റിക് ബാഗുകളിലാക്കി പൊതിഞ്ഞ നിലയിലായിരുന്നു വച്ചിരുന്നത്.
ആശുപത്രിയില്‍ ഭിക്ഷക്കാരന്‍ ചായ ചോദിച്ചിരുന്നു. ഇയാളുടെ രക്തത്തില്‍ പഞ്ചസാരയുടെ അളവ് വളരെ കുറവായിരുന്നു. ഡ്രിപ്പിട്ടശേഷം ചികിത്സ ആരംഭിച്ചു. എന്നാല്‍ ഒരു മണിക്കൂറിനകം ഇയാള്‍ മരിച്ചു.
ദിവസങ്ങളോളം പട്ടിണി കിടന്നതാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇയാളുടെ പേര് ഉള്‍പ്പെടെയുള്ള മറ്റ് വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

