വാണിയംകുളത്ത് പ്രാര്‍ത്ഥനാ യോഗത്തിനെത്തിയ പാസ്റ്ററെ ക്രൂരമായി ആക്രമിച്ചു
ഒറ്റപ്പാലം: ഒറ്റപ്പാലത്തിനു സമീപം വാണിയംകുളത്ത് വീട്ടില്‍ പ്രാര്‍ത്ഥനാ യോഗം നടത്താന്‍ എത്തിയ പാസ്റ്ററെ പുറത്തേക്കു വിളിച്ചിറക്കി ക്രൂരമായി ആക്രമിച്ചു.
വാണിയംകുളം ചര്‍ച്ച് ഓഫ് ഗോഡ് ഗോസ്പല്‍ സെന്ററിലെ പാസ്റ്റര്‍ പ്രേം കുമാറിനെ (39)യാണ് ഒരു സംഘം ആര് .എസ്.എസ്.-ബി.ജെ.പി. പ്രവര്‍ത്തകര്‍ ആക്രമിച്ചത്.
ജനുവരി 9-ന് ശനിയാഴ്ച രാത്രി ചെറുകാട്ടുപുലം കോണിക്കല്‍ ലക്ഷ്മി ദേവിയുടെ വീട്ടില്‍ പ്രാര്‍ത്ഥനാ യോഗത്തിനെത്തിയതായിരുന്നു പാസ്റ്റര്‍ പ്രേംകുമാര്‍ . 9.30-ന് പ്രാര്‍ത്ഥന അവസാനിച്ചപ്പോള്‍ അമ്പതോളം വരുന്ന സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ പാസ്റ്ററെ പുറത്തേക്കു വിളിച്ചിറക്കികൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു. മതപരിവര്‍ത്തനം നടത്തുകയാണെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം.
ഷര്‍ട്ടും മുണ്ടും വലിച്ചുകീറി, നെഞ്ചിനും, കൈക്കും, തലയ്ക്കും പരിക്കേറ്റുവെന്ന് പ്രേംകുമാര്‍ പറഞ്ഞു. ആക്രമണ ദൃശ്യം സംഘം മൊബൈലില്‍ പകര്‍ത്തി. കൂടാതെ പാസ്റ്ററുടെ കാറിന്റെ ടയര്‍ കുത്തിക്കീറുകയും ചെയ്തു. പ്രദേശത്ത് കാലു കുത്തിയാല്‍ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പാസ്റ്റര്‍ പറഞ്ഞു.
പരിക്കേറ്റ പാസ്റ്ററെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ടാലറിയാവുന്ന അമ്പതോളം ആര് .എസ്.എസ്.-ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ ഒറ്റപ്പാലം പോലീസ് കേസെടുത്തു.
കഴിഞ്ഞ നാലു വര്‍ഷമായി ശനിയാഴ്ചകളില്‍ രാത്രി 7.30 മുതല്‍ 9.30 വരെ ലക്ഷ്മീ ദേവിയുടെ വീട്ടില്‍ പ്രാര്‍ത്ഥന നടത്താറുണ്ടെന്നും ആക്രമണം ആദ്യമായിട്ടാണെന്നും പാസ്റ്റര്‍ പറഞ്ഞു. മാസങ്ങള്‍ക്കു മുമ്പ് മണ്ണൂരിലും സമാനമായ രീതിയില്‍ മറ്റൊരു പാസ്റ്റര്‍ക്ക് നേരെ സംഘ്പരിവാര്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആക്രമണം നടന്നിരുന്നു.