കൂടുതല്‍ സമയം ജോലി ചെയ്യുന്നെങ്കില്‍ വിഷാദ രോഗത്തിന് സാദ്ധ്യതയെന്നു പഠനം
മിഷിഗണ്‍ : കടുത്ത സമ്മര്‍ദ്ദത്തില്‍ കൂടുതല്‍ സമയം ജോലി ചെയ്യുന്നവര്‍ക്ക് വിഷാദ രോഗം പിടിപെടാനുള്ള സാദ്ധ്യത കൂടുതലാണെന്ന് പഠന റിപ്പോര്‍ട്ട്.
മിഷിഗണ്‍ ന്യൂറോ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടും ഐഡന്ബെര്ഗ് ഫാമിലി ഡിപ്രഷന് സെന്ററിന്റെ ഇന്റേണല്‍ ഹെല്‍ത്ത് സ്റ്റഡിയും ചേര്‍ന്ന് സംയുക്തമായി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍ .
ഫിസിഷ്യന്മാരുടെയും ഫിസിഷ്യന്‍ ട്രെയിനികളുടെയും, ആരോഗ്യ മേഖലയിലെ മറ്റ് പ്രൊഫഷണലുകളുടെയും ഇടയില്‍ വര്‍ദ്ധിച്ചു വരുന്ന വിഷാദ രോഗത്തിന്റെ കാരണം നാഷണല്‍ അക്കാഡമി ഓഫ് മെഡിസിന് , അസോസിയേഷന് ഓഫ് അമേരിക്കന്‍ മെഡിക്കല്‍ കോളേജസ് മുതലായ സംഘടനകള്‍ അന്വേഷിക്കാന്‍ തുടങ്ങിയതോടെയാണ് ഈയൊരു ഗവേഷണത്തിനു തയ്യാറായത്.
പഠനത്തില്‍ അവരുടെ വ്യക്തി ജീവിതത്തിലെയും പ്രൊഫഷണല്‍ ജീവിതത്തിലെയും സമ്മര്‍ദ്ദം സൃഷ്ടിക്കുന്ന എല്ലാ ഘടകങ്ങളെയും പരിഗണിച്ചായിരുന്നു നടത്തിയത്. ഉയര്‍ന്ന ജോലി സമയമായിരുന്നു വിഷാദത്തിനു പിന്നിലെ പ്രധാന കാരണമെന്നായിരുന്നു കണ്ടെത്തല്‍ .
17,000 മെഡിക്കല്‍ ഗ്രാഡുവേറ്റുകളെ നിരീക്ഷിച്ചാണ് ഗവേഷണം നടത്തിയത്. ആഴ്ചയില്‍ തൊണ്ണൂറോ അതിലധികമോ മണിക്കൂര്‍ ജോലി ചെയ്യുന്നവര്‍ക്ക്, ആഴ്ചയില്‍ 40 മുതല്‍ 45 മണിക്കൂര്‍ വരെ ജോലി ചെയ്യുന്നവരേക്കാള്‍ ഡിപ്രഷന് വരാനുള്ള സാദ്ധ്യത മൂന്നിരട്ടിയാണ്.
ഇവരുടെ രോഗലക്ഷണങ്ങളുടെ തീവ്രതയും കൂടുതലായിരിക്കും. തെറാപ്പി ആവശ്യമായ കഠിനമായ വിഷാദ ലക്ഷണങ്ങളാണ് ഇവരില്‍ കൂടുതലായും കണ്ടു വരുന്നത്.
മെഡിക്കല്‍ മേഖലയിലെ ഇന്റേണലുകള്ക്കിടയിലെ വിഷാദത്തിന്റെ തോത് ആധാരമാക്കിയാണ് ഗവേഷണം സംഘടിപ്പിച്ചത്.
40 മുതല്‍ 45 മണിക്കൂറുകള്‍ വരെ ജോലി ചെയ്യുന്നവരുടെ വിഷാദ ലക്ഷണങ്ങള്‍ 1.8 പോയിന്റും 90 മണിക്കൂറുകള്‍ക്ക് മുകളിലുള്ളവരുടേത് 5.2 പോയിന്റുമാണെന്ന് പഠനത്തില്‍ കണ്ടെത്തി.
ന്യൂ ഇംഗ്ളണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

