യൌവ്വനകാലത്തിന്റെ വില

യൌവ്വനകാലത്തിന്റെ വില

Articles Breaking News Editorials

യൌവ്വനകാലത്തിന്റെ വില

‘യുവതീയുവാക്കളെ ആവശ്യമുണ്ട്’ എന്ന തലക്കെട്ടില്‍ പരസ്യങ്ങള്‍ നല്‍കുന്നത് സര്‍വ്വസാധാരണമാണ്. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ എല്ലാം യുവതീ യുവാക്കളെയാണ് ആവശ്യം. കാരണം യുവതീ യുവാക്കള്‍ അഥവാ യൌവ്വനക്കാര്‍ ഈ കാലഘട്ടത്തിന്റെ ശക്തിയാണ്.

ചുറുചുറുക്കും, കഴിവും, കാര്യങ്ങള്‍ ചെയ്തുകൂട്ടാനുള്ള ബുദ്ധിയും പ്രാപ്തിയും ആരോഗ്യവും അവര്‍ക്കാണ് എന്നതാണ് വസ്തുത. ബൈബിളിലെ ഒട്ടുമിക്ക ദൈവദാസന്മാരും രാജാക്കന്മാരും തങ്ങളുടെ കഴിവും പ്രയത്നങ്ങളും ചെയ്തുകൂട്ടിയത് യൌവ്വനദിശയിലാണെന്ന് നമുക്ക് ദര്‍ശിക്കുവാന്‍ കഴിയൂ.

ലോകജനസംഖ്യയില്‍ ഏറ്റവും കൂടുതല്‍ യൌവ്വനക്കാരാണ്. മനുഷ്യായുസ്സില്‍ കൂടുതല്‍ സമയവും യൌവ്വനകാലഘട്ടം തന്നെയാണ്. യൌവ്വനകാലഘട്ടത്തില്‍ എന്തിനും ധീരതയോടെ നിലനില്‍ക്കുന്നവരാണ് ഭൂരിഭാഗവും. യോഹന്നാന്‍ അപ്പോസ്തലന്‍ ഇപ്രകാരം പറയുന്നു “ബാല്യക്കാരേ, നിങ്ങള്‍ ശക്തരാണ്” (1യോഹ.2:14). ഇന്ന് അവിശ്വാസികളായ യൌവ്വനക്കാര്‍ തങ്ങളുടെ കഴിവും ജീവിതവും ദുര്‍മാര്‍ഗ്ഗത്തിനും ദുഷ്ടതയ്ക്കും ബലികഴിക്കുന്നു.

അവര്‍ നശിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ ഈ ലോകത്ത് യുവജനങ്ങളില്‍ നിന്നും നല്ല പരിവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്നതും ശ്രദ്ധേയമാണ്. ലോകത്തിന്റെ വിവിധയിടങ്ങളില്‍ ഒരു ദിസവം നൂറുകണക്കിനു യുവജനങ്ങളാണ് രക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.

മറുവശത്ത് ലക്ഷക്കണക്കിനു യുവജനങ്ങള്‍ നശിച്ചുകൊണ്ടിരിക്കുന്നതും കാണാതെവയ്യ. ഇത് എങ്ങനെ സംഭവിക്കുന്നു. അവരുടെ ഇടയില്‍ സുവിശേഷം വേണ്ടവിധത്തില്‍ എത്തിച്ചേരുന്നില്ല. അവരെ മാറ്റിയെടുക്കുവാന്‍ സുവിശേഷകര്‍ക്കോ പെന്തെക്കോസ്ത് വിശ്വാസികള്‍ക്കോ കഴിയാതെ വരുന്നു. ഇതാണ് യുവജനങ്ങള്‍ നാശയോഗ്യരായിത്തീരുന്നതില്‍ നിന്നും രക്ഷപെടുവാന്‍ സാധിക്കാതെ വരുന്നതിനുള്ള മുഖ്യകാരണം.

വിദ്യാഭ്യാസവും പരിജ്ഞാനവും ഉള്ള യുവജനങ്ങളില്‍ നല്ലൊരു ശതമാനംപേരും അവരുടെ യൌവ്വനശക്തി അന്യദേവന്മാര്‍ക്കും മറ്റുള്ളവര്‍ക്കും വേണ്ടി വെറുതെ നഷ്ടമാക്കിക്കളയുന്നു. രാഷ്ട്രീയ മത സംഘടനകള്‍ക്കുവേണ്ടി ജീവിതം കളയുന്നവരുടെ എണ്ണം ദിവസവും കൂടിക്കൂടി വരുന്നു. ബൈബിള്‍ യൌവ്വനക്കാരോട് പറയുന്നു “നിന്റെ യൌവ്വനകാലത്തു നിന്റെ സൃഷ്ടാവിനെ ഓര്‍ത്തുകൊള്‍ക.

ദുര്‍ദിവസങ്ങള്‍ വരികയും എനിക്കു ഇഷ്ടമില്ല എന്നു നീ പറയുന്ന കാലം സമീപിക്കുകയും ചെയ്യുന്നു” (സഭാ:12:1). ഈ ലോകം പ്രശ്ന കലുഷിതമായ അന്തരീക്ഷത്തിലാണ് മുന്നോട്ടു പോകുന്നത്. മനുഷ്യര്‍ക്ക് സ്വസ്ഥതയും സമാധാനവും നഷ്ടപ്പെടുന്നു. ഇവിടെ രക്ഷ വേണമെങ്കില്‍ ദൈവസന്നിധിയിലേയ്ക്കു കടന്നു വരണം.

യേശുക്രിസ്തു എന്ന രക്ഷകന്റെ അടുക്കലേയ്ക്ക് എല്ലാവരും കടന്നുവരേണം. ഈ ലോകത്ത് എന്ത് ഉത്തരവാദിത്വമുണ്ടായാലും ഉന്നതന്മാരായാലും ദരിദ്രരായാലും യേശുവില്‍ക്കൂടിയുള്ള രക്ഷ പ്രാപിക്കാതെ ആര്‍ക്കും തങ്ങളുടെ ജീവിതം മുന്നോട്ട് പോകാന്‍ സാധ്യമല്ല.

നശിച്ചുകൊണ്ടിരിക്കുന്ന യുവതലമുറകളെ രക്ഷപെടുത്തുവാന്‍ പെന്തെക്കോസ്ത് സഭകള്‍ക്കും സുവിശേഷകര്‍ക്കും കഴിയണം. മുതിര്‍ന്നവരെ മാത്രമല്ല യുവതീയുവാക്കളെയും യേശുവിന് ആവശ്യമുണ്ട്.

യേശുവിന്റെ പരമോന്നത വിളിക്കു മുന്‍പാകെ അനേക യൌവ്വനക്കാര്‍ ശിരസ്സ് നമിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.
പാസ്റ്റര്‍ ഷാജി. എസ്.