യെരുശലേമില്‍ പുതിയ ചാവുകടല്‍ ചുരുളുകള്‍ കണ്ടെത്തി

യെരുശലേമില്‍ പുതിയ ചാവുകടല്‍ ചുരുളുകള്‍ കണ്ടെത്തി

Breaking News Middle East

യെരുശലേമില്‍ പുതിയ ചാവുകടല്‍ ചുരുളുകള്‍ കണ്ടെത്തി
യെരുശലേം: ബൈബിളിന്റെ ആധികാരികതയെ ഒരിക്കല്‍ക്കൂടി ഊട്ടി ഉറപ്പിച്ചുകൊണ്ട് പുതിയ ചാവുകടല്‍ ചുരുളുകള്‍ കണ്ടെത്തി.

ബൈബിള്‍ ഭാഗങ്ങളടങ്ങിയ ഡസന്‍ കണക്കിന് പുതിയ ചുരുളുകളാണ് യിസ്രായേല്‍ പുരാവസ്തു ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. തെക്കന്‍ യെരുശലേമിലെ ജുഡിയാ മരുഭൂമിയില്‍ മലയിടുക്കിലെ ഗുഹയില്‍ ഗവേഷകര്‍ നടത്തിയ ഉല്‍ഖനനത്തിലാണ് തുകല്‍ ചുരുളുകള്‍ കണ്ടെടുത്തത്.

1900 വര്‍ഷം മുമ്പ് റോമാക്കാര്‍ക്കെതിരായി നടന്ന യഹൂദ കലാപ സമയത്ത് ഒളിച്ചുവച്ച് രേഖകളാണ് ഇവയെന്നാണ് നിഗമനം. യെരുശലേമില്‍ 60 വര്‍ഷത്തിനുശേഷമാണ് ചാവുകടല്‍ ചുരുളുകള്‍ കണ്ടെത്തുന്നത്.

പഴയ നിയമത്തിലെ സെഖര്യാവിന്റെയും നെഹമ്യാവിന്റെയും പുസ്തകത്തിന്റെ ഭാഗങ്ങളാണ് കണ്ടെടുത്തത്. ഗ്രീക്ക് ഭാഷയിലുള്ള രേഖകള്‍ രണ്ടാം നൂറ്റാണ്ടിലേതാണെന്ന് റേഡിയോ കാര്‍ബണ്‍ പരിശോധനയില്‍ സ്ഥിരീകരിച്ചു.

1960-കളിലെ ഖനനത്തില്‍ 40- പേരുടെ ശരീരാവശിഷ്ടം കണ്ടെത്തിയ ‘ഭയത്തിന്റെ ഗുഹയില്‍ ‘ നിന്നു ലഭിച്ച ചുരുളുകളുടെ ഭാഗമാണിതെന്നും ഗവേഷകര്‍ വിശ്വസിക്കുന്നു. വെസ്റ്റ് ബാങ്കിലെ മരുഭൂമി പ്രദേശത്തെ ഗുഹകളില്‍നിന്നും 1940-കളിലും 50-കളിലുമാണ് ആദ്യമായി ചാവുകടല്‍ ചുരുളുകള്‍ കണ്ടെത്തിയത്.

ബൈബിളിന്റെ ആദ്യ പതിപ്പുകളോ യഹൂദ വിശ്വാസവുമായി ബന്ധപ്പെട്ട മറ്റു രേഖകളോ ആണ് പ്രധാനമായും ഇവ. ക്രിസ്തുവിനു മുമ്പ് മൂന്നാം നൂറ്റാണ്ടു മുതല്‍ ഒന്നാം നൂറ്റാണ്ടുവരെ കാലപ്പഴക്കമുണ്ടാകാം ഈ ചുരുളുകള്‍ക്കെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ യിസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിട്ടി തലവന്‍ ജോ ഉസിയേല്‍ പറഞ്ഞു.