ലാവോസില്‍ ശുശ്രൂഷാ സ്ഥലത്തേക്കു പോയ പാസ്റ്റര്‍ കൊല്ലപ്പെട്ടു
ഏഷ്യന്‍ രാഷ്ട്രമായ ലാവോസില്‍ സുവിശേഷ പ്രവര്‍ത്തനത്തിനായി മോട്ടാര്‍ സൈക്കിളില്‍ പോയ പാസ്റ്ററെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.
ഖാമ്മനവാനി പ്രവിശ്യയിലെ നകായി ജില്ലയില്‍ ഡോണ്‍ കിയോ ഗ്രാമത്തിലെ താമസക്കാരനും ലാവോ ഇവാഞ്ചലിക്കല്‍ ചര്‍ച്ചിന്റെ ശുശ്രൂഷകനുമായ പാസ്റ്റര്‍ സീതൌഡ് ആണ് മരിച്ചത്.
ഇദ്ദേഹം ക്രൈസ്തവ വിശ്വാസത്തില്‍ വന്നതിനെത്തുടര്‍ന്ന് ബന്ധുക്കളില്‍നിന്നും അയല്‍ക്കാരില്‍നിന്നും വധഭീഷണി നേരിട്ടിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഒക്ടോബര്‍ 20-ന് തന്റെ ഭവനത്തില്‍നിന്നും 100 കിലോമീറ്റര്‍ ദൂരമുള്ള തക്കേക്കിലേക്ക് യാത്ര തിരിച്ച പാസ്റ്ററെക്കുറിച്ച് പിന്നീട് വ്യക്തമായ വിവരങ്ങളൊന്നുമില്ലായിരുന്നു. തന്റെ പ്രവര്‍ത്തന സ്ഥലത്ത് എത്തിയതുമില്ല.
ഒക്ടോബര്‍ 23-ന് കാടും മലയും നിറഞ്ഞ റോഡിന്റെ ഒരു വശത്തായി തകര്‍ന്ന ബൈക്കിനൊപ്പം ജഡവും കാണപ്പെടുകയായിരുന്നു.
ശരീരത്തില്‍ മാരകമായി മുറിവേറ്റ പാടുകളുണ്ടായിരുന്നു. താന്‍ ക്രൈസ്തവ വിശ്വാസം മുറുകെ രിടിച്ച് സുവിശേഷ പ്രവര്‍ത്തനങ്ങളില്‍ മുന്നോട്ടു പോകുന്നതില്‍ ബന്ധുക്കളുള്‍പ്പെടെയുള്ളവരില്‍നിന്നും കടുത്ത ഭീഷണിയുണ്ടായിരുന്നു.
പാസ്റ്റര്‍ സീ തൌഡിന് ഭാര്യയും 8 മക്കളുമാണുള്ളത്. തന്റെ വലിയ കുടുംബത്തെ അനാഥമാക്കി പാസ്റ്റര്‍ സീതൌഡ് യാത്ര തിരിച്ചത് സഭാ വിശ്വാസികളായ ഏവരെയും വലിയ ദുഃഖത്തിലാക്കി.
ക്രിസ്ത്യന്‍ നേതാക്കള്‍ പാസ്റ്ററുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുവാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.