ക്രിസ്തുവിന്റെ ഉപദേശത്തിലേക്ക് സഭ മടങ്ങി വരുക: റവ. തോമസ് ഫിലിപ്പ്
പായിപ്പാട്: ആത്മീയഗോളം ദുരുപദേശത്താല്‍ നിറഞ്ഞിരിക്കുന്ന ഈ കാലഘട്ടത്തില്‍ ക്രൈസ്തവ സഭകള്‍ ക്രിസ്തുവിന്റെ ഉപദേശത്തിലേക്ക് മടങ്ങിവരണമെന്നും അവര്‍ കര്‍ത്താവിനുവേണ്ടി ഉറച്ചുനില്‍ക്കണമെന്നും സഭാ പ്രസിഡന്റ് റവ. തോമസ് ഫിലിപ്പ് പ്രസ്താവിച്ചു.
2015 ഫെബ്രുവരി 12-ന് പായിപ്പാട് ന്യൂ ഇന്‍ഡ്യാ ബൈബിള്‍ സെമിനാരി ബോയ്സ് ഹോസ്റ്റല്‍ ഗ്രൌണ്ടില് ആരംഭിച്ച ന്യൂ ഇന്‍ഡ്യാ ബൈബിള്‍ ചര്‍ച്ച് ജനറല്‍ കണ്വന്ഷന് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു. ലോകം മുഴുവന്‍ പ്രതിസന്ധികളും പ്രശ്നങ്ങളും കൊണ്ട് നിറഞ്ഞിരിക്കയാല്‍ ദൈവജനം കര്‍ത്താവിന്റെ ശബ്ദം കേട്ട് അവന്റെ ആജ്ഞയനുസരിക്കുന്ന ഭക്തന്മാരായി ജീവിക്കണമെന്നും പ്രബോധിപ്പിച്ചു.
നീതിസൂര്യനായ കര്‍ത്താവായ യേശുക്രിസ്തു നല്ല നായകനായി നമുക്കുള്ളതിനാല്‍ വിശ്വാസത്താല്‍ ധൈര്യത്തോടെ ജൈത്രയാത്ര തുടരുവാന്‍ അദ്ദേഹം ദൈവജനത്തോട് ആഹ്വാനം ചെയ്തു. സഭ ദൈവത്തിന്റെ വകയാണ്. അതിനെ നശിപ്പിക്കുവാന്‍ ആരാലും സാദ്ധ്യമല്ല. പാതാള ഗോപുരങ്ങള്‍ സഭയെ ജയിക്കുകയില്ല. കര്‍ത്താവ് തന്റെ സഭയുടെ മേല്‍ നിരന്തരം പരിശുദ്ധാത്മാവാം എണ്ണ പകര്‍ന്നുകൊണ്ടിരിക്കുന്നു. സഭയുടെ അഗ്നി കെട്ടുപോകയില്ല. അതാണ് സഭയുടെ വിജയരഹസ്യം എന്നും ഓര്‍പ്പിച്ചു.
കണ്‍വന്‍ഷന്റെ വിവിധ സെക്ഷനുകളിലായി പാസ്റ്റേഴ്സ് കോണ്‍ഫറന്‍സ്, ബൈബിള്‍ ക്ലാസ്സ്, വിമന്‍സ് ഫെലോഷിപ്പ് സമ്മേളനം, സണ്ടേസ്കൂള്‍ യുവജന സമ്മേളനം, പൊതുയോഗം, സ്നാനം എന്നീ പ്രോഗ്രാമുകള്‍ നടന്നു. റവ. തോമസ് ഫിലിപ്പ്, ഡോ. അലക്സാണ്ടര്‍ ഫിലിപ്പ്, ഡോ. ജെയ്സണ്‍ തോമസ്, പാസ്റ്റര്‍മാരായ ബി. വര്‍ഗീസ്, അജി ആന്റണി, കെ.ജെ. മാത്യു, പി.സി. ചെറിയാന് , ഷാജി സി.ഡി., വി.സി. യോഹന്നാന് , റെജി കെ. തോമസ്, സിസ്റ്റര്‍ ജോയമ്മ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. മിഷന്‍സ് ഇന്ത്യാ തിരുവല്ലയും, ന്യൂ ഇന്‍ഡ്യാ ബൈബിള്‍ ചര്‍ച്ച് ക്വയറും സംഗീതാരാധനയ്ക്ക് നേതൃത്വം നല്കി.
ഞായറാഴ്ച നടന്ന സംയുക്ത സഭായോഗത്തില്‍ റവ. തോമസ് ഫിലിപ്പും അദ്ദേഹത്തോടൊപ്പം 20 സഹ ശുശ്രൂഷകന്മാരും കര്‍ത്തൃമേശ ശുശ്രൂഷയ്ക്കു നേതൃത്വം നല്കി. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും നൂറുകണക്കിന് ദൈവജനം ജനറല്‍ കണ്‍വന്‍ഷണില്‍ സംബന്ധിച്ച് അനുഗ്രഹീതരായി.

