നന്ദിയുള്ളവരായിരിക്കുക
ദൈവമക്കളായ നാം ദൈവത്തിനു മുന്‍പാകെ വന്‍ പ്രതീക്ഷകളുമായി ജീവിക്കുന്നവരാണ്. ദൈവം രോഗത്തില്‍ നിന്നും ശാപത്തില്‍ നിന്നും വിടുവിച്ചു സകലവിധ നന്മകളും നമുക്ക് പകര്‍ന്ന് തരുന്നവനാണ് എന്നുള്ള ബോധ്യം നമ്മിലുണ്ട്.
പക്ഷേ പലപ്പോഴും ദൈവം ചൊരിഞ്ഞ നന്മകളും അനുഗ്രഹങ്ങളും നാം വിസ്മരിച്ചുകൊണ്ട് അവയ്ക്ക് സ്തുതി സ്തോത്രം അര്‍പ്പിക്കാതെ വീണ്ടും പുതിയ പലകാര്യങ്ങളുമായി ദൈവസന്നിധിയില്‍ കടന്നു ചെല്ലുകയാണ് പതിവ്.
അതായത് ദൈവത്തില്‍നിന്നും എപ്പോഴും എന്തെങ്കിലും വാങ്ങുക എന്നതുമാത്രമാണ് പലരുടെയും രീതി. എന്നാല്‍ അപ്പോസ്തോലനായ പൌലോസ് പറയുന്നത് ശ്രദ്ധിക്കുക, സ്വര്‍ഗ്ഗത്തിലെ സകല ആത്മീകാനുഗ്രഹങ്ങളാലും നമ്മെ ക്രിസ്തുവില്‍ അനുഗ്രഹിച്ചിരിക്കുന്ന നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവന്‍ വാഴ്ത്തപ്പെട്ടവന്‍ (എഫേസ്യര്‍ 1:3) ഇത് ദൈവത്തിനുള്ള നന്ദി കരേറ്റലാണ്.
അപ്പൊസ്തോലനായ പൌലോസിന്റെ ലക്ഷ്യം തന്നെ ഏല്‍പ്പിച്ച ദൌത്യം പൂര്‍ത്തീകരിക്കുക എന്നതു മാത്രമാണ്. അതിനുവേണ്ടി മാത്രമാണ് പൌലോസ് മരണം വരെ പൊരുതിയത്. പൌലോസിന്റെ ജീവിതത്തില്‍ കഷ്ടങ്ങളും, നന്മകളും, പ്രതികൂലങ്ങളും, പ്രതിസന്ധികളും, അനുഗ്രഹങ്ങളുമൊക്കെ സമ്മിശ്രമായി വന്നിരുന്നു.
അവയൊക്കെയും ദൈവഹിതം തന്നെയെന്ന് ഉറപ്പിച്ചാണ് ആ കര്‍ത്തൃദാസന്‍ പ്രവര്‍ത്തിച്ചത്. തന്റെ ലക്ഷ്യം നിറവേറ്റുവാനായി പൌലോസ് ഉശിരോടെ ജ്വലിച്ചപ്പോഴും തന്റെ വ്യക്തിപരമായും, ശുശ്രൂഷാ പരമായും ദൈവം സകല ആവശ്യങ്ങളും നിറവേറ്റിക്കൊടുത്തു എന്നാണ് ബൈബിളിലൂടെ നാം കാണുന്നത്.
പൊലോസ് തന്റെ ജീവിത യാത്രയില്‍ തൃപ്തിയില്ലാത്ത ജീവിതമല്ല കാഴ്ചവെച്ചത്. എവന്‍ എല്ലാത്തിനും സംതൃപ് തനായിരുന്നു. ചെറിയ കാര്യങ്ങള്‍ക്കും, വലിയ കാര്യങ്ങള്‍ക്കും ദൈവ മക്കളായ നാം ഓരോരുത്തരും ദൈവത്തിനു നന്ദി പറയുവാന്‍ ശീലിക്കണം.
ബസ്സില്‍ യാത്ര ചെയ്യുവാന്‍ കേവലം ഒരു രൂപയുടെ കുറവുണ്ടെങ്കില്‍ ബസ്സുകാര്‍ സമ്മതിക്കില്ല. എന്നാല്‍ ഒരു യാത്രക്കാരന്‍ ബുദ്ധിപൂര്‍വ്വം പെരുമാറി ആ പോരായ്മ എവിടെനിന്നെങ്കിലും കണ്ടെത്തി തന്റെ യാത്ര പൂര്‍ത്തീകരിച്ചതില്‍ സംതൃപ്തി അടയുന്നു. ക്രിസ്ത്യാനിയാണ് ഈ യാത്രക്കാരനെങ്കില്‍ അവന്റെ തക്കതായ ആവശ്യം നിറവേറ്റിയത് ദൈവമാണെന്ന് കരുതണം.
അതാണ് ദൈവത്തിന്റെ സഹായം എന്നു പറയുന്നത്. ആ സഹായം കേവലം ഒരു രൂപയുടെ മുല്യത്തിനല്ല വില, മറിച്ച് ആ ആവശ്യത്തിനാണ് വില. ഈ ചിന്ത നാം പലപ്പോഴും വിസ്മരിക്കുന്നു. നാം രൂപയുടെ ഏറ്റക്കുറച്ചിലിലൂടെയാണ് ദൈവത്തിന്റെ സഹായത്തിനു വിലകല്‍പ്പിക്കുന്നത്. അത് തെറ്റാണ്. ദൈവം നമ്മെ എന്തിനുവേണ്ടി ഒരുക്കി, അതല്ല എന്തു ചെയ്യുവാന്‍ വേണ്ടി സഹായിച്ചു എന്നതിനാണ് അവിടെ മൂല്യം കല്‍പ്പിക്കേണ്ടത്.
ആയതിനാല്‍ ദൈവമക്കളായ നാം എന്തിനും ഏതിനും ദൈവത്തിനു നന്ദി കരേറ്റണം. എപ്പോഴും സന്തോഷിപ്പിന്‍ ഇടവിടാതെ പ്രാര്‍ത്ഥിപ്പിന്‍ , എല്ലാറ്റിനും സ്തോത്രം ചെയ്വിന്‍ , ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തു യേശുവില്‍ ദൈവേഷ്ടം. (1 തെസ്സ 5: 18). ദൈവം സഹായിക്കട്ടെ.
പാസ്റ്റര്‍ ഷാജി. എസ്.