അമ്മയുടെ കള്ളത്തരം; ആരോഗ്യവതിയായ മകള്‍ വീല്‍ചെയറില്‍ കഴിഞ്ഞത് 8 വര്‍ഷം
ലണ്ടന്‍ : ഒരു അമ്മയുടെ കള്ളത്തരത്തില്‍ ഞെട്ടിയത് സ്വന്തം മകളും ഡോക്ടര്‍മാരും നാട്ടുകാരും. ആരോഗ്യ വതിയായ 12-കാരി കഴിഞ്ഞ 8 വര്‍ഷം കഴിഞ്ഞത് വീല്‍ ചെയറില്‍ .
ലണ്ടന്‍ ഹൈക്കോടതിയിലെ ഫാമിലി ഡിവിഷനില്‍ നടന്ന സ്വകാര്യ ഹിയറിംഗിലാണ് ഏവരും മൂക്കത്ത് വിരല്‍ വെച്ചു പോകുന്ന വിവരങ്ങള്‍ പുറത്തു വന്നത്. മകളോട് കള്ളം പറഞ്ഞാണ് അമ്മ വീല്‍ ചെയറില്‍ കഴിയാന്‍ പ്രേരിപ്പിച്ചത്. മകള്‍ക്ക് അപസ്മാരത്തിന്റെ മരുന്നുകളും നല്‍കിയിരുന്നു.
നാലു വയസുമുതല്‍ കുട്ടി വീല്‍ ചെയറിലാണ് കഴിഞ്ഞു വന്നത്. മകള്‍ക്ക് സ്വന്തമായി ഭക്ഷണം കഴിക്കാനോ നടക്കാനോ കഴിയില്ലെന്നും ശാരീരിക അസ്വാസ്ഥ്യമുണ്ടെന്നും അമ്മ ഡോക്ടര്‍മാരെയും ബോധ്യപ്പെടുത്തിയിരുന്നു.
കുട്ടിയുടെ സ്വകാര്യത മാനിച്ച് അമ്മയുടെയും മകളുടെയും പേര് വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. മകള്‍ക്ക് മറ്റ് അസുഖങ്ങള്‍ക്കൊപ്പം അനിയന്ത്രിതമായ അപസ്മാരം, ഓട്ടിസം എന്നിവ ഉണ്ടെന്നാണ് ഇത്രയും നാള്‍ ഈ സ്ത്രീ പറ്ഞിരുന്നത്.
2013-മുതല്‍ കുട്ടി വീല്‍ ചെയറിലാണ്. 2017-ല്‍ മരുന്നുകള്‍ വര്‍ദ്ധിപ്പിക്കുകയും പ്രത്യേക ഭക്ഷണക്രമം ഉള്‍പ്പെടുത്തുകയും ചെയ്തു. പിന്നീട് ഭക്ഷണം കൊടുക്കാനായി കൃത്രിമ ട്യൂബ് ഘടിപ്പിച്ചു.
2018-ല്‍ ട്യൂബ് മാറ്റി സ്ഥാപിക്കുന്നതിനിടെ അമ്മയുടെ പെരുമാറ്റത്തെക്കുറിച്ച് പെണ്‍കുട്ടി സംശയം പ്രകടിപ്പിച്ചു. 2019 ഓക്ടോബറില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയെ ഏറ്റെടുക്കുകയും അവള്‍ ആരോഗ്യവതിയാണെന്ന് മനസ്സിലാക്കുകയുമായിരുന്നു.
ഇപ്പോള്‍ പെണ്‍കുട്ടി ബന്ധുക്കള്‍ക്കൊപ്പമാണ് കഴിയുന്നത്. കുട്ടിയോട് ഇങ്ങനെ പെരുമാറാനുള്ള കാരണം വ്യക്തമല്ല.