കോവിഡ് തലച്ചോറിലടക്കം വ്യാപിക്കും; എട്ടു മാസം നിലനില്‍ക്കുമെന്ന് പഠനം
വാഷിംഗ്ടണ്‍ : ലോകത്തെ മുഴുവന്‍ നിശ്ചലമാക്കിയ കോവിഡ് 19 വൈറസ് തലച്ചോര്‍ അടക്കം ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപിക്കുമെന്ന് പഠനം.
രോഗബാധിതരില്‍ എട്ടു മാസത്തോളം വൈറസ് സാന്നിദ്ധ്യം നിലനില്‍ക്കും. കോവിഡ് ബാധിച്ച് മരിച്ചവരുടെ ബോഡികളില്‍ നടത്തിയ പോസ്റ്റ്മാര്‍ട്ടം പരിശോധനയില്‍ ശേഖരിച്ച കോശങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
2020 ഏപ്രില്‍ മുതല്‍ 2021 മാര്‍ച്ച് വരെയുള്ള കാലയളവില്‍ യു.എസ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് ഹെല്‍ത്താണ് പഠനം നടത്തിയത്.
വാക്സിന്‍ എടുക്കാത്ത, കോവിഡ് ബാധിച്ച മരിച്ച 11 പേരുടെ തലച്ചോര്‍ ഉള്‍പ്പെട നാഡീവ്യൂഹത്തില്‍ വിശദമായ പഠനമാണ് നടത്തിയത്. കോവിഡ് പോസിറ്റീവായ 38 പേരുടെ രക്തത്തിലെ പ്ളാസ്മ ശേഖരിച്ചും പഠനം നടത്തിയിരുന്നു.
രോഗലക്ഷണം പ്രകടമായ ശേഷം ശരാശരി 18.5 ദിവസം കഴിഞ്ഞാണ് രോഗികള്‍ മരണപ്പെട്ടത്. മരിച്ചവരില്‍ 61.4 ശതമാനം പേര്‍ക്ക് മരണകാരണമായേക്കുന്ന മൂന്നിലധികം മറ്റു രോഗബാധയുണ്ടായിരുന്നു.
കോവിഡ് വൈറസ് ആദ്യം ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. 230 ദിവസത്തിനുശേഷവും സാര്‍സ് കോവ് 2 വൈറസ് സാന്നിദ്ധ്യം ശരീരത്തില്‍ കണ്ടെത്തി.
എന്നാല്‍ തലച്ചോറിലെ കോശങ്ങള്‍ക്ക് കാര്യമായ കേടുപാടുകള്‍ കോവിഡ് വൈറസ് മൂലം സംഭവിക്കുന്നില്ലെന്ന വസ്തുത ആശ്വസകരമാണെന്നും നേച്ചര്‍ മാഗസിനില്‍ പ്രസദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.

