അദ്ധ്വാനിച്ചു ജീവിക്കുക എന്നത് ദൈവീക പ്രമാണമാണ്

അദ്ധ്വാനിച്ചു ജീവിക്കുക എന്നത് ദൈവീക പ്രമാണമാണ്

Articles Breaking News Editorials

ഇന്ന് ലോകത്ത് സംഘടിത ശക്തികള്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. തൊഴില്‍ മേഖലകളിലും പൊതുരംഗത്തും ഐക്യത്തിന്റെ കാഹളം ഊതിക്കൊണ്ട് വിവിധ സംഘടനകള്‍ പ്രവര്‍ത്തിച്ചു വരുന്നു.

തൊഴിലാളികളുടെ സംരക്ഷണത്തിനും അവകാശങ്ങള്‍ ചോദിച്ചുവാങ്ങാനുമാണ് യൂണിയനുകള്‍ രൂപീകരിക്കുന്നതെങ്കില്‍ തൊഴില്‍ ഉടമകള്‍ക്കും ഇന്നു അവരുടേതായ ആവശ്യങ്ങളും അവകാശങ്ങളും നിലനിര്‍ത്താനും നേടിഎടുക്കാനും യൂണിയനുകള്‍ ഉണ്ട്.

ചുരുക്കിപ്പറഞ്ഞാല്‍ എന്തിനും ഏതിനും, 100 പേര്‍ ഉള്ള ഒരു ചെറിയ സമൂഹത്തിനുപോലും സംഘടനകള്‍ രൂപംകൊള്ളുന്ന കാലമാണിത്. എല്ലാവരുടെയും ലക്ഷ്യം ഒന്നുതന്നെ. തങ്ങളുടെ ന്യായമായ അവകാശങ്ങളും ആവശ്യങ്ങളും സംരക്ഷിക്കുക, നേടിയെടുക്കുക എന്നതുമാത്രം.

സംഘടനാ ബാഹുല്യങ്ങള്‍ നിമിത്തം നമ്മുടെ നാടു വീര്‍പ്പു മുട്ടുകയാണ്. 100പേര്‍ ജോലി ചെയ്യുന്ന ഒരു കമ്പനിയില്‍ 5-ഉം, 6-ഉം തൊഴിലാളി സംഘടനകളാണിന്ന്. ഓരോ രാഷ്ട്രീയക്കാര്‍ക്കും വിധേയപ്പെട്ടുകൊണ്ടുള്ള പ്രവര്‍ത്തന രീതി. ഒരര്‍ത്ഥത്തില്‍പ്പറഞ്ഞാല്‍ നമ്മുടെ നാടിന്റെ ശോചനീയമായ അവസ്ഥയ്ക്കു പ്രധാന പങ്കു വഹിക്കുന്നതും ഇത്തരത്തിലുള്ള സംഘടിത ശക്തികളാണ്.

അനാവശ്യ അവകാശങ്ങള്‍ക്കായുള്ള സമരം, അമിത ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെടുക, ജോലി സമയം കുറയ്ക്കുക ഇങ്ങനെ പോകുന്നു പലരുടെയും അവകാശങ്ങള്‍ ‍. അലസതയും മടിയും നിറഞ്ഞ സമൂഹത്തിലാണ് നാം ജീവിക്കുന്നത്. അന്യായമായ ആവശ്യങ്ങള്‍ സമൂഹത്തിന് ശാപമാണ്. ആത്മാര്‍ത്ഥമായി കഷ്ടപ്പെടുന്നവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുക ന്യായമാണ്. എന്നാല്‍ അതിന്റെ മറവില്‍ അര്‍ഹത ഇല്ലാത്ത അനേകര്‍ അന്യായമായി പലതും നേടിയെടുക്കുന്നു.

അദ്ധ്വാനിച്ചു ജീവിക്കുക എന്നത് ദൈവീക പ്രമാണമാണ്. ആദ്യമനുഷ്യരായ ആദാമും ഹവ്വായും പാപം ചെയ്തപ്പോള്‍ യഹോവ ആദാമിനോടു പറഞ്ഞത് നീ വിയര്‍പ്പോടെ ഉപജീവനം കഴിക്കും എന്നാണ്. എല്ലാ മനുഷ്യരും അദ്ധ്വാനിച്ചു ജീവിക്കണം എന്നുള്ള ദൈവീക കല്‍പ്പന ലിഖിത പ്രമാണമാണ്. ചെറിയ ജോലിയായാലും വലിയ ജോലിയായാലും വളരെ വളരെ ഉത്തരവാദിത്വത്തോടെ ചെയ്താല്‍ ‍, ചെയ്യുന്നവര്‍ക്കും ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയ്ക്കും സന്തോഷം ഉണ്ടാകുന്നു.

നമുക്കു ജീവിക്കുവാന്‍ ആഹാരവും പാര്‍പ്പിടവുമൊക്കെ ആവശ്യമാണ്. കുടുംബ കാര്യങ്ങള്‍ ക്രമമായി നടക്കണം. ഈ അവകാശങ്ങളൊന്നും കൃത്യമായി നടക്കാന്‍ സാധിക്കാതെ വരുമ്പോള്‍ സ്വാഭാവികമായി നമ്മള്‍ നിരാശരായിത്തീരുന്നു. അര്‍ഹതയ്ക്ക് അംഗീകാരം ലഭിക്കാതെ വരുമ്പോള്‍ ഏതൊരു വ്യക്തിയുടേയും ഹൃദയം കലങ്ങും. നമ്മെ ചൂഷണം ചെയ്യുന്നവരും ജോലിക്കുതക്ക പ്രതിഫലം നല്‍കാതെയുമിരിക്കുന്നവരോട് ശബ്ദിക്കുവാന്‍ നമുക്ക് പ്രാപ്തി ഇല്ലാതെ വരുമ്പോള്‍ തളര്‍ന്നുപോകരുത്.

ദൈവത്തിലാശ്രയിക്കുക. ദൈവീക കരുതലിന്റെ സ്പര്‍ശം നമുക്ക് അനുഭവപ്പെടാനിടയാകും. നീതിയോടെ, വിശുദ്ധിയോടെ ദൈവത്തിന് പ്രഥമ സ്ഥാനം നല്‍കി ജീവിക്കുന്നവര്‍ക്ക്, കഷ്ടപ്പെടുന്നവര്‍ക്ക്, ആശ്വസവും തണലും കര്‍ത്താവായ യേശുക്രിസ്തു മാത്രമാണ് ഏക ഉത്തരം. യേശു അന്യായത്തെ വെറുക്കുന്നു. അസാന്‍മാര്‍ഗ്ഗികതയെ വെറുക്കുന്നു, ശക്തമായി എതിര്‍ക്കുന്നു.

എല്ലാവരും സമൃദ്ധിയായി ജീവിക്കുവാന്‍ യേശു ആഗ്രഹിക്കുന്നു. ഭൂമിയില്‍ ദൈവവചനം അനുസരിച്ച് വിശ്വസ്തതയോടെ പ്രവര്‍ത്തിക്കുന്നവര്‍ക്ക്, അദ്ധ്വാനിക്കുന്നവര്‍ക്ക് യേശു എന്നും സഹായി ആയിരിക്കും. അതുകൊണ്ടാണ് യേശു ഇപ്രകാരം പറഞ്ഞത് “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായുള്ളോരെ എല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍ ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കും”. (മത്തായി 11:28). ഈ വാക്യം നമുക്കേവര്‍ക്കും പ്രചോദനമാണ്.
പാസ്റ്റര്‍ ഷജി. എസ്.