ക്രിസ്തുവില്‍ ഉള്ള സ്നേഹം

ക്രിസ്തുവില്‍ ഉള്ള സ്നേഹം

Articles Breaking News Editorials

ക്രിസ്തുവില്‍ ഉള്ള സ്നേഹം

മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം അറ്റുപോകുന്നു. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധം തകരുന്നു. ഇതൊക്കെ സര്‍വ്വസാധാരണമല്ലേ എന്നു ചിലരൊക്കെ ചോദിക്കാറുണ്ട്.

നാട്ടുനടപ്പു നമ്മുടെ ഭവനങ്ങളില്‍ ആവശ്യമില്ല. കുടുംബത്തിലെ അംഗങ്ങളുടെ രക്തബന്ധവും സനേഹബന്ധവുമൊക്കെ നാം തന്നെ നിലനിര്‍ത്തേണം. ദൈവം അറിഞ്ഞുകൊണ്ടു മനുഷ്യനു വരുത്തിവെച്ച പദ്ധതികളുടെ ഒരു ക്രമീകരണമാണ് കുടുംബം എന്നത്.

ഇതൊരു വ്യവസ്ഥയാണ്. ദൈവീക വ്യവസ്ഥ. ഏദന്‍ തോട്ടത്തില്‍ മനുഷ്യന്‍ ‍(ആദാം) ഏകനായിരിക്കുന്നതു നന്നല്ല എന്ന് ദൈവത്തിനു തോന്നിയതിനാല്‍ തക്ക ഒരു തുണയെ ദൈവം ഒരുക്കിക്കൊടുത്തു.

ഇതു ഇരുവര്‍ക്കും ഒരു സഹായം എന്ന നിലയിലും സന്തോഷകരമായ ജീവിതം നയിക്കുന്നതിനും വേണ്ടിയായിരുന്നു. ഇവര്‍ പാപത്തില്‍ വീണിട്ടും ദൈവം മനുഷ്യനെ സ്നേഹിക്കുന്നതിനും കുറവുവരുത്തിയിട്ടില്ല. മനുഷ്യര്‍ക്ക് സന്തതി പരമ്പരകളെ ദൈവം ഒരുക്കി കൊടുത്തു.

ഓരോ മനുഷ്യന്റെയും ജീവിതത്തിന് ഒരു പരിധി ദൈവം നിശ്ചയിച്ചുട്ടുണ്ട്. മിക്കവാറും ഇന്ന് നൂറു വയസ്സിനു മുന്‍പില്‍ തന്നെ ഇഹലോക വാസം വെടിയുന്നു. വാര്‍ദ്ധക്യത്തിന്റെ അസ്തമന കാലത്ത് തങ്ങള്‍ ജനിപ്പിച്ചു പോറ്റി വളര്‍ത്തിയ മക്കളിലാണ് എല്ലാ മാതാപിതാക്കളും പ്രതീക്ഷ അര്‍പ്പിക്കുന്നത്.

മക്കള്‍ ദൈവം നല്കുന്ന ദാനമാണ്. മക്കള്‍ യഹോവ നല്കുന്ന അവകാശവും ഉദരഫലം, അവന്‍ തരുന്ന പ്രതിഫലവും തന്നേ (സങ്കീ 127:3) എന്നു വേദപുസ്തകം പറയുന്നു.

മാതാപിതാക്കള്‍ക്ക് മക്കളാണ് ഈ ലോകത്ത് ഏറ്റവും വലിയ ധനം. അതിനു സമമായി യാതൊന്നുമില്ല. മാതാപിതാക്കള്‍ക്ക് തങ്ങളുടെ മക്കളെത്തന്നെയാണ് ആവശ്യം അവരുടെ സ്നേഹസാന്ത്വനം, കരുതല്‍ ‍, കൂട്ടായ്മ ഇതൊക്കെ ഒരു കുടുംബത്തെ ഏറ്റവും ധന്യമാക്കുന്നു. ഇന്ന് പലകുടുംബത്തിലും മാതാപിതാക്കള്‍ ഏകാന്തത അനുഭവിക്കുന്നവരാണ്.

മക്കള്‍ മറ്റു സ്ഥലങ്ങളിലോ വിദേശങ്ങളിലോ കഴിയുന്ന മാതാപിതാക്കള്‍ക്ക് വേണ്ടത്ര സമ്പത്തും ജീവിത ക്രമീകരണങ്ങളും വാഹനങ്ങളും സഹായത്തിനായി വേലക്കാരുമൊക്കെയുണ്ട് ഇതിനായി ലക്ഷങ്ങള്‍ മുടക്കുന്നുമുണ്ട്. എങ്കിലും മക്കളോടൊത്തുള്ള ആനന്ദപൂര്‍ണ്ണമായ ജീവിതം ഒന്നു പങ്കുവയ്ക്കാന്‍ അനേക മാതാപിതാക്കള്‍ കൊതിക്കുന്നു.

പലരും നാട്ടിലെത്തുന്നത് തങ്ങളുടെ മാതാപിതാക്കളുടെ ചേതനയറ്റ ശരീരം മോര്‍ച്ചറികളില്‍ കിടത്തിയിരിക്കുമ്പോഴാണ്. ഇത് ഏറ്റവും വേദന ഉളവാക്കുന്ന രംഗങ്ങളാണ്. ചിലര്‍ പിണങ്ങി കഴിയുന്നവരുമുണ്ട്. ഉപജീവനാര്‍ത്ഥം അകലെ കഴിയുന്നവരുമുണ്ട്. എന്തായാലും മനുഷ്യന്റെ ധാര്‍മ്മികതയുടെ മൂല്യത്തിനു ഇടിവു പറ്റിയിരിക്കുന്നു.

സ്വന്തകുടുംബത്തിലെ സ്നേഹബന്ധത്തേക്കാള്‍ വലുത് പണവും വാശിയുമാണെന്ന് ചിലര്‍ വിചാരിക്കുന്നു. ഇത് ദൈവം പോലും അംഗീകരിക്കുന്നില്ല. യാക്കോബിന്റെ ജീവിതാന്ത്യസമയത്ത് അന്യരാജ്യത്തായിരുന്ന യോ സേഫും കുടുംബവും തന്റെ പിതാവിന്റെ അടുക്കലേക്കു മടങ്ങിവന്നു യാക്കോബില്‍ നിന്നും അനുഗ്രഹം വാങ്ങിയകാര്യം ബൈബിള്‍ വ്യക്തമാക്കുന്നു.

അത് ദൈവസ്നേഹത്തെ കാണിക്കുന്നു. ഈ നിയമം നമ്മോടോരോരുത്തരോടും ചൂണ്ടികാണിക്കുന്നു. ദൈവം നമ്മെ സ്നേഹിക്കുന്നു നമ്മുടെ കുടുംബത്തേയും. ദൈവീക സ്നേഹം നമ്മുടെ കുടുംബങ്ങളില്‍ നിലനിര്‍ത്താം. ദൈവം സഹായിക്കട്ടെ!
പാസ്റ്റര്‍ ഷാജി. എസ്.