ലോകത്തെ ആദ്യ ‘റോബോട്ട് വക്കീല്‍ ’ കോടതിയിലേക്ക്; വാദം ഫെബ്രുവരിയില്‍
വാഷിംഗ്ടണ്‍ : മനുഷ്യന്‍ മനുഷ്യനുവേണ്ടി വാദിക്കുന്ന നീതികേന്ദ്രമാണല്ലോ കോടതി. എന്നാല്‍ ഇന്ന് ആ സ്ഥാനത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) നിര്‍മ്മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന റോബോര്‍ട്ട് അമേരിക്കയില്‍ ട്രാഫിക് നിയമ ലംഘനവുമായി ബന്ധപ്പെട്ട ഒരു കേസില്‍ പ്രതിക്കുവേണ്ടി വാദിക്കാനാണ് കോടതിയിലേക്കു പോകുന്നത്. ലോകത്ത് ആദ്യമായാണ് കോടതിയില്‍ മനുഷ്യനുവേണ്ടി ‘എഐ വക്കീല്‍ ’ വാദം നടത്താന്‍ പോകുന്നത്. ഫെബ്രുവരിയിലാണ് കേസിന്റെ വാദം കേള്‍ക്കല്‍ .
ഡുനോട്ട്പേ എന്ന സ്റ്റാര്‍ സ്റ്റാര്‍ട്ട്അപ് കമ്പനി വികസിപ്പിച്ച എഐ റോബോട്ട് പ്രതിയുടെ സ്മാര്‍ട്ട് ഫോണിലാണ് പ്രവര്‍ത്തിക്കുക. ഒരു നിയമ സേവന ചാറ്റ്ബോട്ടാണ് ഡുനോട്ട്പേ. ലോകത്തിലെ ആദ്യത്തെ റോബോട്ട് വക്കീലാണ് ഇതെന്നും കമ്പനി അവകാശപ്പെടുന്നു.
ഈ റോബോട്ട് വക്കീല്‍ തല്‍സമയം കോടതി വാദങ്ങള്‍ കേള്‍ക്കയും മനുഷ്യ വക്കീലിനെ പോലെതന്നെ പ്രതിയോട് ഇയര്‍പീസ് വഴി എന്താണ് പറയേണ്ടതെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്യും.
കോടതിയില്‍ കേള്‍ക്കുന്ന വിവരങ്ങള്‍ എഐ റോബോട്ട് പ്രോസസ് ചെയ്യുകയും വിശകലനം ചെയ്യുകയും തുടര്‍ന്ന് പ്രതിയോട് പ്രതികരിക്കാന്‍ ഉപദേശിക്കുകയും ചെയ്യുമെന്ന് ശാസ്ത്ര സാങ്കേതിക പ്രസിദ്ധീകരണമായ ന്യൂ സയന്റിസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞനായ ജോഷ്വ ബ്രൌഡറാണ് ഈ എഐ റോബോട്ടിന്റെ നിര്‍മ്മാതാവ്. കാലിഫോര്‍ണിയായില്‍ 2015-ല്‍ സൃഷ്ടിച്ച ഈ റോബോട്ടിനെ കേസിനെക്കുറിച്ച് എഐ അസിസ്റ്റന്റിനെ പരിശീലിപ്പിക്കാന്‍ വളരെയധികം സമയം എടുത്തതായി ബ്രൌഡര്‍ പറയുന്നു.
ഫീസോ പിഴയോ അടയ്ക്കാന്‍ വൈകിയ ഉപഭോക്താക്കള്‍ക്ക് നിയമോപദേശം നല്‍കുന്നതിനുള്ള ഒരു ചാറ്റ്ബോട്ടായാണ് ഇതിന്റെ തുടക്കം.

