റിക്ഷാക്കാരന്റെ സത്യസന്ധതയ്ക്ക് ഒരുകോടി രൂപയുടെ സ്വത്ത് എഴുതിവെച്ച് വീട്ടമ്മ
ഭുവനേശ്വര്‍ : ഇരുപത്തിയഞ്ച് വര്‍ഷമായി തന്നെ സഹായിച്ച റിക്ഷാക്കാരന് ഒരു കോടി രൂപ മൂല്യമുള്ള സ്വത്തുക്കള്‍ എഴുതിവെച്ച് 63 കാരിയായ വീട്ടമ്മ.
ഒഡീഷയിലെ കട്ടക്കിലാണ് നന്മയുടെ കരം വെളിപ്പട്ടത്. മിനാതി പട്നായിക് എന്ന സ്ത്രീയാണ് ഈ ത്യാഗത്തിന്റെ ഉടമ. ഇപ്പോള്‍ വിധവയായ ഇവരുടെ ആശ്രയം റിക്ഷാക്കാരനായ ബുദ്ധ സമല്‍ ആണ്. ഇയാളും കുടുംബവും മിനാതിയെ സഹായിക്കുകയും താങ്ങായി നില്‍ക്കുകയും ചെയ്യുകയുണ്ടായി.
ഇതിനുള്ള സ്നേഹസമ്മാനമായി കട്ടക്കിലെ സുതാഹട്ട് പ്രദേശത്തെ മൂന്നു നിലകളുള്ള വീടും ആഭരണങ്ങളുമാണ് മിനാതി നല്‍കുന്നത്.
അവന്റെ സത്യസന്ധതയ്ക്കു മുമ്പില്‍ സ്വത്ത് ഒന്നുമല്ല എന്നാണ് തന്റെ ദാന പ്രവര്‍ത്തികളെക്കുറിച്ച് ഈ വീട്ടമ്മയുടെ പ്രതികരണം. റിക്ഷാ ഉടമയായ ബുദ്ധ സമാലിന് 50 വയസുണ്ടെങ്കിലും അവനും ഭാരയും തന്നെ അമ്മ എന്നാണ് വിളിക്കുന്നത്. അവരുടെ മക്കള്‍ അമ്മൂമ്മയെന്നും വിളിക്കുന്നു.
അവരുടെ ലാളിത്യവും സത്യസന്ധതയുമാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയതെന്നും മിനാതി പറയുന്നു. മിനാതിയുടെ ഭര്‍ത്താവ് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ കാന്‍സര്‍ ബാധിച്ച് മരിച്ചിരുന്നു. ഇവരുടെ ഏക മകളായ കമല്‍ ഈ വര്‍ഷം ആദ്യം ഹൃദയാഘാതം മൂലം മരണപ്പെട്ടതോടെയാണ് മിനാതി ജീവിതത്തില്‍ തനിച്ചായത്.
ഇതോടെ മിനാതിയും ബുദ്ധയും കുടുംബവും ഫലത്തില്‍ ഇപ്പോള്‍ ഒന്നായിത്തീര്‍ന്നിരിക്കുകയാണെന്ന് ഇവര്‍ ഏക സ്വരത്തില്‍ പറയുന്നു.

