മരണാനന്തര ജീവിതം ഉണ്ട്; 5000 ത്തിലേറെ പേരില്‍ നടത്തിയ പഠന റിപ്പോര്‍ട്ട് ശരിവെയ്ക്കുന്നു
ന്യുയോര്‍ക്ക്: മരണാനന്തര ജീവിതം ഉണ്ടോ എന്ന് പുരാതന കാലം മുതല്‍ മനുഷ്യന്‍ അന്വേഷിക്കുന്ന ഒന്നാണ്. ലോകത്തിന്റെ വിവിധ ഇടങ്ങളിലെ ഇതിഹാസങ്ങളും പുരാതന കഥകളും പരിശോധിച്ചാല്‍ അവയിലൊക്കെ മരണാനന്തര ജീവിതത്തെയും ലോകത്തെയും പറ്റിയും ആത്മാവ് എന്ന വ്യക്തിത്വത്തെപ്പറ്റിയും വിവരിക്കുന്നതായി കാണാം. ബൈബിള്‍ മനുഷ്യന്റെ ആത്മാവിനെക്കുറിച്ച് സൃഷ്ടിയുടെ ആരംഭത്തില്‍ത്തന്നെ വളരെ വ്യക്തമാക്കിയിട്ടുണ്ട്.
പലരും മരണാനന്തര ജീവിതമുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായി തെളിയിച്ചു തരാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് ഇതുവരെയും ശാസ്ത്രം പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാല്‍ മരണ ശേഷവും ജീവിതമുണ്ടെന്ന് നിസ്സംശയം തെളിയിച്ചിരിക്കുകയാണ് അമേരിക്കന്‍ റേഡിയേഷന്‍ ഓങ്കോളജിസ്റ്റായ ഡോ. ജെഫ്രി ലോംഗ്. മരണാസന്നരായ (നിയര്‍ ഡെത്ത് എക്സപീരിയന്‍സ്) അനുഭവിച്ച 5000ത്തിലേറെ പേരില്‍ നടത്തിയ പഠനങ്ങളുടെ വെളിച്ചത്തിലാണ് ജെഫ്രി തന്റെ വാദം മുന്നോട്ടു വയ്ക്കുന്നത്.
1998-ല്‍ നിയര്‍ ഡെത്ത് എക്സ്പീരിയന്‍സ് റിസര്‍ച്ച് ഫൌണ്ടേഷന്‍ എന്ന ഗവേഷണ സംരംഭത്തിനു ഇദ്ദേഹം തുടക്കം കുറിച്ചിരുന്നു. തന്റെ കണ്ടെത്തലുകളെ പറ്റി അടുത്തിടെ ഒരു അമേരിക്കന്‍ മാധ്യമത്തില്‍ അദ്ദേഹം ലേഖനം പ്രസിദ്ധീകരിച്ചു. അബോധാവസ്ഥയിലോ ക്ളിനിക്കല്‍ മരണം സംഭവിച്ചതോ ആയ, ഹൃദയമിടിപ്പ് ഇല്ലാത്ത ഒരാള്‍ കാണുകയും കേള്‍ക്കുകയും വികാരങ്ങള്‍ അനുഭവിക്കുകയും ജീവികളുമായി ഇടപഴകുകയും ചെയ്യുന്ന വ്യക്തമായ അനുഭവമെന്നാണ് നിയര്‍ ഡെത്ത് എക്സ്പീരിയന്‍സിനു ജെഫ്രി നല്‍കുന്ന നിര്‍വ്വചനം.
ഇത്തരത്തില്‍ എന്‍ഡിഇയിലൂടെ കടന്നുപോയവരില്‍ നിന്ന് ജെഫ്രി വിവരങ്ങള്‍ ശേഖരിച്ചു. ഓരോരുത്തരുടെയും അനുഭവം വ്യത്യസ്തമാണെന്ന് ഇദ്ദേഹം പറയുന്നു. എന്‍ഡിഇ നേരിട്ട 45 ശതമാനം പേര്‍ക്കും ശരീരത്തിനു പുറത്തു കടന്നതുപോലെയുള്ള തോന്നലുണ്ടായി. ഇത്തരം ആളുകളുടെ ബോധ മനസ് അവരുടെ ഭൌതിക ശരീരത്തില്‍ നിന്ന് വേര്‍പെടുകയും ചുറ്റിത്തിരിയുകയും ചെയ്യുന്നു. അവര്‍ക്ക് ചുറ്റും നടക്കുന്നത് എന്താണെന്ന് കാണാനും കേള്‍ക്കാനും സാധിക്കുന്നു. ശരീരത്തിനു പുറത്തു കടക്കുന്ന ബോധ മനസ് മറ്റൊരു ലോകത്തേക്കാണ് സഞ്ചരിക്കുക. കൂടുതല്‍ പേരും ഒരു ടണലിലൂടെ കടന്നുപോയെന്നും ശക്തമായ പ്രകാശം നേരിട്ടതായും ജെഫ്രി പറയുന്നു.
തുടര്‍ന്ന് മണ്‍മറഞ്ഞ അവരുടെ പ്രിയപ്പെട്ടവരെയും വളര്‍ത്തുമൃഗങ്ങളെയും ഇവര്‍ കാണുന്നു. അപ്പോള്‍ അതിയായ സന്തോഷവും സമാധാനവും ആണത്രെ അനുഭവിക്കുക. തങ്ങളുടെ യഥാര്‍ത്ഥ വീട്ടിലെത്തിയതുപോലെ ഇവര്‍ക്ക് തോന്നുമെന്നും ജെഫ്രി വ്യക്തമാക്കി. തന്നോട് ഇക്കാര്യങ്ങള്‍ വിവരിച്ച രോഗികളുടെ പ്രതികരണവും ജെഫ്രി പുറത്തുവിട്ടു.
കുതിരപ്പുറത്ത് സഞ്ചരിക്കവേ ബോധം നഷ്ടമായ ഒരു സ്ത്രീയുടെ കേസ് ജെഫ്രി വിവരിക്കുന്നുണ്ട്. സ്ത്രീയുടെ ശരീരം വഴിയില്‍ കിടന്നെങ്കിലും അവരുടെ ബോധ മനസ് കുതിരയ്ക്കൊപ്പം സഞ്ചരിച്ച് ഫാമിലെത്തിച്ചേര്‍ന്നു. പിന്നീട് പൂര്‍വ്വസ്ഥിതിയിലെത്തിയശേഷം ഈ ഫാമില്‍ നടന്നതൊക്കെ ഇവര്‍ക്ക് പറയാന്‍ കഴിഞ്ഞു.
കാരണം അവിടെ നടന്നതെല്ലാം അവരുടെ ബോധ മനസ് കാണുകയും കേള്‍ക്കയും ചെയ്തതുകൊണ്ടാണത്രെ. എന്നാല്‍ ഈ അനുഭവങ്ങള്‍ക്കൊന്നും ശാസ്ത്രീയമായ ഒരു വിശദീകരണം നല്‍കാന്‍ തനിക്കാകില്ല എന്നും ജെഫ്രി പറയുന്നു. സമാന പഠനങ്ങള്‍ നടത്തിയ ഡോക്ടര്‍മാരും ജെഫ്രിയോട് യോജിക്കുന്നുണ്ട്.