ആത്മീക തലത്തിലെ മന്ദത
ആത്മീക ജീവതത്തില്‍ മന്ദത സംഭവിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടമാണിന്ന്. ആത്മീകത എന്നത് ചിലര്‍ക്ക് സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ വേണ്ടിയുള്ള മാര്‍ഗ്ഗമായി ഉപയോഗിക്കുന്നതുമൂലം പൊതു സമൂഹത്തില്‍ ആത്മീകതയുടെ വില ഇടിയുന്നതായി നല്ലൊരു വിഭാഗം ജനങ്ങളും വിശ്വസിക്കുന്നു.
ക്രൈസ്തവ വിശ്വാസത്തിന്റെ അന്തസത്തയില്‍ മായം ചേര്‍ക്കാതെവണ്ണം പ്രയോജനപ്പെടുത്തിയാല്‍ നമ്മള്‍ യഥാര്‍ത്ഥ ജീവിതലക്ഷ്യം സാദ്ധ്യമാക്കും. എന്നാല്‍ ഇന്ന് മറിച്ചാണ് സംഭവിക്കുന്നത്. ഓരോരുത്തരും അവരവരുടേതായ കാഴ്ചപ്പാടുകള്‍ പ്രചരിപ്പിക്കുന്നു. ഉപദേശ സത്യങ്ങളെ തോന്നിയ രീതിയില്‍ വളച്ചൊടിച്ച് സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള വേദിയാക്കുന്നു. ഇതുമൂലം സത്യം ഏത് മിഥ്യ ഏത് എന്ന് സാധാരണക്കാര്‍ക്കോ പാണ്ഡിത്യമില്ലാത്തവര്‍ക്കോ തിരിച്ചറിയുവാന്‍ കഴിയാതെ വരുന്നു.
എളുപ്പത്തില്‍ പണം സമ്പാദിക്കുവാനായി പല മാര്‍ഗ്ഗങ്ങളും ഉപയോഗിക്കുന്ന തലമുറകളാണ് ഇന്ന്. ഇതിനായി എന്തെല്ലാം തന്ത്രങ്ങളാണ് പ്രയോഗിക്കുന്നത്. ജനങ്ങളെ വഴിതെറ്റിച്ച് നരകത്തിലേക്കു തള്ളിവിടുന്ന ധാരാളം പേര്‍ ഇന്ന് സമൂഹത്തിലുണ്ട്. അവര്‍ക്ക് ആവശ്യമായ പിന്തുണ വിവിധ മാധ്യമങ്ങളിലൂടെ ലഭിക്കുന്നു. തങ്ങളുടെ സ്ഥാപനങ്ങള്‍ നിലനിര്‍ത്തുവാനായി തെറ്റായ ധാരണകള്‍ പോലും പാവം ജനത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുന്നു. പണം വാരിയെറിയുന്നതുമൂലം ചില സംഘങ്ങളും കമ്മറ്റിക്കാരും ഡയറക്ടര്‍മാരും കീശ വീര്‍പ്പിക്കുന്നു.
പെന്തക്കോസ്തു ജനവിഭാഗങ്ങള്‍ ഈ തലമുറയിലെ സത്യം മനസിലാക്കണം. ചെറിയ കാര്യങ്ങള്‍പോലും ഊതിവീര്‍പ്പിച്ച് ഇരട്ടി വലുതായി കാണിച്ചുകൊണ്ട് ജനത്തെ തെറ്റി ധരിപ്പിക്കുന്നവര്‍ ഏറെയാണ്. കര്‍ത്താവു തന്നെ ചില സന്ദര്‍ഭങ്ങളില്‍ തന്റെ നിലപാടുകള്‍ വ്യക്തമാക്കിയിരിക്കുന്നത് ശ്രദ്ധേയമാണ്. പല അത്ഭുത പ്രവര്‍ത്തികളും ചെയ്ത ശേഷം അത് മറ്റാരോടും പറയരുതെന്നു കര്‍ത്താവ് അരുളിച്ചെയ്തിട്ടുണ്ട്.
ചെയ്ത കാര്യത്തിന്റെ പബ്ളിസിറ്റി യേശുവിന് വേണ്ട എന്നാണ് ഇതുമൂലം മനസിലാക്കേണ്ടത്. അക്രൈസ്തവ സമൂഹം പല കാര്യങ്ങളിലും തെറ്റിധരിക്കപ്പെട്ടു കിടക്കുകയാണ്. തങ്ങളുടെ വിശ്വാസത്തിന്റെ കാര്യത്തിലും ആരാധന ക്രമങ്ങളിലും അവര്‍ അരുതാത്തത് ചെയ്തു പോകുന്നു. എന്നാല്‍ ഈ അവസ്ഥയെ മറികടന്ന് സത്യമാര്‍ഗ്ഗം കണ്ടെത്തിയവര്‍ അനേകരാണ്. ഇന്നും അനേകര്‍ ഇത്തരം അജ്ഞതയില്‍നിന്ന് മോചിതരായിക്കൊണ്ടിരിക്കുന്നു.
അവര്‍ അവരുടെ പാപ പ്രവര്‍ത്തികളില്‍നിന്നും രക്ഷപെടുകയാണ്. നമ്മള്‍ പെന്തക്കോസ്തുകാര്‍ക്ക് സമൂഹത്തില്‍ നടക്കുന്ന അധാര്‍മ്മികതയ്ക്കും അനാചാരങ്ങള്‍ക്കുമെതിരായി ശബ്ദിക്കാന്‍ കഴിയണം. നമ്മുടെ പൂര്‍വ്വ പിതാക്കന്മാര്‍ക്ക് അതിനുള്ള ചങ്കൂറ്റമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ആര്‍ക്കും കഷ്ടപ്പെടുവാന്‍ താല്‍പ്പര്യമില്ല. അയല്‍ക്കാരേയും, സമൂഹത്തേയും ശ്രദ്ധിക്കുവാന്‍ കഴിയാതെ വരുന്നു.
ക്രൈസ്തവ ആത്മീകത പോലും വില്‍പ്പന ചരക്കാക്കിയും സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കായും പ്രയോജനപ്പെടുത്തുന്നു. പണം അധികാരം എന്നിവയുടെ മത്ത് തലയ്ക്കു പിടിക്കുന്നു. ഈ അവസ്ഥ മാറ്റിയേ തീരു.
അതിന് ദൈവം എഴുന്നേല്‍ക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
പാസ്റ്റര്‍ ഷാജി. എസ്.