തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ , പതഞ്ജലിക്കെതിരെ നടപടി വൈകുന്നു
ന്യൂഡെല്‍ഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതുമായി ബന്ധപ്പെട്ട് യോഗ പരിശീലകന് ബാബ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദയ്ക്കെതിരെ നടപടി വൈകുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ് മന്ത്രാലയം നിരവധി തവണ അറിയിപ്പ് നല്‍കിയിട്ടും ഉത്തരാഖണ്ഡിലെ ഡ്രഗ് ലൈസന്‍സിങ് അതോറിട്ടി വകുപ്പ് വിമുഖത കാണിക്കുകയാണെന്ന് വിവരാവകാശ ചോദ്യത്തിനുള്ള മറുപടിയില്‍ വ്യക്തമാകുന്നു. എത്രയും വേഗം നടപടിയെടുത്ത് റിപ്പോര്‍ട്ട് നല്കാന് നിര്‍ദ്ദേശിച്ചതായും ആയുഷ് മന്ത്രാലയം വ്യക്തമാക്കി.
പതഞ്ജലിക്ക് കീഴിലെ ദിവ്യ ഫാര്‍മസി നിര്‍മ്മിക്കുന്ന ലിപിഡോം, ലിവോഗ്രിത്, ലിവാമൃത് എന്നീ മരുന്നുകളുടെ പരസ്യം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് നേരത്തെ ആയുഷ് മന്ത്രാലയം കണ്ടെത്തിയിരുന്നു. ഇത് നിയമ ലംഘനമാണെന്നും വ്യക്തമാക്കിയിരുന്നു.
കൊളസ്ട്രോള്‍ ഒരാഴ്ചകൊണ്ട് കുറയ്ക്കുമെന്നാണ് ലിപിഡോം പരസ്യത്തില്‍ പറഞ്ഞിരുന്നത്. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ , പക്ഷാഘാതം, രക്ത സമ്മര്‍ദ്ദം എന്നിവയ്ക്കും ഉടന്‍ പരിഹാരമുണ്ടാകുമെന്നും ഇവര്‍ പരസ്യത്തില്‍ അവകാശപ്പെട്ടിരുന്നു.
കരള്‍ വീക്കത്തിനും, ലിവര്‍ സിറോസിസിനും മറ്റ് ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള പ്രതിവിധിയെന്ന തരത്തിലാണ് ലിവോഗ്രിത്, ലിവാമൃത് എന്നിവ പരസ്യം ചെയിതിരുന്നത്.
തെറ്റായ ഈ അവകാശവാദങ്ങളില്‍ ആയുഷ് മന്ത്രാലയം എതിര്‍പ്പറിയിച്ച് ലൈസന്‍സിങ് അതോറിട്ടിയുമായി നടത്തിയ ആശയ വിനിമയങ്ങളുടെ വിവരവും ആര്‍ടിഐക്ക് മറുപടിയായി നല്‍കിയിട്ടുണ്ട്.
കണ്ണൂരിലെ നേത്രരോഗ വിദഗ്ദ്ധനായ കെ.വി. ബാബുവാണ് ഇതു സംബന്ധിച്ച വിവരാവകാശ ചോദ്യങ്ങള്‍ ഉന്നയിച്ചത്.

