ഫോണും വേണ്ട കാര്‍ഡും വേണ്ട: പണമിടപാടിന് ഇനി മുഖം മാത്രം മതി
മോസ്ക്കോ: ഡിജിറ്റല്‍ പണമിടപാടില്‍ വന്‍ കുതിച്ചു ചാട്ടത്തിനു കളം ഒരുക്കുകയാണ് റഷ്യ.
പണമിടപാടിന് കൈയ്യില്‍ പണവും സ്മാര്‍ട്ട് ഫോണും, കാര്‍ഡും ഒന്നും ഇനി വേണ്ട; മുഖം മാത്രം മതി. ‘ഫേസ് പേ’ എന്നാണ് റഷ്യ തങ്ങളുടെ പുത്തന്‍ പണമിടപാട് സാങ്കേതിക് വിദ്യയ്ക്ക് ഇട്ടിരിക്കുന്ന പേര്. മെട്രോ സ്റ്റേഷനുകളില്‍ അവതരിപ്പിച്ചിരിക്കുന്ന ഫേഷ്യല്‍ ഐഡി പേമന്റ് സിസ്റ്റമാണ് ജനങ്ങള്‍ക്കായി അവതരിപ്പിക്കുന്ന പുതിയ ഐറ്റം.
തങ്ങളുടെ മുഖത്തിന്റെ ചിത്രം മോസ്ക്കോ മെട്രോയുടെ ആപ്പ് വഴി ട്രാന്‍സ്പോര്‍ട്ട് കാര്‍ഡ്, ബാങ്ക് അക്കൌണ്ട് എന്നിവയുമായി ബന്ധിപ്പിക്കാവുന്ന നിലയിലാണ് യാത്രക്കാര്‍ക്ക് സേവനം ലഭ്യമാക്കുക.
ഇത്തരത്തില്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍ രീതിയിലൂടെ പണമിടപാട് നടത്തുന്നവര്‍ മെട്രോ സ്റ്റേഷനുകളില്‍ സ്ഥാപിച്ചിരിക്കുന്ന പ്രത്യേക ക്യാമറകളിലേക്ക് ഒന്നു നോക്കിയാല്‍ മാത്രം മതി.
എല്ലാവരും ഈ രീതി പിന്തുടരണമെന്ന് നിര്‍ബന്ധവുമില്ല. ഈ സേവനത്തോട് താല്പ്പര്യമില്ലാത്തവര്ക്കു സാധാരണ പണമിടപാട് രീതികള്‍ തന്നെ തുടരാവുന്നതുമാണ്. അടുത്തയിടെ മോസ്ക്കോയിലെ 240-ലേറെ മെട്രോ സ്റ്റേഷനുകളില്‍ ഇത്തരം മെഷീനുകള്‍ സ്ഥാപിച്ചു കഴിഞ്ഞു.

