ഇന്ത്യയില്‍ സിസേറിയന്‍ പ്രസവ നിരക്ക് കൂടുന്നതായി റിപ്പോര്‍ട്ട്
ന്യൂഡെല്‍ഹി: ലോകാരോഗ്യസംഘടനയുടെ ചട്ടവും മറികടന്ന് ഇന്ത്യയില്‍ സിസേറിയനിലൂടെയുള്ള പ്രസവ നിരക്ക് വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ അനുസരിച്ച് 2021-22 വര്‍ഷത്തെ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം സര്‍ക്കാര്‍ ആശുപത്രികളിലെ 15 ശതമാനം പ്രസവവും സിസേറിയനിലൂടെയാണ് നടന്നിട്ടുള്ളത്.
സ്വകാര്യ ആശുപത്രികളില്‍ ഇത് 38 ശതമാനമാണ്. ഒരു രാജ്യത്തെ സിസേറിയന്‍ പ്രസവങ്ങള്‍ പത്ത് ശതമാനത്തില്‍ കൂടുതല്‍ ആകാന്‍ പാടില്ല എന്ന ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശത്തെ മറികടക്കുന്നതാണ് ഇന്ത്യയിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
സ്വകാര്യ ആശുപത്രികളില്‍ സിസേറിയന്‍ പ്രസവങ്ങള്‍ ക്രമാതീതമായി കൂടുന്നു എന്ന നിരീക്ഷണത്തിലായിരുന്നു ലോകാരോഗ്യ സംഘടന ഇത്തരത്തിലൊരു മാര്‍ഗ്ഗ നിര്‍ദ്ദേശം പുറത്തിറക്കിയത്. എന്നാല്‍ ഇന്ത്യയില്‍ ഈ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്നാണ് ഇപ്പോഴത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
2022 മാര്‍ച്ച് വരെയുള്ള കണക്കുകളില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലാണ് ഏറ്റവും കൂടുതല്‍ സിസേറിയന്‍ പ്രസവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
2020-21-ലെ കണക്കു പ്രകാരം ആന്‍ഡമാന്‍ നിക്കോബാറിലെ 95.45 ശതമാനം പ്രസവവും സിസേറിയനിലൂടെ സ്വകാര്യ ആശുപത്രികളിലാണ് നടന്നിട്ടുള്ളത്. കേരളത്തില്‍ ഇക്കാലയളവില്‍ നേരിയ വര്‍ദ്ധനവു മാത്രമാണ് ഉണ്ടായിട്ടുള്ളത്.
എന്നാല്‍ കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ കൂടുതല്‍ സിസേറിയന്‍ പ്രസവങ്ങള്‍ നടക്കുന്നു എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

