ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ ഒറ്റ ദിവസം 13 അതിക്രമം
ന്യൂഡെല്‍ഹി: ഉത്തരേന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ വിവിധ സ്ഥലങ്ങളില്‍ ഒറ്റ ദിവസം 13 വര്‍ഗ്ഗീയ ആക്രമണങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്.
ഈ മാസം മൂന്നാം തീയതി ഞായറാഴ്ചയാണ് സംഘപരിവാര്‍ അടക്കമുള്ള ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ ആക്രമണങ്ങള്‍ അരങ്ങേറിയത്. ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യ (ഇഎഫ്ഐ) യുടെ മത സ്വാതന്ത്ര്യ കമ്മീഷന്‍ (ആര്‍ .എല്‍ .സി.) റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ .
ആരാധനാലയങ്ങളില്‍ ഇരച്ചു കയറല്‍ , അന്യായ തടങ്കല്‍ , ദേഹോപദ്രവം, ആരാധന തടയല്‍ തുടങ്ങി ഹിന്ദുത്വ സംഘടനകളുടെ ഏകപക്ഷീയമായ വര്‍ഗ്ഗീയ ആക്രമണങ്ങള്‍ക്കാണ് വിശ്വാസികള്‍ ഇരയായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചര്‍ച്ചുകള്‍ക്കും ശുശ്രൂഷകന്മാര്‍ക്കും, വിശ്വാസികള്‍ക്കും എതിരായ ക്രൂരമായ ആക്രമണങ്ങള്‍ അപലപനീയമാണ്.
ഈ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തരവാദികളായ സംഘപരിവാറുകാരെ ഉടന്‍ നിയമത്തിനു മുമ്പില്‍ കൊണ്ടുവന്ന് മതിയായ ശിക്ഷ ലഭ്യമാക്കണം. ഭരണഘടനാ വിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് അവസാനിപ്പിക്കാന്‍ ഇതേ വഴിയുള്ളു. മനുഷ്യാവകാശ മതസ്വാതന്ത്ര്യ പ്രവര്‍ത്തകനായ റവ. ഫെഡ്രിക് പ്രകാശ് പറഞ്ഞു.
യു.പി.യിലെ മഹാരാജ്ഗഞ്ചിലെ നസീറാബാദില്‍ വിശ്വാസികളുടെ വീട്ടില്‍ കൂട്ടായ്മ നടത്തിയ 30 പേരെ വര്‍ഗ്ഗീയ വാദികള്‍ അതിക്രമിച്ചു കയറി മര്‍ദ്ദിച്ചു. പാസ്റ്റര്‍ ദുര്‍ഗേഷ് ഭാരതിയുടെ നേതൃത്വത്തില്‍ നടന്ന പ്രാര്‍ത്ഥനാ യോഗമാണ് ആക്രമണത്തിനിരയായത്.
മഹാരാജ്ഗഞ്ചില്‍ത്തന്നെ പാസ്റ്റര്‍ ശ്രീനിവാസ് പ്രസാദിന്റെ നേതൃത്വത്തില്‍ നടന്ന പ്രാര്‍ത്ഥനാ യോഗം അക്രമികള്‍ തടഞ്ഞു. ഒരു പെണ്‍കുട്ടിക്ക് മര്‍ദ്ദനമേറ്റു. നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് യു.പി.യില്‍ ജാന്‍പൂരില്‍ പാസ്റ്റര്‍ പ്രേംസിംഗ് ചൌഹാനെ അറസ്റ്റു ചെയ്തു.
ഹത്രിസ് ജില്ലയിലെ ഹസന്‍പൂരില്‍ ബാരു ഗ്രാമത്തിലെ പാസ്റ്റര്‍ സൂരജ് പാലാനെ നിര്‍ബന്ധിത മതപരിവര്‍ത്തന നിയമപ്രകാരം സദാബാദിലെ പോലീസ് സ്റ്റേഷനിലേക്കു വിളിച്ചു വരുത്തി ഏറെനേരം ചോദ്യം ചെയ്തശേഷം ആരോപണത്തില്‍ തെളിവില്ലാത്തതിനാല്‍ വിട്ടയച്ചു.
യു.പി.യിലെ ബജ്നൂറിലെ ചക്ഗോര്‍ദ്ധന്‍ ഗ്രാമത്തില്‍ പ്രാര്‍ത്ഥനയ്ക്കു നേതൃത്വം നല്‍കി വീട്ടിലേക്കു മടങ്ങിയ പാസ്റ്റര്‍ ദിനേഷിനെ പോലീസുകാര്‍ അകാരണമായി തടഞ്ഞുവെച്ചു. യു.പി.യിലെ അസംഗഡില്‍ പാസ്റ്റര്‍ നന്ദു നഥാനിയേലിനെയും ഭാര്യയെയും ചര്‍ച്ചിനു സമീപമുള്ള ചിലരുടെ പരാതിപ്രകാരം മതപരിവര്‍ത്തന നിരോധന നിയമപ്രകാരം അറസ്റ്റു ചെയ്തു.
ഛത്തീസ്ഗഢില്‍ കുസുമി ഗ്രാമത്തിലെ വീട്ടില്‍ ആരാധനാ സമയത്ത് കയറി അക്രമി സംഘം വിശ്വാസികളെ കയ്യേറ്റം ചെയ്തു.
ഛത്തീസ്ഗഢില്‍ ഭിലായിയില്‍ നിയമവിരുദ്ധമായി മതപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് പാസ്റ്റര്‍ സന്തോഷ് റാവുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഹരിയാനയിലെ കര്‍ണാലില്‍ പ്രാര്‍ത്ഥനയ്ക്കിടെ സംഘപരിവാറുകാര്‍ 30 ഓളം പേരെ മര്‍ദ്ദിച്ചു.
ഉത്തരഖണ്ഡില്‍ റൂര്‍ക്കിയില്‍ സഭായോഗത്തിനിടയില്‍ 500ഓളം പേര്‍ വിശ്വാസികളെ മര്‍ദ്ദിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. ഉത്തരഖണ്ഡില്‍ ചിലാപൂരില്‍ ആരാധനായോഗം തടസ്സപ്പെടുത്തി ഭീഷണിപ്പെടുത്തി. പാസ്റ്റര്‍ വിപിന്‍ കുമാറാണ് ശുശ്രൂഷകന്‍ .
മദ്ധ്യപ്രദേശിലെ ഹൊഷങ്കാബാദില്‍ മതപരിവര്‍ത്തനം ആരോപിച്ച് പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. ന്യൂഡെല്‍ഹിയിലെ അസോളഫത്തേപൂര്‍ ബെറിയില്‍ പാസ്റ്റര്‍ സന്തോഷ് ഡാന്‍ എന്ന ശുശ്രൂഷകനെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തി. ഹിന്ദുക്കളുടെ വീട്ടില്‍ കയറരുതെന്നു പറഞ്ഞു താക്കീതു ചെയ്തു.
ഇത്രയും റിപ്പോര്‍ട്ടു ചെയ്ത കേസുകളാണെന്നും യഥാര്‍ത്ഥ കണക്കുകള്‍ വ്യക്തമല്ലെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

