ഇറാക്കില്‍ അസ്സീറിയന്‍ രാജാക്കന്മാരുടെ കാലത്തെ വീഞ്ഞ് നിര്‍മ്മാണ ശാല കണ്ടെത്തി
ബാഗ്ദാദ്: ഇറാക്കില്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പ് പ്രവര്‍ത്തിച്ചിരുന്ന വീഞ്ഞ് നിര്‍മ്മാണശാല പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി.
അസ്സീറിയന്‍ രാജാക്കന്മാരുടെ ഭരണകാലത്ത് വാണിജ്യാടിസ്ഥാനത്തില്‍ വീഞ്ഞ് ഉല്‍പ്പാദിപ്പിക്കാനായി നിര്‍മ്മിച്ച ഫാക്ടറിയുടെ അവശേഷിപ്പുകളാണിതെന്ന് ഗവേഷകര്‍ പറഞ്ഞു.
2700 വര്‍ഷത്തോളം പഴക്കമുള്ള ഈ വീഞ്ഞ് നിര്‍മ്മാണശാല ഇറാക്കിലെ തെക്കന്‍ കുര്‍ദ്ദിസ്ഥാനിലെ ദോഹുകിന് സമീപമുള്ള പ്രദേശത്താണ് കണ്ടെത്തിയത്.
മുന്തിരി പിഴിഞ്ഞെടുക്കാനും നീര് വേര്‍തിരിക്കാനും ഉപയോഗിച്ച പ്രസ്സറുകള്‍ ഉള്‍പ്പെടെയുള്ള 14 വസ്തുക്കളും ഇവിടെനിന്ന് ലഭിക്കുകയുണ്ടായി. ഇതിനു പുറമേ രാജകുടുംബത്തിന്റേതെന്ന് കരുതപ്പെടുന്ന അമൂല്യ ശിലാ ശില്‍പ്പങ്ങളും കണ്ടെത്തുകയുണ്ടായി.
വടക്കന്‍ ഇറാക്കിലെ ഫയ്ഡ മേഖലയില്‍ നിന്നാണ് ഇവ കണ്ടെടുത്തത്. കനാലിന്റെ വാതിലുകളിലായിരുന്നു ശിലാ ശില്പ്പങ്ങള് കണ്ടെത്തിയതെന്ന് ദോഹുക് പുരാവസ്തു ഗവേഷകന് പറഞ്ഞു.
അഞ്ചുമീറ്റര്‍ വീതിയും രണ്ട് മീറ്റര്‍ ഉയരവുമുള്ള ശില്പ്പങ്ങളില് അസ്സീറിയന്‍ കാലത്തെ ദേവന്മാര് , രാജാക്കന്മാര് , മൃഗങ്ങള്‍ എന്നിവയുടെ ചിത്രങ്ങളും ആലേഖനം ചെയ്തിട്ടുണ്ട്.
സര്ഗോന് രണ്ടാമന് രാജാവിന്റെയും 721-703 അദ്ദേഹത്തിന്റെ മകന് സന്ഹെരീബിന്റെയും ഭരണകാലത്തുള്ളവയാണ് ഇതെന്നാണ് ഗവേഷകരുടെ നിഗമനം. അസ്സീറിയന്‍ രാജാക്കന്മാരുടെ കാലത്ത് കര്‍ഷകരുടെ കൃഷിയിടങ്ങളിലേക്കായി വെള്ളം എത്തിക്കാനായി നിര്‍മ്മിച്ചതാണ് ശില്പം കണ്ടെത്തിയ കനാല്‍ .
ഇറാക്കില്‍ ഇതുവരെ കണ്ടെടുത്തതില്‍ വച്ചേറ്റവും വലിയ നിര്‍മ്മിതി സ്മാരകമാണിതെന്ന് ഇറ്റാലിയന്‍ പുരാവസ്തു ഗവേഷകന് ഡാനിയേല്‍ മൊറാണ്ടിബൊനാ കോസി പറഞ്ഞു.

