ദൈവഹിതത്തിനു വിധേയരാകുക
ഇന്ന് മനുഷ്യരില്‍ പലരും തങ്ങളുടെ സ്വന്തം ഇഷ്ടങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കുംവേണ്ടി പ്രവര്‍ത്തിക്കുന്നവരാണ്. തങ്ങളുടെ ചിന്തകളാണ് ശരി, തങ്ങളുടെ അഭിപ്രായമാണ് സത്യം എന്നും അവര്‍ വാദിക്കുന്നു.
ഇതിനുവേണ്ടി ഇക്കൂട്ടര്‍ എന്തും ചെയ്യുവാന്‍ സന്നദ്ധരാകുന്നു. പബ്ളിസിറ്റി ലഭിക്കുവാനായി വീരവാദം മുഴക്കുന്നു. അധികാരികളോ, ഉന്നതന്മാരോ ആണെങ്കില്‍ അവരുടെ വാദം മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുവാന്‍ ശ്രമം നടത്തുന്നു.
സമൂഹത്തിലെ ഏതൊരു വ്യക്തിയും വളര്‍ന്നു വരുന്നത് ആ വ്യക്തിയുടെ ജീവിത സാഹചര്യങ്ങളിലൂടെയാണ്. ഭവനത്തിലെ മറ്റുള്ളവരുടെ സ്വഭാവങ്ങളും സമൂഹത്തിലെ ഇടപെടലുകളുമൊക്കെ സ്വാധീനിച്ചിരിക്കാം. ചിലര്‍ വളര്‍ന്നു വന്ന സാഹചര്യമാണ് അഭിപ്രായമായി കാണുന്നത്.
ഇത്തരക്കാര്‍ക്ക് സ്വന്തമായ അഭിപ്രായമുണ്ടാവുകയില്ല. എന്നാല്‍ മറ്റൊരുകൂട്ടര്‍ ജീവിതസാഹചര്യങ്ങള്‍ തെറ്റായാലും ശരിയായാലും വളര്‍ന്നുവന്ന രീതികളും, ആശയങ്ങളും വിശ്വസിക്കുമ്പോള്‍ത്തന്നെ സ്വന്തം അഭിപ്രായങ്ങളും ജീവിത ശൈലികളില്‍ പ്രകടിപ്പിക്കാറുണ്ട്.
മേല്‍ വിവരിച്ച വ്യക്തികളെ ഒക്കെ സ്വാധീനിക്കുന്നത് ലോകമയമായ ചിന്തകളും ആശയങ്ങളും, ആചാരങ്ങളുമാണ്. അവര്‍ ഈ ലോകത്ത് ജീവിച്ചു മരിക്കുന്നു.
എന്നാല്‍ ക്രൈസ്തവ വിശ്വാസിയായ ഒരാള്‍ക്ക് അപ്രകാരം ജീവിക്കുവാന്‍ സാദ്ധ്യമല്ല.
നമുക്ക് ദൈവം തെറ്റും ശരിയും തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം അനുവദിച്ചു തന്നിട്ടുണ്ടെങ്കിലും നാം തെറ്റുകള്‍ അനുഷ്ഠിക്കാതെ ശരിയായവ തിരഞ്ഞെടുത്തു ജീവിക്കുവാനാണ് ദൈവം ആഗ്രഹിക്കുന്നത്.
ദൈവം ഒരു മനുഷ്യനെ ഒരിക്കലും അടിച്ചമര്‍ത്തി തന്റെ ഇഷ്ടങ്ങള്‍ക്കു വിധേയനാക്കിയിട്ടില്ല. ഏദെന്‍ തോട്ടത്തില്‍ ദൈവം ആദാമിനും ഹവ്വായ്ക്കും സ്വാതന്ത്ര്യം അനുവദിച്ചിരുന്നു.
തോട്ടത്തില്‍ നന്മതിന്മകളേക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന്റെ ഫലം തിന്നരുതെന്നും ബാക്കിയുള്ളവ തിന്നാമെന്നും കല്‍പ്പിച്ചിരുന്നു. എന്നാല്‍ അവര്‍ ദൈവത്തിന്റെ വാക്ക് പൂര്‍ണ്ണമായി അനുസരിക്കാതെ സാത്താന്റെ ഇംഗീതത്തിനു വഴങ്ങുകയാണ് ചെയ്തത്.
ഇവിടെ പാപം ചെയ്യുവാനുള്ള അവരുടെ താല്‍പ്പര്യം സ്വാതന്ത്ര്യമായി അവര്‍ ഗണിച്ചു. സ്വയം ശിക്ഷ ഏറ്റുവാങ്ങി. ഇത് മനുഷ്യകുലത്തെ മൊത്തത്തില്‍ ബാധിച്ചു. മനുഷ്യവര്‍ഗ്ഗത്തിന് ജീവിക്കുവാന്‍ ദൈവം ഭൂമിയില്‍ സ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ട്.
എന്നാല്‍ പാപം ചെയ്യുവാനും തെറ്റുകള്‍ ചെയ്യുവാനും ദൈവം അംഗീകാരം നല്‍കിയിട്ടില്ല. ദൈവത്തിന്റെ പ്രമാണങ്ങളും ഉപദേശങ്ങളും അനുഷ്ഠിച്ച് ജീവിക്കുന്നവര്‍ ഒരിക്കലും പാപത്തിനു വിധേയപ്പെടുകയില്ല.
ദൈവം പറഞ്ഞ കാര്യങ്ങള്‍ ; ചെയ്യേണ്ടതു ചെയ്യുകയും ചെയ്യേണ്ടന്നു പറഞ്ഞ കാര്യങ്ങള്‍ നമ്മള്‍ ചെയ്യാതിരിക്കുകയും ചെയ്താല്‍ ദൈവം നമ്മില്‍ പ്രസാദിക്കും. അതാണ് നമ്മെക്കുറിച്ച് ദൈവം ആഗ്രഹിക്കുന്നത്.
ഒരിക്കലും നമ്മുടെ ഇഷ്ടത്തിനു മാത്രം ജീവിച്ചാല്‍ നാം രക്ഷപെടുകയില്ല. ദൈവത്തിന്റെ ഹിതമനുസരിച്ച് ജീവിക്കണം. പൂര്‍വ്വപിതാവായ അബ്രഹാമും, പ്രവാചകനായ മോശയും മറ്റ് അപ്പോസ്തോലന്മാരും, ദൈവദാസന്മാരുമൊക്കെ ദൈവഹിതത്തിനു വിധേയരായി ജീവിച്ചപ്പോള്‍ ദൈവീക വാഗ്ദത്തങ്ങള്‍ പ്രാപിക്കുവാനിടയായി.
അവര്‍ ഭൂമിയില്‍ ആഗ്രഹിച്ചത് നേടിയെടുത്തു. ദൈവഹിതത്തിനു വിരോധമായി പ്രവര്‍ത്തിച്ചവര്‍ക്ക് നാശവും നഷ്ടവും സംഭവിച്ചു. അതുകൊണ്ട് ഈ ലോകത്ത് നാം കാണുന്ന ആചാരങ്ങളും, ജീവിതരീതികളും അതേപടി അംഗീകരിച്ചാല്‍ നമുക്കു മുമ്പില്‍ പരാജയമായിരിക്കും സംഭവിക്കുക. ദൈവമാണ് നമ്മെ സൃഷ്ടിച്ചത്.
നാം ജീവിക്കുന്നതും ദൈവത്തിന്റെ കരുണകൊണ്ടു മാത്രമാണ്. ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കി നാം ജീവിക്കുക.
പാസ്റ്റര്‍ ഷാജി. എസ്.

