പുറത്തെടുത്ത മസ്തിഷ്ക്കത്തിന് 12 മണിക്കൂര്‍ ജീവന്‍ ; പ്രതീക്ഷയോടെ ശാസ്ത്ര ലോകം
പുറത്തെടുത്ത മനുഷ്യ മസ്തിഷ്ക്കത്തിന്റെ ഭാഗം 12 മണിക്കൂര്‍ വരെ ജീവനോടെ സൂക്ഷിക്കുന്നതില്‍ വിജയം കണ്ട് ശാസ്ത്രജ്ഞര്‍ .
കോപ്പന്‍ഹേഗന്‍ സര്‍വ്വകലാശാലയിലെ എമ്മ ലൂയിസ് ലൌത്ത് അടങ്ങുന്ന സംഘമാണ് ഈ നേട്ടത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. ഭാവിയില്‍ പല അതീവ ഗുരുതരമായ രോഗത്തിന്റെ ചികിത്സയ്ക്കും മരുന്നുകള്‍ക്കും ഈ സുപ്രധാന കണ്ടെത്തല്‍ വളരെയേറെ സഹായകരമായിരിക്കുമെന്നാണ് ശാസ്ത്രലോകം കരുതുന്നത്.
രോഗിയുടെ മസ്തിഷ്ക്കത്തിന്റെ പുറം ഭഗത്തുനിന്നും ഒരു സെന്റീമീറ്റര്‍ വലുപ്പമുള്ള ഭാഗം പുറത്തെടുത്തു. ഉടന്‍തന്നെ ഈ ഭാഗം നശിച്ചു പോകാതിരിക്കാനായി ശീതീകരിക്കുകയും ഓക്സിജന്റെ സാന്നിദ്ധ്യം ഉറപ്പു വരുത്തുകയും ചെയ്തു.
പിന്നീട് സെറിബല്‍ സ്പൈനല്‍ ഫ്ളൂയിഡിന് സമാനമായ രീതിയില്‍ അയണുകളും ധാതുക്കളും നിറച്ച പാത്രത്തിലേക്ക് ഇവയെ മാറ്റി. ഇങ്ങനെ ചെയ്തപ്പോള്‍ 12 മണിക്കൂര്‍ മനുഷ്യ മസ്തിഷ്ക്കത്തിന്റെ ഭാഗം ജീവനോടെ സൂക്ഷിക്കാന്‍ സാധിച്ചുവെന്നാണ് ലൌത്ത് പറയുന്നത്.
നിലവില്‍ മനുഷ്യ മസ്തിഷ്ക്കത്തിനു പകരം ജീവികളുടെ മസ്തിഷ്ക്കത്തിലാണ് പരീക്ഷണങ്ങള്‍ ചെയ്യുന്നത്. ഇതിനാല്‍ മനുഷ്യ മസ്തിഷ്കം തന്നെ പരിശോധിച്ച് കണ്ടെത്തുന്ന അവസരങ്ങള്‍ക്ക് ശാസ്ത്രലോകം വലിയ വിലയാണ് കൊടുക്കുന്നത്.
പ്രത്യേകിച്ചും മസ്തിഷ്ക ആഘാതം പോലുള്ള അതീവ ഗുരുതര പ്രശ്നങ്ങള്‍ക്കും ഇതു ബാധിച്ച രോഗികള്‍ക്കും ആശ്വാസകരമായ കണ്ടെത്തലാണ് ഈ പരിക്ഷണത്തിലൂടെ വഴിവെച്ചേക്കുന്നത് എന്നാണ് പ്രതീക്ഷിക്കുന്നത്.
ജീവനുള്ള മനുഷ്യന്റെ മസ്തിഷ്ക ഭാഗം എടുത്ത് പരീക്ഷിക്കുന്നതിനെ വിമര്‍ശിക്കുന്നവരുമുണ്ട്. എന്നാല്‍ അതിന്റെ മറുപടിയായി ലൌത്ത് പറയുന്നത്, വളരെ ചെറിയ മസ്തിഷ്ക ഭാഗം മാത്രമാണ് പരീക്ഷണത്തിന് വിധേയമാക്കുന്നത്. ഈ ഭാഗം എടുക്കുമ്പോള്‍ രോഗികള്‍ക്ക് വേദനപോലും തോന്നാറില്ല.
കൂടാതെ വിരലിന്റെ അറ്റത്തെ തൊലിയോളം പോന്ന ഭാഗം മാത്രമാണിത്. മനുഷ്യന്റെ മസ്തിഷ്കം പത്തു ദിവസംവരെ ജീവനോടെ സൂക്ഷിക്കാന്‍ സാധിക്കുന്ന പഠനങ്ങളിലാണ് ഇപ്പോള്‍ ശാസ്ത്ര ലോകം.