ഛത്തീസ്ഗഢില്‍ കൊല്ലപ്പെട്ട പാസ്റ്ററുടെ മൃതദേഹം സംസ്ക്കരിച്ചു
ബിജാപൂര്‍ : ഛത്തീസ്ഗഢിലെ ബിജാപൂര്‍ ജില്ലയില്‍ നക്സലൈറ്റുകള്‍ ആക്രമിച്ച് കൊലപ്പെടുത്തിയ പാസ്റ്റര്‍ യാലം ശങ്കറിന്റെ (50) മൃതദേഹം സംസ്ക്കരിച്ചു. അംഗംപള്ളിയിലെ ബിഡിഎം (ബസ്തര്‍ ഫോര്‍ ക്രൈസ്റ്റ് മൂവ്മെന്റ്) സഭയിലെ സീനിയര്‍ ശുശ്രൂഷകനായിരുന്നു കൊല്ലപ്പെട്ട പാസ്റ്റര്‍.ശങ്കര്‍ പോലീസിന് വിവരങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്നു എന്ന് സംശയിച്ച് നക്സലൈറ്റുകള്‍ കൊലപ്പെടുത്തിയതാണെന്ന് പോലീസ് വെളിപ്പെടുത്തി.
മാര്‍ച്ച് 17 വ്യാഴാഴ്ച മദ്ദേഡ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ അംഗംപള്ളി ഗ്രാമത്തിലാണ് ദാരുണ സംഭവം നടന്നത്. ആയുധധാരികളായ ഒരു സംഘം പ്രവര്‍ത്തകര്‍ പാസ്റ്റര്‍ ശങ്കറിന്റെ വീട്ടില്‍ പ്രവേശിച്ച് മാരകായുധങ്ങളുമായി അദ്ദേഹത്തെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പാസ്റ്റര്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു.
വെള്ളിയാഴ്ച പോലീസ് എത്തി മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിന് ആശുപത്രിയിലേക്ക് മാറ്റുകയും, പോസ്റ്റുമാര്‍ട്ടത്തിനുശേഷം ശനിയാഴ്ച മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുകയുമായിരുന്നു. പാസ്റ്റര്‍ക്ക് ഭാര്യയും രണ്ട് ആണ്‍ മക്കളുമുണ്ട്.
കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും, ശങ്കര്‍ പോലീസിനു വിവരങ്ങള്‍ നല്‍കുന്ന ആളാണെന്ന് ആരോപിക്കുകയും ചെയ്യുന്ന ഒരു കുറിപ്പ് മദ്ദേഡ് ഏരിയ കമ്മറ്റിയുടെ പേരില്‍ സംഭവസ്ഥലത്തുനിന്നും കണ്ടെടുക്കുകയുമുണ്ടായി. അക്രമികളെ കണ്ടെത്തുന്നതിനായി കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും കൊല്ലപ്പെട്ട പാസ്റ്റര്‍ക്ക് പോലീസുമായി യാതൊരു ബന്ധവുമില്ലെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എന്നാല്‍ പാസ്റ്ററെ വിട്ടീല്‍ കയറി കൊലപ്പെടുത്തിയ സംഭവത്തിനു പിന്നില്‍ തീവ്രഹിന്ദുത്വ സംഘമാണെന്ന ആരോപണങ്ങളും ചില കേന്ദ്രങ്ങളില്‍നിന്നും ഉയര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പാസ്റ്റര്‍ ശങ്കറിന് ഹിന്ദു സംഘടനകളില്‍നിന്നും ഭീഷണി ഉണ്ടായിരുന്നതായും ചില പ്രദേശ വാസികള്‍ പറയുന്നു.

